ETV Bharat / state

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

2025-26 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 8.46 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വിഹിതം ശീതീകരിച്ച ചെമ്മീനാണ്.

FROZEN SHRIMP EXPORTS KERALA  SEAFOOD EXPORTS REPORT  MARINE PRODUCT EXPORT  INDIAN SEAFOOD RECORD GROWTH
പി ജവഹർ ഐഎഎസ് സംസാരിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : June 1, 2026 at 7:41 PM IST

4 Min Read
Choose ETV Bharat

എറണാകുളം: അന്താരാഷ്ട്ര വിപണിയിലെ വിവിധ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിൻ്റെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ 8.46 ബില്യൺ യുഎസ് ഡോളർ (ഏകദേശം 73,890.46 കോടി രൂപ) വരുമാനം കൈവരിച്ചു. ആകെ 19,72,018 മെട്രിക് ടൺ സമുദ്രോത്പന്നങ്ങളാണ് ഇക്കാലയളവിൽ രാജ്യം കയറ്റി അയച്ചത്. അളവിലും മൂല്യത്തിലും ഇന്ത്യ കൈവരിക്കുന്ന എക്കാലത്തെയും ഉയർന്ന നിരക്കാണിതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ പി ജവഹർ ഐഎഎസ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എംപിഇഡിഎ ഡയറക്ടർ ഡോ. എം.കെ. രാം മോഹൻ ഇടിവി ഭാരതിനോട് (ETV Bharat)

കയറ്റുമതി ചെയ്‌ത ഉത്പന്നങ്ങളിൽ അളവിലും വരുമാനത്തിലും ശീതീകരിച്ച ചെമ്മീൻ തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. വിദേശ വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി അമേരിക്കയും ചൈനയും തുടരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിശാഖപട്ടണം, മഹാരാഷ്ട്രയിലെ ജെഎൻപിടി, കൊച്ചി എന്നിവയാണ് സമുദ്രോത്പന്ന ചരക്കുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്‌ത മുൻനിര തുറമുഖങ്ങൾ.

ചെമ്മീൻ കയറ്റുമതിയിൽ വൻ കുതിപ്പ്

ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയുടെ സിംഹഭാഗവും കൈയാളുന്നത് ശീതീകരിച്ച ചെമ്മീൻ വിഭാഗമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 7,92,647 മെട്രിക് ടൺ ചെമ്മീൻ കയറ്റി അയച്ചതിലൂടെ 5,624.48 മില്യൺ ഡോളർ (49,037.93 കോടി രൂപ) വരുമാനമാണ് ലഭിച്ചത്. ഇത് രാജ്യത്തിൻ്റെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി അളവിൻ്റെ 40.19 ശതമാനവും ആകെ ഡോളർ വരുമാനത്തിൻ്റെ 66.52 ശതമാനവുമാണ്. രൂപയുടെ മൂല്യത്തിൽ 13.16 ശതമാനവും ഡോളറിൻ്റെ മൂല്യത്തിൽ 8.64 ശതമാനവും വർധനവാണ് ചെമ്മീൻ കയറ്റുമതിയിൽ മാത്രമുണ്ടായത്.

FROZEN SHRIMP EXPORTS KERALA  SEAFOOD EXPORTS REPORT  MARINE PRODUCT EXPORT  INDIAN SEAFOOD RECORD GROWTH
സമുദ്രോത്പന്ന കയറ്റുമതി - 2025 -26 ഉത്‌പന്ന അടിസ്ഥാനത്തിലുള്ള വിശകലനം (ETV Bharat)

എൽ വനാമി, ബ്ലാക്ക് ടൈഗർ ഇനത്തിൽപ്പെട്ട ചെമ്മീനുകളുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കയറ്റുമതി ചെയ്‌ത ശീതീകരിച്ച ചെമ്മീനിൽ 2,56,128 മെട്രിക് ടണ്ണും വാങ്ങിയത് അമേരിക്കയാണ്. ചൈന (1,69,505 മെട്രിക് ടൺ), യൂറോപ്യൻ യൂണിയൻ (1,35,599 മെട്രിക് ടൺ), തെക്കുകിഴക്കൻ ഏഷ്യ (83,810 മെട്രിക് ടൺ), ജപ്പാൻ (40,776 മെട്രിക് ടൺ), മിഡിൽ ഈസ്റ്റ് (30,478 മെട്രിക് ടൺ) എന്നിവയാണ് മറ്റ് പ്രധാന വിപണികൾ.

മറ്റ് സമുദ്രോത്പന്നങ്ങളുടെ പ്രകടനം

FROZEN SHRIMP EXPORTS KERALA  SEAFOOD EXPORTS REPORT  MARINE PRODUCT EXPORT  INDIAN SEAFOOD RECORD GROWTH
പ്രധാന കയറ്റുമതി വിഭവങ്ങൾ 2025-26 (ETV Bharat)

കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ (643.70 മില്യൺ ഡോളർ) വരുമാനം നേടി. മൂന്നാം സ്ഥാനത്തുള്ള ഉണക്കിയ മത്സ്യങ്ങളുടെ (Dried Items) കയറ്റുമതിയാണ് ഏറ്റവും വലിയ പോസിറ്റീവ് പ്രവണത കാണിച്ചത്. മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ 78.05 ശതമാനത്തിൻ്റെ വൻ വളർച്ചയോടെ 5,079.09 കോടി രൂപ (577.44 മില്യൺ ഡോളർ) വരുമാനം നേടാൻ ഈ മേഖലയ്ക്ക് സാധിച്ചു.

FROZEN SHRIMP EXPORTS KERALA  SEAFOOD EXPORTS REPORT  MARINE PRODUCT EXPORT  INDIAN SEAFOOD RECORD GROWTH
Export Performance of marine products (ETV Bharat)

ഇവയ്ക്ക് പുറമെ, ശീതീകരിച്ച കൂന്തള്‍ (Frozen Squid) കയറ്റുമതിയിലൂടെ 1,02,060 മെട്രിക് ടണ്ണിൽ നിന്ന് 4,493.80 കോടി രൂപ (513.84 മില്യൺ ഡോളർ) രാജ്യത്തിന് ലഭിച്ചു. ശീതീകരിച്ച കണവ കയറ്റുമതിയും മികച്ച വളർച്ച രേഖപ്പെടുത്തി. അളവിൽ 13.32 ശതമാനവും ഡോളർ മൂല്യത്തിൽ 16.25 ശതമാനവും വർധനവോടെ 67,157 മെട്രിക് ടൺ കണവ കയറ്റി അയച്ചതിലൂടെ 331.96 മില്യൺ ഡോളർ വരുമാനമുണ്ടായി. ഐസിൽ സൂക്ഷിച്ച മത്സ്യ ഇനങ്ങൾ 622.31 കോടി രൂപയും (71.27 മില്യൺ ഡോളർ), ജീവനുള്ള സമുദ്രോത്പന്നങ്ങൾ 11.46 ശതമാനം വളർച്ചയോടെ 62.43 മില്യൺ ഡോളറും വരുമാനം നേടി.

വിദേശ വിപണികളിലെ വിഹിതം

മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി അമേരിക്ക തുടരുകയാണ്. 2,79,193 മെട്രിക് ടൺ ഉത്പന്നങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്‌തത്. ഇതിൻ്റെ ആകെ മൂല്യം 2,328.74 മില്യൺ ഡോളറാണ് (20,263.27 കോടി രൂപ). എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് യുഎസിലേക്കുള്ള കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രൂപയുടെ മൂല്യത്തിൽ 10.82 ശതമാനവും, ഡോളറിൽ 14.22 ശതമാനവും അളവിൽ 19.51 ശതമാനവും കുറവാണ് യുഎസ് വിപണിയിലുണ്ടായത്.

FROZEN SHRIMP EXPORTS KERALA  SEAFOOD EXPORTS REPORT  MARINE PRODUCT EXPORT  INDIAN SEAFOOD RECORD GROWTH
Market wise export 2025-26 (ETV Bharat)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സമുദ്രോത്പന്നങ്ങളിൽ 93.55 ശതമാനവും ശീതീകരിച്ച ചെമ്മീൻ തന്നെയാണ്. അതേസമയം, കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അളവിൻ്റെ കാര്യത്തിൽ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായി മാറിയത്. ആകെ 4,90,369 മെട്രിക് ടൺ സമുദ്രോത്പന്നങ്ങളാണ് ചൈന ഇന്ത്യയിൽ നിന്ന് വാങ്ങിയത്. ഇതിൻ്റെ മൂല്യം 1,611.32 മില്യൺ ഡോളറാണ്.

മറ്റ് പ്രമുഖ രാജ്യങ്ങളുടെ ഇറക്കുമതി വിവരങ്ങൾ

യൂറോപ്യൻ യൂണിയൻ - 2,97,518 മെട്രിക് ടൺ (മൂല്യം: 1,592.09 മില്യൺ ഡോളർ) - മൂന്നാം സ്ഥാനം.

തെക്കുകിഴക്കൻ ഏഷ്യ - 4,51,756 മെട്രിക് ടൺ (മൂല്യം: 1,348.97 മില്യൺ ഡോളർ) - നാലാം സ്ഥാനം.

ജപ്പാൻ - 1,05,228 മെട്രിക് ടൺ (മൂല്യം: 452.91 മില്യൺ ഡോളർ) - അഞ്ചാം സ്ഥാനം.

മിഡിൽ ഈസ്റ്റ് - 76,743 മെട്രിക് ടൺ (മൂല്യം: 283 മില്യൺ ഡോളർ) - ആറാം സ്ഥാനം.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സമുദ്രോത്പന്ന മേഖല കൈവരിച്ച ഈ മുന്നേറ്റം രാജ്യത്തെ മത്സ്യബന്ധന-കയറ്റുമതി മേഖലയ്ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് സമുദ്ര കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ഡയറക്‌ടർ ഡോ എം കെ രാം മോഹൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. തിരിച്ചടികൾ മുന്നിൽ കണ്ട് പുതിയ മാർക്കറ്റുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ കയറ്റുമതി രംഗത്തുള്ള കമ്പനികൾ നടത്തുകയായിരുന്നു. പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ ഉപയോഗപ്പെടുത്താനും നമുക്ക് കഴിയുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യൂറോപ്യൻ യൂണിയൻ , ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് നമ്മുടെ മാർക്കറ്റ് വിപുലീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് സമുദ്രോത്പന്ന കയറ്റുമതിയിൽ പതിനാല് ശതമാനത്തോളം വർധനവ് സാധ്യമായത് ഇത് കൊണ്ടാണെന്നും ഡോ എം കെ രാം മോഹൻ ചൂണ്ടിക്കാണിച്ചു.
125 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്‌തത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷം ആ മേഖലയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

അമേരിക്കയിലേക്കുള്ള 36 ശതമാനം കയറ്റുമതി 27 ശതമാനമായാണ് കുറഞ്ഞതെന്നും ഡോ എം കെ രാം മോഹൻ പറഞ്ഞു. സംസ്ഥാനങ്ങളിൽ കയറ്റുമതി രംഗത്ത് ആന്ധ്രപ്രദേശ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മൂല്യവർധിത ഉത്‌പന്ന കയറ്റുമതി പതിനഞ്ച് ശതമാനമായി ഉയർന്നിട്ടുണ്ട്. കേരളത്തിന് മൂല്യവർധിത ഉത്‌പന്നങ്ങളുടെ വിപുലീകരണത്തിലൂടെ കയറ്റുമതി മേഖലയിൽ കൂടുതൽ വളരാൻ കഴിയും. നടപ്പ് വർഷത്തിൽ 12 ശതമാനം വളർച്ചയാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ലക്ഷ്യമിടുന്നത്.

Also Read: ചരിത്രത്തിലാദ്യം; ഭീകരതയുടെ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി കശ്മീരിൽ കടന്നുപോയത് ചോരവീഴാത്ത മെയ് മാസം