അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രം; മോദി കൃഷിക്കാരെ കുരുതികൊടുത്തെന്നും രാഹുൽ ഗാന്ധി
3.5 മില്യൺ വരുന്ന എപ്സ്റ്റീൻ സീക്രട്ട് ഫയലുകൾ താൻ പുറത്തുവിടുമെന്ന് ഭയപ്പെട്ടാണ് പാർലമെന്‍റിൽ തന്‍റെ പ്രസംഗം തടസ്സപ്പെടുത്തിയത്. അതീവ ഗുരുതരമായ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി പറയാൻ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Published : February 26, 2026 at 2:12 PM IST
കണ്ണൂർ: കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ രാജ്യത്തിന്‍റെ അടിത്തറയായ കർഷകരെ തകർക്കുന്നതാണെന്നും അമേരിക്കയുമായുള്ള പുതിയ കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കണ്ണൂർ പേരാവൂരിൽ കർഷക സംഘടനകളുമായും കർഷകരുമായും നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ വൻകിട യന്ത്രസഹായത്തോടെ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നത് ക്രിമിനൽ നടപടിയാണെന്നും മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇത്തരമൊരു കരാറിന് മുതിർന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാലുമാസത്തോളം വൈകിയ കരാർ ഒപ്പിടാൻ ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഭരണാധികാരിയെ ഭീഷണിപ്പെടുത്തിയെന്നും സ്വന്തം സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ കർഷകരെ കുരുതികൊടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ജെസിബി ഉപയോഗിച്ച് രാജ്യത്തിന്‍റെ അടിത്തറ തകർക്കുന്നതിന് തുല്യമാണ് ഈ പുതിയ കരാറെന്നും അദ്ദേഹം പരിഹസിച്ചു.
#WATCH | Keralam | Addressing at an event in Kannur, LoP-Lok Sabha & Congress MP Rahul Gandhi says," ...allowing american farmers to sell soyabean, corn, fruits in india - no indian pm would have allowed this. it is going to destroy the foundation which we built carefully...for 4… pic.twitter.com/FUHGNYiUxs
— ANI (@ANI) February 26, 2026
ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷ നേതാവിന് നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകാൻ അവസരം നിഷേധിക്കുന്നത്. 3.5 മില്യൺ വരുന്ന എപ്സ്റ്റീൻ സീക്രട്ട് ഫയലുകൾ താൻ പുറത്തുവിടുമെന്ന് ഭയപ്പെട്ടാണ് പാർലമെന്‍റിൽ തന്‍റെ പ്രസംഗം തടസ്സപ്പെടുത്തിയത്. അതീവ ഗുരുതരമായ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി പറയാൻ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അദാനി കേവലം ഒരു വ്യവസായി മാത്രമല്ല, ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും പ്രധാന സാമ്പത്തിക സ്രോതസ്സ് കൂടിയാണ്. തനിക്കെതിരെ നീങ്ങിയാൽ രേഖകളിലെ വിവരങ്ങൾ പുറത്തുവിടുമെന്ന് അദാനി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ ഒരു വികസിത രാജ്യമാകണമെങ്കിൽ കർഷകർക്ക് അർഹമായ ആദരവും താങ്ങുവിലയും നൽകേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
വയനാട്ടിൽ കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി രാവിലെ 11 മണിയോടെയാണ് മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് ഹെലികോപ്റ്ററിൽ പേരാവൂർ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ എത്തിയ അദ്ദേഹം, തുണ്ടിയിൽ പാരിഷ് ഹാളിൽ വെച്ചാണ് കർഷകരുമായി സംവാദം നടത്തിയത്. വന്യജീവി ശല്യം രൂക്ഷമായ പേരാവൂർ നിയോജകമണ്ഡലത്തിലെ കർഷകരുടെ ദുരിതങ്ങൾ അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്ന ഈ മലയോര മേഖലയിൽ ആനപ്പകയും വന്യമൃഗങ്ങളുടെ കടന്നുകയറ്റവും കൃഷിനാശവും നിത്യസംഭവമാണ്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമ്മിച്ച ആനമതിലുകളും തൂക്കുവേലികളും ഇപ്പോൾ ഫലപ്രദമല്ലാതായിരിക്കുകയാണെന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Keralam | LoP-Lok Sabha & Congress MP, Rahul Gandhi, arrives in Kannur
— ANI (@ANI) February 26, 2026
He is expected to hold an interaction with farmers in Peravoor and travel to Wayanad during his visit to the state. pic.twitter.com/yPV2Y9tixi
പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭ ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്തുകളിലെ റബർ, കശുമാവ്, തെങ്ങ് കർഷകരുടെ പ്രതിനിധികളുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി. വന്യമൃഗ ശല്യം പരിഹരിക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കർഷകർക്ക് പരാതികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. വന്യജീവി ശലഭ സങ്കേതമായി ആറളത്തെ പ്രഖ്യാപിച്ചതും തുടർന്നുണ്ടായ സാഹചര്യങ്ങളും ചർച്ചയായി. കർഷക സംഘടനകളുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും കേട്ട രാഹുൽ ഗാന്ധി, കർഷകരുടെ പോരാട്ടങ്ങൾക്ക് കോൺഗ്രസിന്‍റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

