ഫ്‌ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ വ്യാജ ഓഫറുകൾ; പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
"Flipkart GOAT SALE", "Goat Sale Live", "Offers Sale", "FK Goats Offer's" പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജപേജുകൾ സൃഷ്‌ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.

Published : July 6, 2026 at 5:17 PM IST
തിരുവനന്തപുരം: ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഗോട്ട് സെയിൽ ഓഫറിൻ്റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപേജുകളും പരസ്യങ്ങളും സൃഷ്‌ടിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. '"Flipkart GOAT SALE", "Goat Sale Live", "Offers Sale", "FK Goats Offer's" പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജപേജുകൾ സൃഷ്‌ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അസാധാരണമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ളിപ്പ്കാർട്ടിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്കോ റീഡയറക്‌ട് ചെയ്യുന്നു. തുടർന്ന് 'ലിമിറ്റഡ് സ്‌റ്റോക്ക്', 'ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം' തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്‌ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിൻ്റെ രീതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊതുജനങ്ങൾ ഫേസ്ബുക്, ഇൻസ്‌റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു. ഫ്‌ളിപ്പ്കാർട്ടിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ.
സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ പണം അയയ്ക്കുന്നതും ഒഴിവാക്കണം. ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.
വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയിൽ വില കൂടിയ ഉത്‌പ്പന്നങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും സൈബർ തട്ടിപ്പുകാരുടെ കെണിയാണ്. ഏതെങ്കിലും ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിൻ്റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

