ETV Bharat / state

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; തന്ത്രിക്ക് നോട്ടിസ്

കട്ടിളപ്പാളികളിൽ പൂശാൻ നൽകിയ സ്വർണം രേഖകളിൽ ചെമ്പാക്കി മാറ്റിയതിലും, ബാക്കി വന്നവ ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയതിലുമുള്ള ദുരൂഹതകളാണ് അന്വേഷിക്കുന്നത്. ഇതിനിടെ പോറ്റിയുടെ മൂന്ന് കോടിയുടെ സ്വത്തുക്കൾ അന്വേഷണസംഘം മരവിപ്പിച്ചു.

എൻ വാസു ഇഡി ചോദ്യം ചെയ്യൽ ശബരിമല സ്വർണ കവർച്ച കേസ് ദേവസ്വം മുൻ പ്രസിഡൻ്റ് വാസു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ കേസ്
എൻ വാസു ഇഡി ഓഫിസിലെത്തിയപ്പോൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : March 4, 2026 at 8:40 AM IST

2 Min Read
Choose ETV Bharat

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡൻ്റ് എൻ വാസുവിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിൻ്റെ മൊഴികളിൽ വ്യക്തതക്കുറവുണ്ടെന്നാണ് വിലയിരുത്തൽ. എൻ വാസുവിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കുക.

ഉണ്ണികൃഷ്ണൻ പോറ്റിയും എൻ വാസുവും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്ഷേത്രത്തിലെ കട്ടിൽ പാളികളിൽ സ്വർണം പൂശിയതിന് ശേഷം സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ബാക്കിവന്ന സ്വർണം ചട്ടപ്രകാരം ദേവസ്വം ബോർഡിനെയാണ് ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ഈ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം കൈവശം വയ്ക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞിട്ടും മുൻ പ്രസിഡൻ്റായ എൻ വാസു എന്തുകൊണ്ട് നിയമനടപടികൾ സ്വീകരിച്ചില്ല എന്നതിലാണ് അന്വേഷണ ഏജൻസിക്ക് ദുരൂഹതയുള്ളത്. ഈ സ്വർണത്തെ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച മുതലായിട്ടാണ് അന്വേഷണ ഏജൻസി കണക്കാക്കുന്നത്. എന്നിട്ടും നടപടി സ്വീകരിക്കാതിരുന്നതിൽ നേരത്തെ കോടതിയും സമാനമായ സംശയം ഉന്നയിച്ചിരുന്നു.

നേരത്തെ പ്രത്യേക അന്വേഷണ സംഘവും ഇതുമായി ബന്ധപ്പെട്ട് എൻ വാസുവിനെതിരെ നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. കട്ടിള പാളികളിൽ സ്വർണം പൂശാനായി കൊണ്ടുപോയപ്പോൾ വാസുവിൻ്റെ നിർദേശപ്രകാരമാണ് രേഖകളിൽ അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. അദ്ദേഹം നൽകിയ കത്ത് അംഗീകരിച്ചാണ് ദേവസ്വം ബോർഡ് ഇത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതെന്നാണ് കണ്ടെത്തൽ. ബാക്കിവന്ന സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചുകൊണ്ടുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇമെയിൽ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഈ വിവരങ്ങളിലൊന്നും തൃപ്തികരമായ മറുപടി നൽകാൻ എൻ വാസുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ നടപടികളിലൂടെ എൻ വാസുവിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്.

തുടർനടപടികളുടെ ഭാഗമായി ഇഡി ഓഫിസിൽ ഹാജരാകാൻ അന്വേഷണ സംഘം തന്ത്രിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായേക്കും. തന്ത്രി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിപ്പിക്കുക. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൂന്ന് കോടിയോളം രൂപയുടെ സ്വത്തുവകകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളിലേക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കടക്കുമെന്നാണ് നിലവിലെ ചോദ്യം ചെയ്യലുകൾ നൽകുന്ന സൂചന.

Also Read:- വയനാട്ടിൽ കാട്ടാനയെ തുരത്താൻ പോയ കർഷകൻ മരിച്ച നിലയിൽ; ആനയുടെ ആക്രമണമെന്ന് സംശയം