തെക്കു-പടിഞ്ഞാറൻ മൺസൂൺ പിന്‍വാങ്ങി, തുലാവർഷം എത്തി; കേരളത്തില്‍ മഴ കനക്കും
ഇന്ത്യയുടെ തെക്കൻ ഉപദ്വീപിലും, തെക്ക്, അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും കിഴക്കൻ/വടക്കുകിഴക്കൻ കാറ്റ് വീശുന്നതായും നിരീക്ഷകർ പറഞ്ഞു.

Published : October 16, 2025 at 2:25 PM IST
കാസർകോട്: തെക്കു-പടിഞ്ഞാറൻ മൺസൂൺ ഇന്ന് രാജ്യത്ത് നിന്നും പിൻവാങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം, കേരളത്തിൽ അടക്കം തുലാവർഷമെത്തി. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം-മാഹി എന്നിവിടങ്ങളിൽ വടക്കു-കിഴക്കൻ (തുലാവർഷം) മൺസൂൺ മഴ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയുടെ തെക്കൻ ഉപദ്വീപിലും, തെക്ക്, അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും കിഴക്കൻ/വടക്കുകിഴക്കൻ കാറ്റ് വീശുന്നതായും നിരീക്ഷകർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ആന്ധ്രാപ്രദേശിൻ്റെ തെക്കൻ തീരദേശ മേഖലയിലും കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. ഇതേ കാലയളവിൽ കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ മഴ പെയ്‌തു. അതേസമയം മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് ഇടുക്കി, കോട്ടയം ജില്ലകളിൽ അതി ശക്തമായ മഴയും മലപ്പുറം മുതൽ തിരുവനന്തപുരം വരെ ശക്തമായ മഴയും തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, തൃശ്ശൂർ, എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലർട്ടും മുന്നറിയിപ്പുമാണുള്ളത്.
17.10.2025-ഓറഞ്ച് അലർട്ട്- എറണാകുളം
17.10.2025- മഞ്ഞ അലർട്ട്- തൃശ്ശൂർ, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം

മഞ്ഞ അലർട്ട്
- 16/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം
- 17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ
- 18/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
- 19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട്
- 20/10/2025: വയനാട്, കണ്ണൂർ
എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അറബിക്കടലിനു മുകളിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത ദിവസം ന്യൂനമർദമായി മാറും. മധ്യ-തെക്കൻ ജില്ലകളിൽ ആണ് തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. തുടർച്ചയായി ഉണ്ടായ ചക്രവാതിച്ചുഴി കാരണം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചിരുന്നു.
ഒന്നിന് പിറകെ ഒന്നായി ചക്രവാതച്ചുഴി രൂപപ്പെടുകയും പെട്ടെന്ന് ദുർബലമാകുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെയാണ് തുലാവർഷം എത്തിയത്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും മഴ ലഭിച്ച തെക്കു പടിഞ്ഞാറൻ കാലവർഷം ആണ് കഴിഞ്ഞു പോയത്.
മികച്ച തുലാമഴ കൂടി ലഭിച്ചാൽ ജല സമ്പത്ത് കൂടും. ഒപ്പം കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
112% തുലാ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിൻ്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും എപ്പോഴും മഴ ഉണ്ടാകുക. വൈകുന്നേരങ്ങളില്‍ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ ആണ് തുലാവർഷം.
കാലവർഷം തെക്കു പടിഞ്ഞാറൻ മൺസൂൺ ആണെങ്കിൽ തുലാവർഷം വടക്കു കിഴക്കൻ മൺസൂൺ ആണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക. കേരളത്തിൻ്റെ കാലാവസ്ഥയില്‍ തുലാമഴയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന വേനല്‍ക്കാലത്തെ വരള്‍ച്ചയും ജലക്ഷാമവും പരിമിതപ്പെടുത്താന്‍ തുലാമഴയുടെ സുലഭമായ ലഭ്യതകൊണ്ട് സാധിക്കും.
Also Read:തുലാവർഷം വരുന്നു ; ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

