തൃശൂർ നഗരം ഇന്ന് പുലികൾ കീഴടക്കും; ഒമ്പത് ദേശങ്ങളിൽ നിന്നായി പെൺപുലികളും കുട്ടിപ്പുലികളും ടൗണിലേക്ക്!
പുലി കളി ആരംഭിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിൻ്റെ രണ്ടാം പൂരത്തിന് ആവേശം ഇരിട്ടി.

Published : August 28, 2026 at 7:50 PM IST
|Updated : August 29, 2026 at 11:27 AM IST
തൃശൂർ: ഇലത്താളം മുറുകും, ചെണ്ടമേളം നെഞ്ചിടിപ്പേറ്റും, ഒപ്പം താളത്തിനൊത്ത് കുടവയർ കുലുക്കി 'പുലികൾ' സ്വരാജ് റൗണ്ടിലേക്ക് ചാടിവീഴും! സാംസ്കാരിക നഗരത്തിൻ്റെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് പുലികള്‍ ഇറങ്ങും.
ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പുലിക്കളി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇത്തവണ ഒമ്പത് ദേശങ്ങളാണ് ഇറങ്ങുന്നത്. ഈ വട്ടം എന്തെല്ലാം വെറൈറ്റി ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് വൈകുന്നേരം നാല് മണിയോടെ പൂരനഗരി പുലികളാൽ നിറയും. സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കുക.
450 പുലികൾ, 9 ദേശങ്ങൾ, പെൺപുലികളും!
ഇത്തവണ ഒമ്പത് പ്രമുഖ ദേശങ്ങളിൽ നിന്നായി 450-ഓളം പുലികളാണ് നഗരം കീഴടക്കാൻ എത്തുന്നത്. വരയൻ പുലികളും കരിമ്പുലികളും കുട്ടിപ്പുലികളും സംഘത്തിലുണ്ടാകും. പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ചിരുന്ന ഈ കലാരൂപത്തിലേക്ക് ഇത്തവണയും കാണികളെ ആവേശം കൊള്ളിക്കാൻ പെൺപുലികൾ വേഷമിടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ നിമിഷ ബിജോയ് ഉൾപ്പെടെയുള്ള വനിതാ താരങ്ങൾ ഇത്തവണയും പുലി വേഷത്തിൽ തിളങ്ങും.
അവസാനഘട്ട ഒരുക്കങ്ങൾ തകൃതി
അവസാനഘട്ട ഒരുക്കങ്ങളിലാണ് പുലി വീരന്മാർ. ഇതിനോടകം പുലിച്ചമയ പ്രദർശനം മടകളിൽ ആരംഭിച്ചു കഴിഞ്ഞു. തൃശൂർ നഗരാതിർത്തിയിലെ വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്‌ക്കൽ ദേശം, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒമ്പത് ടീമുകളാണ് പുലികളിക്കെത്തുക. വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും.
ഇന്ന് വൈകിട്ട് നാലിന് അതത് പ്രദേശങ്ങളിൽ നിന്ന് പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. മനുഷ്യപ്പുലികളുടെ സമാനതകളില്ലാത്ത നൃത്തോത്സവം പതിനായിരങ്ങൾക്ക് ഹരമാകും. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിൻ്റെ രണ്ടാം പൂരമാണിത്. മന്ത്രി ഒജെ ജനീഷാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. പുതിയ ഭരണസമിതി വന്നതിന് ശേഷമുള്ള ആദ്യത്തെ പുലിക്കളിയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഇത്തവണ 51 പൂലികാളാണ് ഇറങ്ങുന്നത്. പ്രായഭേതമന്യേ എല്ലാവരും ഇതിൽ പങ്കെടുക്കും. ചമയ പ്രദർശനം ഗംഭീരമാക്കിയിട്ടുണ്ട് ഇത്തവണ. ഇന്നാണ് പുലി വാൽ എഴുന്നിളിപ്പ് നടക്കും. വര ഇന്ന് വെളുപ്പിന് ആരംഭിച്ചു. ഒരു മണിയ്‌ക്ക് പുലിയിറക്കം ആരംഭിക്കും. അത് സീതറാം മിൽ ദേശത്തിൻ്റെ പ്രത്യേകതയാണ്. ഈ വർഷം നിരവധി സമ്മാനങ്ങൾ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്" സീതാറാം മിൽ ദേശം സെക്രട്ടറി കേശവദാസ് പറഞ്ഞു.
ഇതിനൊപ്പം പുരാണകഥകൾക്കൊപ്പം സമകാലിക വിഷയങ്ങളും നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിക്കും. 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോർപറേഷൻ്റെ ബോധവത്കരണ നിശ്ചലദൃശ്യവും മുന്നിലുണ്ടാകും. പുലികളി സംഘങ്ങളിൽ അയ്യന്തോൾ ദേശത്തെ ആറാം ക്ലാസുകാരിയായ ആരാധ്യ എന്ന കുട്ടിപ്പുലി നയിക്കുന്നുവെന്നതും പ്രത്യേകതയാണ്. കുട്ടൻകുളങ്ങര ദേശമാണ് ആദ്യം സ്വരാജ് റൗണ്ടിലേക്ക് എത്തുക. എംജി റോഡ് വഴി ആറ് സംഘങ്ങളും, ഷൊർണൂർ റോഡ് വഴി ഒരു സംഘവും, വടക്കെ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളും സ്വരാജ് റൗണ്ടിലേക്കെത്തും. പുലികളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, സഹകരണ സംഘങ്ങൾക്ക് ഉൾപ്പെടെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോർപറേഷൻ പുലികളി സംഘങ്ങൾക്ക് 3,50,000-രൂപ സഹായധനമായി നൽകും. 1,75,000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. പുലികളിക്ക് ഒന്നാം സമ്മാനം 70,000- രൂപയും രണ്ടാം സമ്മാനം 60,000-രൂപയും മൂന്നാം സമ്മാനം 50,000-രൂപയും ട്രോഫിയും നൽകും. ഓരോ ടീമിനും 120 ലിറ്റർ മണ്ണെണ്ണയും കോർപറേഷൻ നൽകും. നിശ്ചലദൃശ്യം പുരാണം, നിശ്ചലദൃശ്യം സമകാലികം, പുലിക്കൊട്ട്, പുലി വേഷം, പുലി വണ്ടി, അച്ചടക്കം, പുലി വര, പുലിച്ചമയം എന്നിവയ്‌ക്കും സമ്മാനമുണ്ട്.
Also Read: അരമണികിലുക്കി നാനൂറോളം പുലികൾ; തൃശൂർ പുലിക്കളി നാളെ, ഗതാഗത നിയന്ത്രണം ഇങ്ങനെ

