കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ശുപാര്‍ശ ചെയ്തിരുന്നു; തടഞ്ഞത് ധനവകുപ്പ്: ബിജു പ്രഭാകര്‍
ഭരണകൂടത്തിൻ്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിൻ്റെ 'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍' എന്ന പുസ്തകം


Published : April 29, 2026 at 2:04 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നു കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന കാലത്തു താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യാഗസ്ഥനായ ബിജു പ്രഭാകര്‍. എന്നാല്‍, തൻ്റെ നിര്‍ദേശം ധന വകുപ്പ് അംഗീകരിക്കാതിരുന്നതോടെ നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകുളുടെ മേധാവിയായിരിക്കെ ബിജു പ്രഭാകര്‍ സാക്ഷിയായ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന 'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നു പറച്ചില്‍.
പൊതുമേഖലാ സ്ഥാപനങ്ങള്‍എന്തുകൊണ്ട് നഷ്ടത്തിലാകുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കെഎസ്ആര്‍ടിസിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുഗതാഗതം സൗജന്യമാക്കേണ്ട കാലം കഴിഞ്ഞു. നല്ല നടപ്പാതകളും പൊതുഗതാഗതത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
അങ്കണവാടി ജീവനക്കാര്‍ക്കു പോലും സര്‍ക്കാര്‍ പരിശീലനം നല്‍കുന്നില്ല. ഇന്ന് നമ്മുടെ അങ്കണവാടികള്‍ കോഴിക്കും കാലികള്‍ക്കും തീറ്റ കൊടുക്കുന്ന പോലെയുള്ള സ്ഥാപനമായി. കെഎസ്ഇബിക്കു മികച്ച എന്‍ജിനീയര്‍മാരുണ്ട്. എന്നാല്‍, അവരൊന്നും വേണ്ടിരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ആതിരപ്പള്ളി, ചീമേനി പ്രോജക്ടുകള്‍ നടപ്പാക്കണം. ആതിരപ്പള്ളി പ്രോജക്ട് നടപ്പാക്കിയാല്‍ വെള്ളച്ചാട്ടം ഇല്ലാതാവുമെന്നു പറയുന്നത് അവിടുത്തെ റിസോര്‍ട്ട് മാഫിയയായണെന്നും അദ്ദേഹം പറഞ്ഞു. 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പോവുന്നത്. എന്നിട്ടും സര്‍ക്കാര്‍ അവകാശപ്പെടുന്നത് സംസ്ഥാനത്തു ലഭിക്കുന്നത് മികച്ച ആരോഗ്യ സംവിധാനമാണെന്നാണ്.

സാധാരണക്കാര്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും അവര്‍ കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ പുസ്തകം എഴുതിയതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. നമുക്ക് നല്ല ഭരണാധികാരികള്‍ വേണം. അതിന് ജനങ്ങളും ഉദ്യോഗസ്ഥരും ചോദ്യം ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമരാമത്തു വകുപ്പിലെ അഴിമതിയെകുറിച്ചും കഞ്ചാവ് നിയമവേധയാക്കണമെന്നുമുള്ള അദ്ദേഹത്തിൻ്റെ മുന്‍പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്ന പുസ്തകവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കഞ്ചാവ് നിയമവിധേയമാക്കണമെന്ന വാക്കുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം
കഞ്ചാവ് നിയമവിധേയമാക്കണമെന്നു ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് മയക്കുമരുന്നു മാഫിയകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഇന്ന് മയക്കുമരുന്നു മാഫിയ സജ്ജീവമാണ്. ബിജു പ്രഭാകറിൻ്റെ വാക്കുകള്‍ അവര്‍ ദുര്‍ വ്യാഖ്യാനം ചെയ്തേക്കാമെന്നും തെറ്റിദ്ധാരണകള്‍ പരത്താന്‍ കാരണമായേക്കാമെന്നും താന്‍ കരുതുന്നെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. മുന്‍ ഡിജിപി എസ് അനന്ദകൃഷ്ണന്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്, പ്രിന്‍സ് ആദിത്യവര്‍മ തുടങ്ങിയവര്‍ ചടങ്ങിലെത്തി.

