ETV Bharat / state

സ്വിമ്മിങ്‌ പൂളിലെ പരിചയം വച്ച് ക്ഷേത്ര കുളത്തിലിറങ്ങി; അപകടത്തില്‍പ്പെട്ട് അച്ഛനും മകളും, രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍

ക്ഷേത്ര കുളത്തില്‍ മുങ്ങിത്താഴ്‌ന്ന് അച്ഛനും മകളും. രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍. അപകടത്തില്‍പ്പെട്ടത് ബെംഗളൂരു സ്വദേശികള്‍.

FATHER AND DAUGHTER DROWNING  TEMPLE POND ACCIDENT  KASARGOD  KASARGOD TEMPLE POND ACCIDENT
rural employment guarante Workers Saved Father and Daughter in Temple Pond (ETV Bharat)
author img

By ETV Bharat Kerala Team

Published : January 2, 2026 at 8:56 PM IST

2 Min Read
Choose ETV Bharat

കാസർകോട്: പുതുവർഷത്തിൽ കക്കാട്ട് മഹാ വിഷ്‌ണു ക്ഷേത്രത്തിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും. പായസം കുടിച്ചിട്ട് പോകാമെന്ന് പൂജാരി പറഞ്ഞതോടെ അവരും അത് അനുസരിച്ചു. എന്നാല്‍ പായസത്തിനുള്ള കാത്തിരിപ്പ് രണ്ട് ജീവന്‍ രക്ഷിക്കുന്നതിലേക്ക് നയിക്കുമെന്ന് ഇരുവരും സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല.

ഇരുവരും പായസം കുടിച്ച് സംസാരിച്ച് കൊണ്ടിരിക്കെയാണ് സംഭവം. പെട്ടെന്നാണ് ക്ഷേത്രകുളത്തിൽ ഒരു പെൺകുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെട്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളം ലക്ഷ്യമാക്കി ഓടി. ഈ സമയം കുളത്തിൽ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. ഇന്ദിരേച്ചീ ഓടി വാ... എന്ന് പ്രസീത ഉറക്കെ വിളിച്ച് പറഞ്ഞതോടെ ഇന്ദിരയും ക്ഷേത്രക്കുളത്തിന് അടുത്തേക്ക് പാഞ്ഞെത്തി.

നീന്തൽ നന്നായി അറിയാവുന്ന പ്രസീത കുളത്തിൻ്റെ പടവുകളിലൂടെ വെള്ളത്തിൽ ഇറങ്ങി കുട്ടിയുടെ അടുത്തെത്തി. ആദ്യം പിടിച്ചെങ്കിലും വഴുതിപ്പോയെന്ന് പ്രസീത പറഞ്ഞു. രണ്ടാമത്തെ പിടിയിൽ കുട്ടിയെ മാറോട് ചേർത്ത് പിടിച്ച് കരയിൽ എത്തിച്ചു.

അപകടത്തെ കുറിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടിയുടെ പിതാവ് വെള്ളത്തിൽ നിന്നും അനങ്ങാൻ കഴിയാതെ വന്നതോടെ ഇരുവരും ബഹളം വയ്‌ക്കാന്‍ തുടങ്ങി. ക്ഷേത്രക്കുളത്തിലെ ബഹളം കേട്ട് ചന്ദ്ര ശേഖരന്‍ ഓടിയെത്തി. ഇന്ദിരയും ചന്ദ്ര ശേഖരനും സമീപത്ത് ഉണ്ടായിരുന്ന ഓല പിടിക്കാൻ കൊടുത്തു. അതിൽ പിടിച്ച് പിതാവും ജീവിതത്തിലേക്ക് തിരിച്ചു കയറി.

"ഞാന്‍ ഓടി വരികയായിരുന്നു. ആദ്യം ഓല ഇട്ട് കൊടുത്തെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ പറ്റിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് കുഞ്ഞിൻ്റെ മുടിക്ക് പിടിച്ച് കരയ്ക്ക് അടുപ്പിച്ചത്. കുട്ടി അപ്പോഴേക്കും അബോധാവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവിനെ രക്ഷിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല. ചന്ദ്രേട്ടനും എത്തിയതോടെയാണ് രക്ഷിക്കാന്‍ പറ്റിയത്. കക്കാട്ട് അപ്പന്‍ തന്ന ധൈര്യത്തിലാണ് ഞാൻ ഇതൊക്കെ ചെയ്‌തത്" പ്രസീദ കൂട്ടിച്ചേര്‍ത്തു.

പെൺകുട്ടി തന്നെ ചേർത്ത് പിടിച്ച് തൊഴുതപ്പോൾ തൻ്റെ കണ്ണ് നിറഞ്ഞ് പോയെന്ന് പ്രസീത പറഞ്ഞു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ദിരയും സഹായത്തിന് ഉണ്ടായിരുന്നു.

ബെംഗളൂരുവിൽ നിന്നും അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അച്ഛനും പന്ത്രണ്ട് വയസുകാരി മകളും. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ കൂടെ നാട്ടിലെ കുടുംബങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ട് വയസുകാരി സ്വിമ്മി പൂളിൽ കുളിക്കുന്ന പരിചയം വച്ച് കുളത്തിൽ ഇറങ്ങി. വലിയ കുളം ആയതിനാൽ മുങ്ങിപ്പോകുകയായിരുന്നു. ഇത് കണ്ട പെൺകുട്ടിയുടെ പിതാവ് വെള്ളത്തിലേക്ക് എടുത്തു ചാടി.

എന്നാൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെ ഉള്ളവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ സമയത്താണ് തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും പ്രാർഥിക്കാൻ ക്ഷേത്രത്തിൽ എത്തുന്നത്. പ്രാർഥന കഴിഞ്ഞപ്പോൾ പായസം എത്തി. പായസം കുടിക്കുന്നതിനു ഇതിനിടയിലാണ് പ്രസീത മുങ്ങി താഴുന്ന കുട്ടിയെ കാണുന്നത്.

ഒരുപക്ഷെ പ്രസീതയും സവിതയും അവിടെ എത്തിയില്ലെങ്കിൽ ദുരന്ത വാർത്തയാകും പുതുവത്സര ദിനത്തിൽ നാടിനെ തേടി എത്തിയിട്ടുണ്ടാകുക. രണ്ട് ജീവൻ രക്ഷിച്ചതോടെ മൂന്നുപേരും നാട്ടിലെ താരങ്ങളായി.

Also Read:സ്വര്‍ണത്തില്‍ തീര്‍ത്ത കിരീടത്തില്‍ തിളങ്ങുന്ന വജ്രങ്ങള്‍; വില 80 ലക്ഷം, സായി ബാബയ്‌ക്ക് ഭക്തന്‍റെ സമ്മാനം