ETV Bharat / state

കേരളത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്ന വൃക്ഷം! കാളിയമർദനത്തിൽ കരിഞ്ഞുണങ്ങാത്ത കദംബ വൃക്ഷം; ക്ഷേത്ര മുറ്റത്തെ പ്രണയാർദ്രമാക്കി കടമ്പ് മരം പൂവിട്ടു

കണ്ണൂരിലെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്താണ് കദംബം പൂത്തുലഞ്ഞിരിക്കുന്നത്. കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഈ വൃക്ഷം വടക്കേ ഇന്ത്യയിൽ കണ്ട് വരുന്നതാണ്.

KADAMB  KADAMBAM FLOWERS  KADAMB TREE IN KERALA  SPECIALITIES OF KADAMBAM FLOWERS
പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് പൂവിട്ട കദംബം (ETV Bharat)
author img

By ETV Bharat Kerala Team

Published : July 8, 2026 at 12:19 PM IST

2 Min Read
Choose ETV Bharat

കണ്ണൂർ: ഒറ്റനോട്ടത്തിൽ കൊറോണ വൈറസിനെ ഓർമിപ്പിക്കുമെങ്കിലും ചുറ്റും പരത്തുന്നത് പ്രണയാർദ്രമായ സുഗന്ധമാണ്. പുരാണങ്ങളിൽ ശ്രീകൃഷ്ണൻ്റെ ഓടക്കുഴൽ നാദത്തിന് സാക്ഷിയായ, കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന സാക്ഷാൽ കദംബം പൂത്തുലഞ്ഞതിൻ്റെ വിസ്മയത്തിലാണ് നാട്. പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമുറ്റത്ത് ഭക്തർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ കൗതുകമൊരുക്കി മഞ്ഞക്കടമ്പ് വസന്തം തീർത്തിരിക്കുകയാണ്.

വടക്കേ ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന ഈ വൃക്ഷം കേരളത്തിൽ വളരെ അപൂർവമാണ്. പുഴയോരങ്ങളിൽ സാധാരണയായി വളരുന്ന കടമ്പ് വിശ്വാസങ്ങളുടെ ഭാഗമായി ഇപ്പോൾ ക്ഷേത്രപരിസരങ്ങളിലും നട്ടുവളർത്തുന്നുണ്ട്. ഇലപൊഴിക്കുന്ന സസ്യവിഭാഗത്തിൽപ്പെടുന്ന ഇവ വേനൽക്കാലത്ത് പൂർണമായും ഇലപൊഴിക്കുകയും വർഷകാലത്ത് പൂക്കുകയും ചെയ്യും. വെള്ളക്കടമ്പ്, മഞ്ഞക്കടമ്പ് എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. ഇതിൽ ആറ്റുവക്കുകളിൽ കൂടുതലായി കാണപ്പെടുന്നത് വെള്ളക്കടമ്പാണ്. പയ്യന്നൂർ ക്ഷേത്രമുറ്റത്ത് ഇപ്പോൾ വിരിഞ്ഞുനിൽക്കുന്നത് മഞ്ഞക്കടമ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ പത്മനാഭൻ മാസ്റ്റർ വ്യക്തമാക്കി.

ക്ഷേത്ര പരിസരത്ത് പൂത്തുലഞ്ഞ് കദംബം (ETV Bharat)

ടെന്നിസ് ബോൾ ട്രീ
ഗോളാകൃതിയിലുള്ള പൂക്കൾക്ക് വെള്ള കലർന്ന മഞ്ഞ നിറമാണുള്ളത്. ഒറ്റനോട്ടത്തിൽ ചെറിയ പന്തുകൾ തൂക്കിയിട്ടതുപോലെ തോന്നുന്ന മൊട്ടുകൾ മാസങ്ങളോളം മരത്തിലുണ്ടാകും. മഴ പെയ്യുന്നതോടെ ഇവ പൊടുന്നനെ പൂക്കും. പൂവിൻ്റെ രൂപവും മണവും നിറവുമെല്ലാം ഏറെ ആകർഷകമായതിനാൽ കവികൾ ഈ സസ്യത്തെ പ്രണയത്തിൻ്റെ പ്രതീകമായാണ് വർണിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ വിടരുകയും അതേ വേഗതയിൽ കൊഴിയുകയും ചെയ്യുന്നതാണ് ഇതിൻ്റെ പ്രകൃതം. പൂക്കൾക്ക് ടെന്നിസ് ബോളിൻ്റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും ഇതിന് പേരുണ്ട്. പക്ഷികളെയും പ്രാണികളെയും ആകർഷിക്കുന്ന പ്രത്യേക സുഗന്ധവും ഈ പൂക്കൾക്കുണ്ട്. നിയോ ലാമാർക്കിയ കടംബ എന്നാണ് ഇതിൻ്റെ ശാസ്ത്രീയ നാമം.

പുരാണങ്ങളിലെ സാന്നിധ്യം
ഉത്തരേന്ത്യയിൽ കൃഷ്ണലീലകളുമായാണ് കദംബം ബന്ധപ്പെട്ടുകിടക്കുന്നതെങ്കിൽ ദക്ഷിണേന്ത്യയിൽ ഇത് പാർവതീ വൃക്ഷമായാണ് അറിയപ്പെടുന്നത്. കദംബ വൃക്ഷച്ചുവട്ടിലിരുന്ന് ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണൻ്റെ ചിത്രം ഏറെ പ്രസിദ്ധമാണ്. മഹാഭാരതത്തിൽ യമുനാ നദിയോട് ചേർന്നുനിന്ന കദംബ വൃക്ഷത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. കാളിയൻ എന്ന ഉഗ്രവിഷമുള്ള സർപ്പത്തിൻ്റെ സാന്നിധ്യത്താൽ വൃന്ദാവനത്തിലെ മരങ്ങളെല്ലാം കരിഞ്ഞുണങ്ങിയപ്പോഴും യമുനാതീരത്തെ കടമ്പ് മാത്രം ഉണങ്ങിയില്ല. ദേവലോകത്തുനിന്ന് അമൃതുമായി വന്ന ഗരുഡൻ ഈ മരത്തിൽ വിശ്രമിച്ചെന്നും അന്ന് ഇറ്റുവീണ അമൃതിൻ്റെ അംശമാണ് മരത്തെ സംരക്ഷിച്ചതെന്നുമാണ് വിശ്വാസം. ഈ മരത്തിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയിലേക്ക് ചാടിയതെന്നും പുരാണങ്ങൾ പറയുന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പൂജകൾക്കായി ഇതിൻ്റെ പൂക്കൾ പ്രധാനമായും ഉപയോഗിക്കുന്നുണ്ട്.

ഔഷധഗുണങ്ങൾ
സൗന്ദര്യത്തിനും വിശ്വാസത്തിനും അപ്പുറം മികച്ച ഔഷധഗുണങ്ങളുള്ള സസ്യം കൂടിയാണിത്. കദംബത്തിൻ്റെ ഇലയും തൊലിയും ആയുർവേദ ചികിത്സകളിൽ വ്യാപകമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുറിവുകൾ വേഗത്തിൽ ഉണക്കാനും അപസ്മാര ചികിത്സയ്ക്കും ഇവ ഫലപ്രദമാണ്. കൂടാതെ ശിൽപങ്ങൾ നിർമിക്കുന്നതിനായി ഉത്തരേന്ത്യയിൽ കദംബത്തിൻ്റെ തടി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

Also read:കോടമഞ്ഞിൻ കുളിരും പച്ചപ്പ് നിറഞ്ഞ മലനിരകളും; സഞ്ചാരികളെ മാടിവിളിച്ച് ഏലപ്പീടിക