പച്ചിലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന 'പറക്കും വിസ്മയം'; കര്‍ഷകന്‍റെ വീട്ടുമുറ്റത്ത് അപൂർവ അതിഥി
പച്ചിലയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ തവളയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. ശത്രുക്കളിൽനിന്ന് രക്ഷതേടാൻ പ്രകൃതിയൊരുക്കിയ സംരക്ഷണം കൂടിയാണ് ഇവയുടെ പച്ചിലകൾക്ക് സമാനമായ നിറം.

Published : January 9, 2026 at 6:21 PM IST
എറണാകുളം: കൂത്താട്ടുകുളത്തെ കർഷകന്‍റെ വീട്ടുമുറ്റത്ത് അപൂർവ അതിഥിയെത്തി. പശ്ചിമഘട്ട മേഖലകളിൽ മാത്രം കണ്ടുവരുന്ന പച്ചിലപ്പാറൻ തവളയെ (Malabar Gliding Frog) ആണ് കൂത്താട്ടുകുളത്തെ കർഷകൻ ഡയസിന്‍റെ വീട്ടിലെ തോട്ടത്തിൽ കണ്ടെത്തിയത്. ബഹുവർണത്തിലുള്ള ഈ അപൂർവ ഇനം തവളയെ കണ്ടതോടെ ഡയസ് തന്നെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി.
പച്ചിലയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ തവളയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. ശത്രുക്കളിൽനിന്ന് രക്ഷതേടാൻ പ്രകൃതിയൊരുക്കിയ സംരക്ഷണം കൂടിയാണ് ഇവയുടെ പച്ചിലകൾക്ക് സമാനമായ നിറം. വംശനാശഭീഷണി നേരിടുന്ന ഈ പറക്കും തവള ഐ.യു.സി.എൻ (IUCN) റെഡ് ഡാറ്റാ പുസ്തകത്തിലും ഇടംപിടിച്ചിട്ടുണ്ട്.

സാധാരണയായി പശ്ചിമഘട്ട മഴക്കാടുകളിലും അതിനോട് ചേർന്നുള്ള നിത്യഹരിത വനങ്ങളിലുമാണ് ഇവയെ കാണാറുള്ളതെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. ഖലീൽ ചൊവ്വ ഇ ടിവി ഭാരതിനോട് പറഞ്ഞു.

അതിവേഗം ചാടി സഞ്ചരിക്കുന്നതിനാലാണ് ഇവയെ 'പറക്കും തവള' എന്ന് വിശേഷിപ്പിക്കുന്നത്. ഇളിത്തേമ്പൻ, പച്ചിലപ്പാറൻ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
അധികസമയവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നതാണ് ഇവയുടെ രീതി. ശരീരത്തിന്‍റെ പുറംഭാഗം കടുത്ത പച്ചനിറവും അടിഭാഗം ഇളം മഞ്ഞനിറവുമാണ്. വളരെ മെലിഞ്ഞ ശരീരവും കാലുകളുടെ പ്രത്യേകതയുമാണ് മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് 'ഒഴുകി' സഞ്ചരിക്കാൻ ഇവയെ സഹായിക്കുന്നത്.

മെലിഞ്ഞ കൈകാലുകളും ചെറിയ വിരലുകളുമാണ് ഇവയ്ക്കുള്ളത്. വലിയ കണ്ണുകൾ ഈ തവളകളുടെ പ്രത്യേക ആകർഷണമാണ്. വിടർത്തിയ വിരലുകൾക്കിടയിൽ കടുംചുവപ്പ് നിറത്തിലുള്ള നേർത്ത പാടകളുണ്ട്. വൃക്ഷങ്ങളിൽ പിടിച്ചിരിക്കാനും ഉയരങ്ങളിലേക്ക് പിടിച്ചുകയറാനും വിരലുകളുടെ അറ്റത്തുള്ള വൃത്താകൃതിയിലുള്ള പരന്ന പ്രതലം ഇവയെ സഹായിക്കുന്നു.

റാക്കോഫോറസ് മലബാറിക്കസ് (Rhacophorus malabaricus) എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. കാലുകളിലെ വിരലുകൾക്കിടയിലുള്ള ചുവന്ന നിറത്തോടു കൂടിയ പാട തന്നെയാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. വളരെ ഉയരത്തിൽ ചാടാൻ കഴിവുള്ള ഇവ മരങ്ങളുടെ മുകളറ്റം വരെ അനായാസേന കയറിപ്പറ്റും.

മഴക്കാലത്തിന് തൊട്ടുമുമ്പാണ് ഇവയുടെ പ്രജനനകാലം. ആൺ തവളകൾ ഇണകളെ ആകർഷിക്കാൻ ഉറക്കെ ശബ്ദമുണ്ടാക്കുന്നു. സാധാരണ തവളകൾ വെള്ളത്തിലാണ് മുട്ടയിടാറുള്ളതെങ്കിലും, ഇവ ഇലക്കൂട്ടങ്ങൾക്കിടയിലോ പാറയിടുക്കുകളിലോ ആണ് മുട്ടയിടുന്നത്.

പെൺതവളകൾ സ്വന്തം ശരീരത്തിൽനിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിനുള്ളിലാണ് മുട്ടകൾ സംരക്ഷിക്കുന്നത്. മഴ ശക്തിപ്രാപിക്കുമ്പോൾ മഴവെള്ളത്തോടൊപ്പം ഒഴുകി ജലാശയങ്ങളിലെത്തുന്ന മുട്ടകൾ വിരിഞ്ഞാണ് കുഞ്ഞുങ്ങളുണ്ടാകുന്നത്. ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശമാണ് ഈ പറക്കും തവളകളെ വംശനാശഭീഷണിയിലേക്ക് നയിക്കുന്നത്.
Also Read: ആറളം വന്യജീവി സങ്കേതം ഇനി ‘ആറളം ചിത്രശലഭ സങ്കേതം; കേരളത്തിലെ ചിത്രശലഭങ്ങളുടെ 82 ശതമാനവും ഇവിടെ

