ഈ കൈകളിൽ കുരുന്നു ജീവൻ സുരക്ഷിതം; വൈറലായി ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ രക്ഷാദൗത്യം
കോഴിക്കോട് പറമ്പിൽ ബസാറിലെ പറമ്പിൽ ഹെൽത്ത് കെയറിലെ നഴ്‌സായ ഫാത്തിമ ഹനയും മാനേജരായ സൽമാൻ ഷാഹിദും ലാബ് ടെക്‌നീഷ്യൻ ജാസിമും ചേർന്നാണ് ഒൻപത് മാസം പ്രായമായ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്.

Published : February 25, 2026 at 8:31 PM IST
കോഴിക്കോട്: ആശുപത്രികളിലെ അനാസ്ഥകളെ കുറിച്ച് നിരന്തരം വാർത്തകൾ വരുന്ന കാലത്താണ് അപസ്‌മാരം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലെ നഴ്‌സുമാരും അവിടുത്തെ മാനേജറും ലാബ് ടെക്‌നീഷ്യനും ചേർന്നു നടത്തിയ രക്ഷാദൗത്യം ഇപ്പോൾ കയ്യടി നേടുന്നത്.
കോഴിക്കോട് പറമ്പിൽ ബസാറിലെ പറമ്പിൽ ഹെൽത്ത് കെയറിലെ നഴ്‌സായ ഫാത്തിമ ഹനയും മാനേജരായ സൽമാൻ ഷാഹിദും ലാബ് ടെക്‌നീഷ്യൻ ജാസിമും ചേർന്നാണ് ഒൻപത് മാസം പ്രായമായ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം നടന്നത്.
രാത്രി എട്ടുമണിയോടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി പറമ്പിൽ ബസാർ സ്വദേശിനിയായ യുവതി പറമ്പിൽ ഹെൽത്ത് കെയറിലെത്തി. കുഞ്ഞിനെ അവിടത്തെ ഡോക്‌ടർ പരിശോധിച്ചപ്പോൾ തന്നെ കുട്ടിയുടെ നില ഗുരുതരമാണെന്ന് മനസിലാവുകയായിരുന്നു. അപസ്‌മാരം വന്ന നിലയിൽ ഒരു ഭാഗത്തെ ചലനശേഷി നിലച്ച മട്ടിൽയിരുന്നു കുഞ്ഞ് ആശുപത്രിയിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉടൻ തന്നെ കൂടുതൽ ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്‌ടർ നിർദ്ദേശിച്ചു. എന്നാൽ പകച്ചുനിന്ന കുഞ്ഞിൻ്റെ ഉമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് നഴ്‌സ ആയ ഫാത്തിമ്മ ഹന ഡോക്‌ടറിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി. അതിനുശേഷം മാനേജർ സൽമാൻ പരിസരത്തെ ആംബുലൻസുകളെല്ലാം വിളിച്ചു നോക്കി. എന്നാൽ ആംബുലൻസുകളൊക്കെ മറ്റ് ഇടങ്ങളിലേക്ക് ഓട്ടം പോയതായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല തൻ്റെ കാറിൽ കുഞ്ഞുമായി ഓട്ടമായിരുന്നു. നേരെ പോയത് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ. പോകുന്ന വഴിയിൽ കൃത്രിമ ശ്വാസം നൽകിയും മറ്റ് പ്രാഥമിക ചികിത്സ നൽകിയും
ഫാത്തിമ ഹന ഒരു നേഴ്‌സിൻ്റെ യഥാർഥ കരുതൽ കാണിച്ചു. ഇഖ്റ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ കുഞ്ഞിന് ലഭ്യമായി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫാത്തിമ ഹനയും മാനേജർ സൽമാനും ലാബ് ടെക്‌നീഷ്യൻ ജാസിമും തിരികെ പോന്നത്.
''ഒൻപത് മാസമായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാണ് എത്തിയത്. ക്ലീനിക്കിൽ കുഞ്ഞിനെ ചികിത്സിക്കാൻ വേണ്ട സൗകര്യമില്ലായിരുന്നു. അതിനാൽ വേഗംതന്നെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു'' - ഫാത്തിമ ഹന പറയുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഇതോടെ നഴ്‌സായ ഫാത്തിമ ഹനയും മാനേജറും വൈറലാവുകയായിരുന്നു. നിരവധി പേരാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഇവർ ചെയ്‌ത സേവനത്തെ അഭിനന്ദിച്ച് എത്തുന്നത്.

