മാനസിക വെല്ലുവിളി നേരിട്ടിരുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പേരാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സമയത്താണ് പ്രതികൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്‌തതെന്നാണ് കണ്ടെത്തൽ.

Published : July 3, 2026 at 8:14 PM IST
കാസർകോട് : പതിനേഴുകാരിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. പനയാൽ കൂട്ടുപ്പുന്ന കുറുക്കൻ കുന്നിലെ ഡ്രൈവർ നൗഷാദ് (29), പെരുമ്പളയിലെ ശരീഫ് (40), പച്ചക്കറി കട ജീവനക്കാരനായ കോട്ടിക്കുളത്തെ സാലിഖ് (29) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് പേർ
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പേരാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സമയത്താണ് പ്രതികൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്‌തതെന്നാണ് കണ്ടെത്തൽ.
കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിയിയുടെ അടിസ്ഥാനത്തിൽ അഞ്ച് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
കേസിലെ ശേഷിക്കുന്ന രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ നടപടികൾ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ചികിത്സയിലൂടെ പെൺകുട്ടിയുടെ മാനസികാരോഗ്യനില പൂർണ്ണമായും ഭേദമായിട്ടുണ്ട്.
പെരുകി വരുന്ന പോക്‌സോ കേസുകൾ
രാജ്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾ അനുദിനം പെരുകി വരികയാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ 2012 ൽ നിലവിൽ വന്ന നിയമമാണ് പോക്‌സോ (Protection of Children from Sexual Offences).
രാജ്യത്തിൻ്റെ പല ഭാഗത്തുമായി ഒരുപാട് പോക്‌സോ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(NCRB ) യുടെ കണക്ക് പ്രകാരം 2024ൽ രാജ്യത്ത് 69,000-ത്തിലധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2020ൽ 47,221 കേസുകളും റിപ്പോർട്ട് ചെയ്‌തു. ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൻ്റെ (NJDG) കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയിലാകെ 80,320 പുതിയ പോക്‌സോ (POCSO) കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
Also read:കാഫിർ സ്ക്രീന്‍ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

