ദരിദ്ര കുടുംബത്തെ ബലപ്രയോഗിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടു; കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും
തലമുറകളായി അന്തിയുറങ്ങിയിരുന്ന ഭൂമിയിൽ നിന്ന് നിർധന കുടുംബത്തെ റവന്യൂ അധികൃതരും പൊലീസും ചേർന്ന് കുടിയൊഴിപ്പിച്ചു.

Published : August 29, 2026 at 8:47 PM IST
എറണാകുളം: ചെലവന്നൂരിൽ ദരിദ്ര കുടുംബത്തെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. റവന്യൂ അധികൃതരും പൊലീസും ചേർന്നാണ് ജനകീയ പ്രതിഷേധത്തിനിടെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കിയത്. അതേസമയം അന്യായമായ കുടിയൊഴിപ്പിക്കലിന് സർക്കാർ കൂട്ടുനിന്നുവെന്ന് കർഷക തൊഴിലാളി യൂണിയൻ ആരോപിച്ചു.
തലമുറകളായി അന്തിയുറങ്ങിയിരുന്ന ഭൂമിയിൽ നിന്നാണ് ഒരു നിർധന കുടുംബത്തെ റവന്യൂ അധികൃതരും പൊലീസും ചേർന്ന് കോടതി ഉത്തരവിൻ്റെ പേരിൽ കുടിയൊഴിപ്പിച്ചത്. കൊച്ചി ചെലവന്നൂർ പൊന്നേത്ത് റോഡിൽ അര നൂറ്റാണ്ടോളമായി താമസിച്ചുപോരുന്ന ബിന്ദു ഷാജിയുടെ കുടുംബത്തിന് നേരെയാണ് സർക്കാർ പിന്തുണയോടെ കടുത്ത നടപടിയുണ്ടായത്.
എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് മുൻ നിർത്തിയായിരുന്നു റവന്യൂ വകുപ്പിൻ്റെ അടിയന്തര നടപടി. കുടിയൊഴിപ്പിക്കൽ വിവരമറിഞ്ഞ് സ്ഥലത്തെത്തി പ്രതിഷേധിച്ച നാട്ടുകാരെയും ജനപ്രതിനിധികളെയും വൻ പൊലീസ് സന്നാഹം ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമത്തിൻ്റെ വിടവിലൂടെ ഭൂമാഫിയയുടെ അധിനിവേശമെന്ന് പരാതി
എറണാകുളം സ്വദേശിയായ രവീന്ദ്രൻ എന്ന വ്യക്തി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നൽകിയ സിവിൽ ഹർജിയിലാണ് കുടുംബത്തിന് തിരിച്ചടിയായ വിധി വന്നത്. എന്നാൽ വ്യാജ ആധാരങ്ങളും തെറ്റായ വിവരങ്ങളും കോടതിക്ക് മുന്നിൽ ഹാജരാക്കിയാണ് സ്വകാര്യ വ്യക്തി ഈ അനുകൂല വിധി നേടിയെടുത്തതെന്നാണ് കുടുംബവും പ്രദേശവാസികളും ആരോപിക്കുന്നത്.

സർക്കാരും റവന്യൂ വിഭാഗവും വസ്‌തുതകൾ വേണ്ടവിധം പരിശോധിക്കാതെ ഭൂവുടമയെന്ന് അവകാശപ്പെടുന്നയാൾക്ക് ഒത്താശ ചെയ്യുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. കുടിയൊഴിപ്പിക്കൽ അന്യായമാണെന്ന് കർഷകത്തൊഴിലാളി യൂണിയൻ നേതാവ് സി.ടി. വർഗീസ് കുറ്റപ്പെടുത്തി. വസ്‌തു ഒഴിപ്പിക്കാനായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയതോടെ സി.ടി. വർഗീസിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും പൊതുപ്രവർത്തകരും ചേർന്ന് വഴിതടയുകയും പ്രതിഷേധിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ പൊലീസ് രംഗത്തിറങ്ങി സമരക്കാരെ അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു. തുടർന്ന് വീടിൻ്റെ മുൻവാതിൽ തല്ലിത്തകർത്ത് അകത്തുകയറിയ പൊലീസ് സംഘം ബിന്ദു ഷാജിയെയും മറ്റു കുടുംബാംഗങ്ങളെയും ബലംപ്രയോഗിച്ച് പുറത്താക്കി.
വലിയമ്മ തമ്പുരാൻ കോവിലകം ഭൂമിയും മിച്ചഭൂമി തട്ടിപ്പും
വിവാദമായ മൂന്ന് സെൻ്റ് വസ്‌തു ഉൾപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകൾക്ക് മുൻപ് വലിയമ്മ തമ്പുരാൻ കോവിലകത്തിൻ്റെ അധീനതയിലുള്ളതാണ്. സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ ഭൂമി മിച്ചഭൂമിയായി കണക്കാക്കി സർക്കാർ ഏറ്റെടുത്തു. ഇങ്ങനെ സർക്കാരിലേക്ക് കണ്ടുകെട്ടിയ 62 സെൻ്റോളം വരുന്ന മിച്ചഭൂമി വ്യാജരേഖകൾ ചമച്ച് ഘട്ടങ്ങളായി ചില വ്യക്തികൾ കൈക്കലാക്കുകയായിരുന്നുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
അര നൂറ്റാണ്ടോളമായി കഴിയുന്ന ഭൂമിയിൽ നിന്ന് പൊടുന്നനെ ഒഴിപ്പിക്കപ്പെട്ടതോടെ ഈ നിർധന കുടുംബം പൂർണമായും അനാഥരായ അവസ്ഥയിലാണ്. ഷീറ്റ് ഇട്ട ചെറിയൊരു വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും തട്ടിപ്പിലൂടെ സ്വന്തമാക്കിയ ഭൂമി തിരിച്ചുപിടിച്ച് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും സമരവും തുടരാനാണ് കർഷകത്തൊഴിലാളി യൂണിയൻ്റേയും വിവിധ ജനകീയ കൂട്ടായ്‌മകളുടേയും തീരുമാനം.
ALSO READ: തെരഞ്ഞെടുപ്പ് കാലത്തെ വാഹനങ്ങള്‍ക്ക് വാടക നൽകിയില്ല; പൊലീസിനെതിരെ പരാതി

