ETV Bharat / state

നയിക്കുന്നത് പിണറായി വിജയൻ തന്നെ: ആദ്യഘട്ട സിപിഎം സ്ഥാനാർഥി പട്ടിക മാർച്ച് ഏഴിനകം

നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കണമെന്ന അഭിപ്രായത്തിന് പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു.

പിണറായി വിജയന്‍  സിപിഎം  എല്‍ഡിഎഫ്  തെരഞ്ഞെടുപ്പ്
Pinarayi Vijayan (Facebook.com)
author img

By ETV Bharat Kerala Team

Published : February 27, 2026 at 6:30 PM IST

|

Updated : February 27, 2026 at 6:45 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം| ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അടുത്ത മാസം ഏഴിനകം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള പ്രധാന മാനദണ്ഡം വിജയസാധ്യത മാത്രമാണെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം എം.എ. ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കണമെന്ന അഭിപ്രായത്തിന് പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി അംഗീകാരം നൽകുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 'രണ്ടു തവണ' എന്ന വ്യവസ്ഥ കർശനമായി നടപ്പിലാക്കില്ല. തുടർഭരണം ഉറപ്പാക്കാൻ വിജയസാധ്യത മാത്രമാണ് മാനദണ്ഡമായി കണക്കാക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി. പിണറായി വിജയൻ തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നയിക്കുമെന്ന തീരുമാനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അദ്ദേഹമാണെന്ന കാര്യം ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതി പാർട്ടിക്കില്ലാത്തതിനാൽ ഇക്കാര്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ബേബി മുൻപ് പറഞ്ഞിരുന്നത്. എന്നാൽ 75 വയസെന്ന പ്രായപരിധിയിൽ പിണറായി വിജയന് നേരത്തെ തന്നെ പോളിറ്റ് ബ്യൂറോ ഇളവ് നൽകിയിരുന്നു.

പിണറായി വിജയൻ കണ്ണൂർ ധർമ്മടത്ത് തന്നെ മത്സരിക്കാനാണ് സാധ്യത. 2021-ൽ യു.ഡി.എഫിലെ സി. രഘുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016-ൽ യു.ഡി.എഫിലെ മമ്പറം ദിവാകരനെയായിരുന്നു പിണറായി പരാജയപ്പെടുത്തിയത്. 2011-ൽ മമ്പറം ദിവാകരനെ എൽ.ഡി.എഫിലെ കെ.കെ. നാരായണനാണ് പരാജയപ്പെടുത്തിയത്. 2008-ൽ രൂപീകൃതമായ ഈ മണ്ഡലത്തിൽ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമ്മടം, പിണറായി, വെങ്ങാട് എന്നീ പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നതാണ് ധർമ്മടം. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരനാണ് വിജയിച്ചത്. കഴിഞ്ഞ പത്തുവർഷത്തെ ഭരണമികവിനുള്ള അംഗീകാരമായാണ് മൂന്നാം തവണയും മുന്നണിയെ നയിക്കാനുള്ള അവസരം പിണറായി വിജയന് ലഭിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫ്. വിജയിച്ചിരുന്നു.

പിണറായി വിജയൻ മാറിനിന്നാൽ മുന്നണിക്ക് ക്ഷീണമാകുമെന്ന അഭിപ്രായമാണ് പാർട്ടിയിലുള്ളത്. അതേസമയം, പിണറായി വിജയനെ കൂടാതെ, വിജയിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ അടുത്ത ദിവസം തന്നെ അന്തിമ തീരുമാനമാകും. കെ കെ ശൈലജയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കണമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിയ തോതിൽ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ, ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉണ്ടായത്. സ്വർണ്ണക്കടത്ത് കേസിൽ എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫ്. നടത്തിയ പ്രചാരണത്തെ വേണ്ടരീതിയിൽ പ്രതിരോധിക്കാനായില്ലെന്ന വിലയിരുത്തലും പാർട്ടി യോഗങ്ങളിലുണ്ടായി.

ഇതേത്തുടർന്ന് ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് ഇടതുമുന്നണി മൂന്ന് മേഖലാ ജാഥകൾ ആസൂത്രണം ചെയ്തത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവരാണ് ജാഥകൾ നയിച്ചത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ജനപക്ഷമെന്ന് ജാഥകളിലൂടെ വ്യക്തമായതായി ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കിയിരുന്നു.

Also Read: വിഎസ് അനുഭവ പാഠമാക്കി സിപിഎം; ശൈലജയെ ഒഴിവാക്കാനാകില്ല, മത്സരിപ്പിക്കാന്‍ പാര്‍ട്ടി, മട്ടന്നൂരില്‍ തന്നെ

Last Updated : February 27, 2026 at 6:45 PM IST