പാലക്കാട് ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി? പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
സ്ഥാനാർഥിയെ തീരുമാനിക്കാൻ തനിക്ക് ഒരിക്കലും അധികാരമുണ്ടായിരുന്നില്ലെന്നും, എംഎൽഎ ആയ സ്ഥിതിക്ക് ഇപ്പോൾ അതിനുള്ള സാധ്യത തീരെയില്ലെന്നും രാഹുൽ

Published : January 3, 2026 at 5:26 PM IST
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്ഥാനാർഥി നിർണയം സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്നും നിലവിൽ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥിയെ തീരുമാനിക്കാൻ തനിക്ക് ഒരിക്കലും അധികാരമുണ്ടായിരുന്നില്ലെന്നും, എംഎൽഎ ആയ സ്ഥിതിക്ക് ഇപ്പോൾ അതിനുള്ള സാധ്യത തീരെയില്ലെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും വന്നിട്ടില്ല. നിലവിൽ പാലക്കാട്ടെ ജനങ്ങൾ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന.
രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ വ്യക്തിക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. "കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പി ജെ കുര്യൻ. അദ്ദേഹത്തോട് സ്ഥാനാർഥിത്വത്തെക്കുറിച്ച് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. പെരുന്നയിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ ആരോഗ്യവിവരങ്ങൾ മാത്രമാണ് അന്വേഷിച്ചത്. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തകളിൽ വരുന്നതെന്ന് അദ്ദേഹം എന്നോട് സൂചിപ്പിച്ചു" എന്നും രാഹുല്‍ പറഞ്ഞു.
സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്താണ്. രാഹുലിൻ്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.
ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നും ബെംഗളൂരുവില്‍ നിന്ന് രാഹുലിൻ്റെ സുഹൃത്തായ ജോബി മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ് രാഹുലിനെതിരെ പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഏറെ സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും വിവാഹിതനായ തൻ്റെ കുടുംബ ജീവിതം പ്രതി മനഃപൂർവം തകർക്കുകയായിരുന്നു എന്നാണ് സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖറിനു നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവിൻ്റെ ആരോപണം.

