ETV Bharat / state

ബോംബ് കണ്ടാൽ കുരയ്ക്കും, കണക്ക് ചോദിച്ചാൽ ഉത്തരം പറയും; പൊലീസ് നായ അർജുനന് പത്താം പിറന്നാൾ ആഘോഷം

കൊട്ടാരക്കര റൂറൽ എസ്.പി ഓഫിസിൽ കേക്ക് മുറിക്കലും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയായിരുന്നു ആഘോഷം.

POLICE DOG ARJUN  NUMERICAL COGNITION  POLICE DOG TRAINING  police dog birthday celebration
പൊലീസ് നായ അർജുനന് പത്താം പിറന്നാൾ ആഘോഷം (ETV Bharat)
author img

By ETV Bharat Kerala Team

Published : September 2, 2026 at 9:06 PM IST

2 Min Read
Choose ETV Bharat

രാജീവ്‌. ആർ

കൊല്ലം: ബോംബ് കണ്ടാൽ കുരയ്ക്കും, കണക്ക് ചോദിച്ചാൽ ഉത്തരം പറയും. കൊല്ലം റൂറൽ പൊലീസിൻ്റെ പ്രിയപ്പെട്ട K9 സ്ക്വാഡിലെ കണ്മണി അർജുനൻ്റെ പത്താം പിറന്നാൾ ആഘോഷിച്ചു. കൊട്ടാരക്കര റൂറൽ എസ്.പി ഓഫിസിൽ കേക്ക് മുറിക്കലും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയായിരുന്നു ആഘോഷം. പൊലീസ് സേനയിലെ എല്ലാവരുടെയും പ്രിയപ്പെട്ട അർജുനൻ പത്താം വയസിലും തൻ്റെ അസാധാരണ കഴിവുകളിലൂടെ കൗതുകവും അഭിമാനവും നേടുകയാണ്.

പൊലീസ് നായ അർജുനന് പത്താം പിറന്നാൾ ആഘോഷം (ETV Bharat)

സ്ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിൽ മികവ്

ഡോഗ് നമ്പർ 284 എന്നറിയപ്പെടുന്ന അർജുനൻ്റെ യഥാർഥ പേര് ബ്ലാക്കിയാണ്. 2016 സെപ്റ്റംബർ ഒന്നിനാണ് കൊല്ലം റൂറൽ പൊലീസ് K9 സ്ക്വാഡ് രൂപീകരിച്ചത്. അന്ന് വെറും രണ്ടര മാസം പ്രായമായിരുന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട അർജുനൻ പൊലീസ് ഡോഗ് ഹാൻഡ്ലർമാർക്കൊപ്പം പരിശീലനത്തിനായി യാത്ര തിരിച്ചു. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൻ്റെ ദേശീയ നായ പരിശീലന കേന്ദ്രത്തിൽ പ്രത്യേക സുരക്ഷാ വിഭാഗമായ എസ്‌പിജി ബാച്ചിനൊപ്പം ഏഴ് മാസത്തെ എക്സ്പ്ലോസീവ് ഡിറ്റക്ഷൻ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അർജുനൻ കൊല്ലം റൂറൽ പൊലീസ് സേനയുടെ ഭാഗമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിവിഐപികളുടെ സുരക്ഷാ പരിശോധനാ ഡ്യൂട്ടികളിൽ അർജുനൻ മികവ് തെളിയിച്ചു. പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാടത്ത് ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയതും കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെത്തിയതും ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടൻ ബോംബ് കണ്ടെത്തിയതുമെല്ലാം അർജുനൻ്റെ അന്വേഷണ മികവിൻ്റെ തെളിവുകളാണ്.

ബോംബ് മാത്രമല്ല, കണക്കിലും പുലി

അർജുനൻ്റെ കഴിവുകൾ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും അറിയാം എന്നതാണ് അർജുനൻ്റെ മറ്റൊരു പ്രത്യേകത. ഗണിതക്രിയകൾ ചോദിച്ചാൽ കുരച്ച് കൊണ്ട് ഉത്തരം കണ്ടെത്തുന്ന അർജുനൻ ഇന്ന് പൊലീസ് സേനയിലെ കൗതുകമാണ്.

‘ത്രീ പ്ലസ് ത്രീ’ എന്ന കമാൻഡ് കേട്ടാൽ അർജുനൻ ആറ് പ്രാവശ്യം കുരയ്ക്കും. ‘ഫോർ മൈനസ് ഫോർ’ എന്ന് കേട്ടാൽ കുരയ്ക്കാതെ നിശബ്‌ദനാകും. സംഖ്യകളെ തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനുമുള്ള ഈ കഴിവിനെ ‘ന്യൂമറിക്കൽ കോഗ്നിഷൻ’ (Numerical Cognition) എന്നാണ് അറിയപ്പെടുന്നത്. സംഖ്യാ ബോധവും അളവ് തിരിച്ചറിയാനുള്ള ശേഷിയും ക്രമമായ പരിശീലനത്തിലൂടെയാണ് അർജുനൻ നേടിയതെന്ന് മുൻ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഡി.ഷൈൻ കുമാർ പറഞ്ഞു.

റൂറൽ എസ്‌പി ഷാജി സുഗുണൻ കേക്ക് മുറിച്ചപ്പോൾ അർജുനൻ അഭിവാദ്യത്തോടെ ആദ്യ മധുരം സ്വീകരിച്ചു. അഡിഷണൽ എസ്.പി, ഡി.വൈ.എസ്.പി മാരായ വി.എസ്. പ്രശാന്ത്, ഷെറീഫ്, മുൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി. ഷൈൻ കുമാർ, ഹാൻഡ്ലർമാരായ പ്രേംകുമാർ, സുധീഷ് എന്നിവരും പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുത്തു. പൊലീസ് സേനയുടെ സുരക്ഷാ ദൗത്യങ്ങളിൽ വർഷങ്ങളായി നിർണായക പങ്കുവഹിച്ച അർജുനൻ്റെ പത്താം പിറന്നാൾ ആഘോഷം സഹപ്രവർത്തകർക്ക് വേറിട്ട അനുഭവമായി.

Also Read : കേരളത്തിലാദ്യമായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലവുമായി കുസാറ്റ്; അക്കാദമിക് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം