രൗദ്രഭാവത്തിൽ പുള്ളിക്കാളിയമ്മ; ചേളന്നൂർ കരുവാരക്കൽ കാവിൽ ഭക്തിനിർഭരമായ വെള്ളാട്ട്
ഗുരുസ്ഥാനിയരെയും ദിക്കുകളെയും വണങ്ങി തൊഴുത് കുമ്പിട്ട് പുള്ളിക്കാളി വെള്ളാട്ട് ആരംഭിക്കും. കോഴിക്കോട് ചേളന്നൂർ കരുവാരക്കൽ പുള്ളിക്കാളി കാവിലാണ് പുള്ളിക്കാളി വെള്ളാട്ട് അരങ്ങേറിയത്.

Published : March 2, 2026 at 6:32 PM IST
കോഴിക്കോട്: തലയിൽ കാളിവട്ടം അതിനു താഴെ തലപ്പാളി, താടിയിൽ താത്തട്ടിയും അതിനുമുകളിൽ ചെന്നി പൂവും, മുഖത്ത് വെള്ളയും ചുവപ്പും കറുപ്പും കലർന്ന വട്ടക്കണ്ണും കടുവായയും ചേർന്ന മുഖത്തെഴുത്ത്. കഴുത്തിൽ കഴുത്തൂട്ട്, നെഞ്ചിൽ വെള്ളയിൽ പല നിറത്തിലുള്ള പുള്ളികൾ, കൈകളിൽ ഹസ്‌ത കടകവും ചക്കമുള്ളനും, ചെണ്ടുകളും വിവിധ നിറത്തിലുള്ള വളകളും, അരയിൽ അരപ്പലകയും കവടിച്ചയും കാലിൽ കാൽപറ്റും.
ഇതെല്ലാം പുള്ളി കാളിയുടെ വെള്ളാട്ടിൻ്റെ വേഷവിധാനങ്ങളാണ്. കൈകളിൽ തൃശൂലവും വാളുമായാണ് പുള്ളിക്കാളി കാവിൻ്റെ തിരുമുറ്റത്തേയ്‌ക്ക് പ്രവേശിക്കുന്നത്. ഗുരു സ്ഥാനിയരെയും ദിക്കുകളെയും വണങ്ങി തൊഴുത് കുമ്പിട്ട് പുള്ളിക്കാളി വെള്ളാട്ട് ആരംഭിക്കും. കോഴിക്കോട് ചേളന്നൂർ കരുവാരക്കൽ പുള്ളിക്കാളി കാവിലാണ് അപൂർവ്വം പുള്ളിക്കാളി വെള്ളാട്ട് അരങ്ങേറിയത്.
ചെണ്ടയിൽ താളം മുറുകുന്നതോടെ കൈകളിലെ ത്രിശൂലവും വാളുകളുമായി ശക്തിയായ പുള്ളിക്കാളി കാവിൻ്റെ മുറ്റത്ത് കോമരങ്ങൾക്കൊപ്പം നിറഞ്ഞാടും. ഈ സമയം ഭക്തർ പുഷ്‌പ വൃഷ്‌ടി നടത്തി പുള്ളിക്കാളിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. തിറയാട്ടം നടക്കുന്ന കാവുകളിൽ അപൂർവ്വമായി മാത്രമാണ് പുള്ളിക്കാളി വെള്ളാട്ടും തിറയും സാധാരണ നടക്കാറുള്ളത്. ചൈതന്യം നിലനിൽക്കുന്ന കരുവാരക്കൽ കാവിൽ പുള്ളിക്കാളി വെള്ളാട്ട് എല്ലാ വർഷവും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നടക്കാറുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ചേളന്നൂരിലെ ഏറ്റവും പുരാതന കാവുകളിലൊന്നാണ് കരുവാരക്കൽ പുള്ളിക്കാളി കാവ്. ശാക്തേയ പാരമ്പര്യത്തിൻ്റെ അതി പുരാതനമായ സങ്കൽപ്പത്തിൽ ഊന്നിയ അതി ശക്തമായ താപസ്വിക പാരമ്പര്യങ്ങളുള്ള ഒരു കാവ്. 24 അടി മുടി വച്ചുകൊണ്ട് ആടുന്ന പുള്ളിക്കാളിയമ്മയുടെ തിറ കാണുവാനായി നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. സൃഷ്‌ടി, സ്ഥിതി, സംഹാര രൂപിണിയായിട്ടുള്ള പുള്ളിക്കാളിയളിയമ്മയുടെ ഉത്സവം നാടിൻ്റെ തന്നെ ഉത്സവമാണ്' കാവ് കമ്മറ്റി ഭാരവാഹി ശോഭീന്ദ്രൻ പറഞ്ഞു
കാവിനു മുന്നിലെ പീഠത്തിൽ വെച്ച ഉരലിനു മുകളിൽ കയറി നിന്നുള്ള ആട്ടവും പുള്ളിക്കാളി വെള്ളാട്ടിൻ്റെ പ്രത്യേകതയാണ്. ദാരിക നിഗ്രഹത്തിനു ശേഷം സർവ്വാഭരണ വിഭൂഷിതയായി എത്തുന്ന കാളിയുടെ അതേ രൗദ്രഭാവമാണ് പുള്ളിക്കാളി വെള്ളാട്ടിലും ഉണ്ടാവുക. ചെണ്ടയിൽ ചാമുണ്ഡി താളം മുറുകുന്നതോടെ രൗദ്രഭാവം പൂർണതയിൽ എത്തും.
ഈ സമയത്ത് കാവിലെ കോമരങ്ങൾ അലറിവിളിച്ച് ഭക്തരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കും. പിന്നെ മെല്ലെ കാവിൻ്റെ ശ്രീകോവിലിനു മുന്നിൽ തൊഴുതു വണങ്ങി പുള്ളിക്കാളിയുടെ മുടിയഴിക്കും. ഇത്തവണയും നിരവധി ഭക്തരാണ് ഇഷ്‌ട ദേവതയുടെ വെള്ളാട്ട് കാണുന്നതിനും അനുഗ്രഹം ഏറ്റുവാങ്ങുന്നതിനും ചേളന്നൂർ കരുവാരക്കൽ പുള്ളിക്കാളി കാവിൽ എത്തിയത്.
ALSO READ: എല്ലാത്തിനും ഓൾ ഇൻ ഓൾ സ്‌ത്രീകൾ; ആവേശം കൊട്ടിക്കയറി ചിനക്കത്തൂർ പെൺപൂരം

