രഹസ്യ നീക്കത്തിനൊടുവില്‍ ഹോട്ടലില്‍ നിന്ന് രാഹുലിനെ പിടികൂടി പൊലീസ്, ഒടുവില്‍ മൂന്നാമത്തെ കേസില്‍ അറസ്റ്റ്
രണ്ട് ദിവസം മുൻപ് ഇ-മെയിലായി ലഭിച്ച പരാതിയിൽ പുതുതായി രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്.

Published : January 11, 2026 at 6:50 AM IST
പത്തനംതിട്ട: മൂന്നാമത്തെ പീഡന പരാതി കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റില്‍. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 ഓടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചു. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. കാനഡയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനിയും വിവാഹിതയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. താൻ സമൂഹ മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും തൻ്റെ കൈയ്യിൽ നിന്നും പണവും, വിലയേറിയ വസ്‌തുക്കളും രാഹുൽ സ്വീകരിച്ചിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി.

തന്നെ കാണണമെന്ന് പറഞ്ഞപ്പോൾ റസ്റ്റോറെൻ്റ് തെരഞ്ഞെടുക്കാതെ രാഹുൽ ഹോട്ടൽ മുറിയാണ് തെരഞ്ഞെടുത്തതെന്നും റൂമിൽ എത്തിയപ്പോൾ കുഞ്ഞ് ഉണ്ടാകട്ടെയെന്ന് പറഞ്ഞ് കടന്ന് പിടിച്ചു ആക്രമിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. ഗർഭിണിയായെന്നറിഞ്ഞപ്പോൾ തന്നോട് ദേഷ്യത്തോട് പെരുമാറിയെന്നും കുട്ടി മറ്റാരുടെയെങ്കിലും ആകുമെന്ന് ആക്ഷേപിച്ചതായും യുവതി വ്യക്തമാക്കി.
എന്നാൽ താൻ ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നും ഗർഭം അലസി പോയെങ്കിലും തെളിവുകൾ സൂക്ഷിച്ചു വച്ചതായും യുവതി വെളിപ്പെടുത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും യുവതി നൽകിയ പരാതിയിലുണ്ട്. രാഹുലിനെതിരായ തെളിവുകള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറി. രാഹുലിനെതിരെ ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
യുവതി മെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. യുവതിയിൽ നിന്നും പൊലീസ് വീഡിയോ കോൺഫറൻസ് വഴി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു നടപടികൾ. യുവതിയിൽ നിന്നു വീഡിയോ കോൺഫറൻസ് വഴി മൊഴി സ്വീകരിച്ച ശേഷം എംഎൽഎയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
രാഹുലിനെതിരായ കേസുകൾ അന്വേഷിക്കുന്ന ഐ ജി പുങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. രാഹുലിൻ്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഡി വൈ എസ് പി അടക്കം 7 അംഗ പൊലീസ് സംഘമെത്തിയാണ് എം എൽ എയെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ ഇന്നു തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. നേരത്തെയുള്ള രണ്ട് കേസുകളില്‍ രാഹുലിന് മുന്‍കൂർ ജാമ്യം ലഭിച്ചിരുന്നു. പുതിയ പരാതി കൂടി വന്നതോടെ രാഹുലിനെതിരെ നിലവിൽ മൂന്ന് പരാതികളാണുള്ളത്.
രണ്ട് ദിവസം മുൻപ് ഇ-മെയിലായി ലഭിച്ച പരാതിയിൽ പുതുതായി രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. ബലാത്സംഗവും ഗർഭച്ഛിദ്രത്തിനുള്ള പ്രേരണയും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെ ആരോപിച്ച് ഒരു യുവതി ഇ-മെയില്‍ വഴി നൽകിയ പുതിയ പരാതിയിലാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത്.
കെപിഎം ഹോട്ടലിലെ റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങിയ ശേഷമാണ് രാഹുലിൻ്റെ മുറിയിലെത്തിയത്. ഇതിനുപിന്നാലെ രാഹുലിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് എംഎൽഎ പുറത്താക്കിയതിനെ തുടർന്നാണ് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ ബലാത്സംഗ കേസ് (നേമം പൊലീസ് സ്റ്റേഷൻ): വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ നേമം പൊലീസ് ആണ് രാഹുലിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. ഈ യുവതി ഗർഭിണിയായപ്പോൾ രാഹുൽ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നും ഗർഭച്ഛിദ്രത്തിനായുള്ള ഗുളികകൾ സുഹൃത്ത് വഴി എത്തിച്ചു നൽകി എന്നും ആരോപണമുണ്ട്. ഈ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് 2026 ജനുവരി 21 വരെ നീട്ടിയിട്ടുണ്ട്.
രണ്ടാമത്തെ കേസ്: മറ്റൊരു യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നേരത്തെ വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
പുതിയ പരാതിയും കസ്റ്റഡിയും (2026 ജനുവരി 11): ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു പീഡന പരാതിയെത്തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തത്.
അതേസമയം, ബലാത്സംഗക്കേസിനെ തുടര്‍ന്ന് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാദിക്കുന്നു.

