ഖത്തറിൽ യുദ്ധഭീതി, വ്യവസായങ്ങൾ നിശ്ചലം; തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ മലയാളി പ്രവാസികൾ
ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഖത്തറിലെ ഊർജ ഉത്പാദനം നിലച്ചത് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. ഒപ്പം ഭക്ഷ്യക്ഷാമവും യാത്രാനിയന്ത്രണങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Published : March 3, 2026 at 2:44 PM IST
പർവീസ് കെ
എറണാകുളം: പശ്ചിമേഷ്യയിൽ ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറയായ വ്യവസായ നഗരങ്ങളെയും ഊർജ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളാണ് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് പുറമെ ഖത്തറിലെ തന്ത്രപ്രധാനമായ ഇടങ്ങളിലേക്കും ആക്രമണം വ്യാപിക്കുകയാണ്.
ഊർജ മേഖലയിലെ പ്രതിസന്ധി
ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, മിസൈദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ഖത്തർ എനർജിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റാസ് ലഫാനിലെ എൽഎൻജി വാട്ടർ ടാങ്കിന് സമീപം ഇറാൻ ഡ്രോൺ പതിച്ചതോടെയാണ് അതീവ ജാഗ്രത പ്രഖ്യാപിച്ച് ഉത്പാദനം നിർത്തിയത്.

പ്രതിവർഷം 77 ദശലക്ഷം ടൺ എൽഎൻജി ഉത്പാദിപ്പിക്കുന്ന ഖത്തറിന് ഈ സാഹചര്യം വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുന്നത്. എൽഎൻജിയിൽ നിന്ന് മാത്രം പ്രതിദിനം 40 കോടി മുതൽ 55 കോടി ഖത്തർ റിയാൽ വരെ ലഭിക്കുന്ന വരുമാനമാണ് നിലച്ചിരിക്കുന്നത്. എൽപിജി, കണ്ടൻസേറ്റ്, ഹീലിയം, മറ്റ് പെട്രോകെമിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം കൂടി കണക്കിലെടുത്താൽ ഖത്തറിൻ്റെ പ്രതിദിന നഷ്ടം നൂറ് കോടി റിയാൽ കടക്കാനാണ് സാധ്യതയെന്ന് ഖത്തർ എൽഎൻജിയിലെ സേഫ്റ്റി ഓഫിസർ മുഹമ്മദ് ഫർഹാൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി.
മലയാളികളുടെ തൊഴിൽ സുരക്ഷ
ഗ്യാസ് ഉത്പാദനത്തിൻ്റെ കേന്ദ്രമായ റാസ് ലഫാനിലും പെട്രോകെമിക്കൽ പ്ലാൻ്റുകൾ കേന്ദ്രീകരിച്ചിരിക്കുന്ന മിസൈദിലുമായി പതിനായിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. എൻജിനീയർമാർ, സേഫ്റ്റി ഓഫിസർമാർ, ടെക്നീഷ്യൻമാർ മുതൽ നിർമാണ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്നവർ വരെ ഇതിൽ ഉൾപ്പെടുന്നു. ഏകദേശ കണക്കുകൾ പ്രകാരം 40,000 മുതൽ 65,000 വരെ മലയാളികൾ ഈ രണ്ട് മേഖലകളെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു കഴിയുന്നുണ്ട്.

ഉത്പാദനം നിലച്ചതും രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതവും തങ്ങളുടെ തൊഴിലിനെ ബാധിക്കുമോ എന്നതാണ് ഇവരെ അലട്ടുന്ന പ്രധാന ചോദ്യം. ദീർഘകാലത്തേക്ക് ഉത്പാദനം തടസപ്പെട്ടാൽ ഉണ്ടാകാവുന്ന ശമ്പള നിയന്ത്രണങ്ങൾ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഖത്തറിലെ ആകെ ജനസംഖ്യയിലും അവിടെയുള്ള ഇന്ത്യൻ പ്രവാസികളിലും വലിയൊരു ശതമാനവും മലയാളികളാണ്. ഏകദേശം മൂന്ന് ലക്ഷം മുതൽ 4.5 ലക്ഷം വരെ മലയാളികൾ അവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആരോഗ്യമേഖല, വിദ്യാഭ്യാസം, ഐടി, എൻജിനീയറിങ്, ബിസിനസ്, നിർമാണ മേഖല തുടങ്ങി ഖത്തറിൻ്റെ സമസ്ത മേഖലകളിലും മലയാളികളുടെ സജീവ സാന്നിധ്യമുണ്ട്.

വിപണിയിലെ പ്രതിസന്ധിയും വിനോദസഞ്ചാരികളും
യുദ്ധം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഖത്തറിലെ പ്രാദേശിക വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ കുറവ് പ്രകടമായിട്ടുണ്ട്. വിമാന സർവീസുകൾ നിയന്ത്രിക്കപ്പെട്ടതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറി, പഴം വർഗങ്ങളുടെ വരവ് നിലച്ചു. റമദാൻ മാസമായതിനാൽ പഴവർഗങ്ങൾക്കും മറ്റും വലിയ ആവശ്യക്കാരുള്ള സമയമാണിത്. പാചക വാതകത്തിൻ്റെ ലഭ്യതയിലും കുറവ് അനുഭവപ്പെട്ട് തുടങ്ങി. അരിയുൾപ്പെടെയുള്ള സാധനങ്ങൾ നേരത്തെ തന്നെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും പച്ചക്കറി ക്ഷാമം ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. സന്ദർശക വിസയിൽ ഖത്തറിലെത്തിയ നിരവധി മലയാളികൾ വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഹോട്ടലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. റമദാൻ ആഘോഷങ്ങൾക്കായി എത്തിയ പല കുടുംബങ്ങളും ഈ സാഹചര്യത്തിൽ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.

ഇന്ത്യൻ എംബസിയും സുരക്ഷ നിർദേശങ്ങളും
യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പാസ്‌പോർട്ട്, വിസ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പരിഗണന നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ വഴി പ്രവാസികൾക്ക് സഹായം തേടാം. ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മിസൈലുകൾ ആകാശത്തുവച്ച് തകർക്കുമ്പോൾ അതിൻ്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി വീടുകളിൽ തന്നെ കഴിയാനാണ് അധികൃതർ നിർദേശിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ വർക്ക് ഫ്രം ഹോം സംവിധാനവും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
പരിഭ്രാന്തരാകാതെ സാഹചര്യങ്ങളെ നേരിടണമെന്നും കുട്ടികളിൽ ഭയം ഉടലെടുക്കാത്ത വിധം മുതിർന്നവർ സംയമനം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേക നോട്ടിസ് വഴി അറിയിച്ചു. ഇന്ന് പുലർച്ചെ 1.30ന് ഇറാൻ മിസൈലുകൾ ഖത്തർ പ്രതിരോധ സേന തകർക്കുന്ന ശബ്ദം കേട്ടിരുന്നതായി ദോഹയിലുള്ള മുഹമ്മദ് റാഫി ഇടിവി ഭാരതിനോട് വ്യക്തമാക്കി. അതേസമയം നിലവിൽ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:- കാണാന്‍ കൊതിച്ച കരിമ്പുലിയും ആമസോണിലെ ജാഗ്വാറും; വൈല്‍ഡ് ഫോട്ടോഗ്രഫി അനുഭവങ്ങള്‍ പങ്കിട്ട് 'ബിബിന്‍'

