ETV Bharat / state

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ് വ്യവസായത്തിന് ഭീഷണി; ജൂലായ് എട്ടിന് പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ബസുടമകൾ

ജൂലായ് എട്ടിന് തെക്കൻ ജില്ലകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌ത് സ്വകാര്യ ബസുടമകൾ.

PRIVATE BUS STRIKE JULY 8  PRIVATE BUS OWNERS KERALAM  KSRTC PRIYADARSHINI WOMEN TRAVEL  STRIKE NEWS KERALAM
Private bus (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 7:46 PM IST

2 Min Read
Choose ETV Bharat

കോട്ടയം: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അനുവദിച്ച നടപടിയെ തുടർന്ന് സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തെക്കൻ ജില്ലകളിലെ ബസുടമകളും ജീവനക്കാരും സമരത്തിലേക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജൂലൈ എട്ടിന് സർവീസ് നിർത്തിവച്ച് സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

ജൂലായ് എട്ടിന് പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ബസുടമകൾ (ETV Bharat)

24 മണിക്കൂര്‍ സേവനം നിർത്തിവച്ച് സമരം നടത്താനാണ് തീരുമാനം. ബസുടമകളും ജീവനക്കാരും സംഘടനകളും വർക്ക് ഷോപ്പ്, ടയർ മേഖല തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രിയദർശനി പദ്ധതി നടപ്പാക്കി മൂന്നാഴ്‌ച പിന്നിടുമ്പോൾ തന്നെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്ന് ബസുടമകൾ വ്യക്തമാക്കുന്നു. ദിവസേന 500 മുതൽ 4000 രൂപ വരെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ മേഖലയെ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കിൽ മാത്രം ഒതുങ്ങുന്നു. ഈ സാഹചര്യത്തിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

ജൂലായ്‌ 20 ന് സെക്രട്ടറിയേറ്റ് മാർച്ചും ഒരു റിലേ സത്യാഗ്രഹവും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും 20ാം തീയതി വരെ നിൽക്കാനുള്ള സാവകാശം ഇല്ലാത്തതിനാലാണ് അതിന് മുൻപ് തന്നെ സർക്കാരിനെ ഈ വിഷയത്തെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌തതെന്ന് ബസ്‌ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് ജാക്‌സണ്‍ ജോസഫ് പറഞ്ഞു. രാവിലെ ആറ് മണി മുതൽ കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകൾ പൂർണമായും നിർത്തിക്കൊണ്ട് ഒരു സമര പരിപാടിയിലേയ്‌ക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിൽ കോട്ടയം ജില്ലയോടൊപ്പം പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ കൂടി തങ്ങളോടൊപ്പം പങ്കെടുക്കുന്നുണ്ടെന്നും മുഴുവൻ സമയവും സേവനം നിർത്തിവച്ച് കൊണ്ടുള്ള സമരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്നും സംഘടനാ നേതാക്കൾ പറയുന്നു.

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വച്ച നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. പണിമുടക്കുന്ന അസോസിയേഷൻ പ്രവർത്തകരും ജീവനക്കാരും ചേർന്ന് കളക്ട്രേറ്റ് മാർച്ച് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ബസ് ഉടമകളും തൊഴിലാളികളും മാർച്ചിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.

ALSO READ: ആറുപേർക്ക് പുതുജീവനേകി ഏഴുവയസുകാരൻ; നോവായി മാസ്റ്റർ ലോകിനേനി, ആംബുലൻസിനായി ഗ്രീൻ കോറിഡോർ