ETV Bharat / state

ഓണത്തിരക്ക്: 180 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി, അധിക യാത്രക്കാർ 2.46 ലക്ഷം

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ അധിക പ്രത്യേക സർവീസുകൾ റെയിൽവേ നടത്തിയത് ഈ വർഷമാണ്.

SPECIAL TRAINS EXTRA PASSENGERS  INDIAN RAILWAY  RAILWAY SPECIAL TRAINS  ONAM SEASON RAILWAY SPECIAL TRAINS
Representational Image (IANS)
author img

By PTI

Published : September 2, 2026 at 6:12 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ഈ വർഷത്തെ ഓണം സീസണിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ 180 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയതായും 2,45,823 അധിക യാത്രക്കാർ ട്രെയിനിൽ സഞ്ചരിച്ചതായും റെയിൽവേ വ്യക്തമാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ അധിക പ്രത്യേക സർവീസുകൾ റെയിൽവേ നടത്തിയത് ഈ വർഷമാണ്.

ഈ വർഷം ഓഗസ്റ്റിൽ റെക്കോർഡ് എണ്ണത്തിൽ അധിക പ്രത്യേക സർവീസുകൾ നടത്തിയിട്ടും, ഈ ഡിവിഷൻ 94.67 ശതമാനം സമയകൃത്യത കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 91 ശതമാനം ആയിരുന്നു. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഉത്സവ സീസണിലുടനീളം സമയനിഷ്‌ഠ പാലിക്കാൻ സൂക്ഷ്‌മ നിരീക്ഷണം നടത്തിയതായി റെയിൽവേ അധികൃതർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രത്യേക ട്രെയിനുകളിൽ ശുചിത്വം പാലിക്കുക എന്നത് തിരക്കിനിടയിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു. അതേസമയം തീവണ്ടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ ശുചീകരണ സംഘങ്ങളെയും വിഭവങ്ങളെയും റെയിൽവേ വിന്യസിച്ചിരുന്നു, ശുചീകരണ പ്രവർത്തനങ്ങൾ റെയിൽവേ സൂക്ഷ്‌മമായി നിരീക്ഷിച്ചു.

"ഈ വർഷം വളരെ നേരത്തെ തന്നെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചതായും ഉത്സവാനന്തര ഗതാഗതവും കൈകാര്യം ചെയ്യാൻ ഇവ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും" ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഉത്സവ സീസണിൽ യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാൻ സഹായിക്കുന്ന പ്രത്യേക ട്രെയിനുകളെയും അധിക കോച്ചുകളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് മാധ്യമങ്ങളോട് റെയിൽവേ നന്ദി പറഞ്ഞു.

ഉത്സവ ക്രമീകരണങ്ങളുടെ ഭാഗമായി, 11 പ്രധാന സ്റ്റേഷനുകളിൽ 34 താൽക്കാലിക സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു. പുസ്‌തകങ്ങൾ, കരകൗശല വസ്‌തുക്കൾ, വറുത്തകായ, പായസം, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരമ്പരാഗത കേരള ഉൽപ്പന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്.

യാത്രക്കാർക്ക് സൗകര്യപ്രദമായരീതിയിൽ ഷോപ്പിങ് നടത്താനും പ്രാദേശിക, ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും ഈ സംരംഭം അവസരമൊരുക്കിയതായി പ്രസ്‌താവനയിൽ പറയുന്നു. വാണിജ്യം, എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെഡിക്കൽ, റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്), പരിസ്ഥിതി, ഹൗസ് കീപ്പിംഗ്, മറ്റ് വകുപ്പുകൾ എന്നിവയുടെ ഏകോപിത ശ്രമങ്ങൾ ഉത്സവ തിരക്ക് സുഗമമായും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ സഹായിച്ചതായി റെയിൽവേ പറഞ്ഞു.

ALSO READ: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ഭൂഗർഭപാതയില്ല, പൂർണമായും എലിവേറ്റഡ്; വാർത്തകൾ നിഷേധിച്ച് കെഎംആർഎൽ