ETV Bharat / state

മാറാട് പിണറായിയെ തടഞ്ഞോ? 'സ്ത്രീകൾ ആക്രോശിച്ചു' എന്ന് മാധ്യമപ്രവർത്തകൻ; ഇല്ലെന്ന് പി.കെ ശ്രീമതി, സത്യമെന്ത്?

എകെ ബാലൻ്റെയും മുഖ്യമന്ത്രിയുടെയും പരാമർശങ്ങൾ മാറാട് കലാപം വീണ്ടും ചർച്ചയാക്കി. സന്ദർശന വിവരണത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ മുറുകുകയാണ്. സംഭവത്തിൽ വ്യത്യസ്ത വെളിപ്പെടുത്തലുകൾ പുറത്തുവന്നു.

AK BALAN MARAD STATEMENT KERALA CM PINARAYI VIJAYAN NEWS MARAD MASSACRE POLITICAL DEBATE UDF JAMAAT E ISLAMI ALLIANCE
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 9, 2026 at 11:26 AM IST

4 Min Read
Choose ETV Bharat

കെ ശശീന്ദ്രൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എകെ ബാലൻ നടത്തിയ മാറാട് പരാമർശവും തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണവുമാണ് പഴയ കലാപത്തെ വീണ്ടും ചർച്ചയാക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി എകെ ആൻ്റണിയുടെ സന്ദർശനവേളയിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയതും തൻ്റെ സന്ദർശന അനുഭവങ്ങളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ തള്ളിയും അനുകൂലിച്ചും വ്യത്യസ്ത വെളിപ്പെടുത്തലുകൾ വന്നതോടെ വിഷയം രാഷ്ട്രീയമായി ചൂടുപിടിക്കുകയാണ്.

"യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കും, ഒരു മാറാട് കലാപമല്ല ഉണ്ടാവുക" എന്ന് എകെ ബാലൻ പ്രസ്താവിച്ചു. ഒന്നിലേറെ മാറാട് കലാപമുണ്ടാവുമെന്ന ധ്വനിയാണ് ഈ പ്രസ്താവനയിൽ ഒളിഞ്ഞിരിക്കുന്നത്. ഇതാണ് പഴയ സംഭവങ്ങളെ വീണ്ടും ചർച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാറാട് സംഭവങ്ങൾ ഓർത്തെടുത്തത്. മുഖ്യമന്ത്രിയായിരുന്ന എകെ ആൻ്റണി മാറാട് സന്ദർശിക്കുമ്പോൾ അന്നത്തെ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാതിരുന്നത് ആർഎസ്എസുകാർ എതിർത്തത് കൊണ്ടാണെന്ന് പിണറായി വിജയൻ ആരോപിച്ചു. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിട്ടും എന്തുകൊണ്ട് ആൻ്റണി കൂടെ കൂട്ടിയില്ല എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. അന്ന് പാർട്ടി ഭാരവാഹി എന്ന നിലയിൽ താൻ അവിടെ പോയത് ആരുടെയും അനുമതി വാങ്ങിയിട്ടല്ലെന്നും അവിടെപ്പോയി ആളുകളെ കണ്ട് സംസാരിച്ച് തിരിച്ചുവരികയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സംഘവും 2003 മേയ് 4നാണ് മാറാട് സന്ദർശിച്ചത്. ആൻ്റണിക്ക് പിന്നാലെ താനും മാറാട് സന്ദർശിച്ച് സുഗമമായി തിരിച്ചുവന്നു എന്നാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് യാഥാർഥ്യമല്ലെന്ന് അന്ന് സ്ഥലത്തുനിന്ന് റിപ്പോർട്ട് ചെയ്ത ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അസോസിയേറ്റ് എഡിറ്റർ എംപി പ്രശാന്ത് ഇടിവി ഭാരതിനോട് പറഞ്ഞു. ആരുടെയും അനുമതി വാങ്ങാതെയാണ് പിണറായി വിജയനും സംഘവും അവിടെ സന്ദർശിച്ചത് എന്നത് ശരിയാണ്. അന്നത്തെ ബേപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബീരാൻകോയ, പി കെ ശ്രീമതി തുടങ്ങി കോഴിക്കോടുള്ള നേതാക്കളൊക്കെ പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി വിജയൻ വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ കടപ്പുറത്ത് ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നുവെന്നും എംപി പ്രശാന്ത് ഓർക്കുന്നു.

എതിർപ്പും പ്രതിഷേധവും

കൊല്ലപ്പെട്ട ആവിത്താൻ പുറായിൽ ദാസൻ്റെ വീട് സന്ദർശിച്ചപ്പോൾ ഒരു വിഭാഗം സ്ത്രീകൾ പ്രതിഷേധമുയർത്തുകയും അദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സമാധാനം കെടുത്താൻ വന്നതാണോ എന്ന ചോദ്യവുമായി യുവാക്കളും സിപിഎം സംഘത്തിന് നേരെ ആക്രോശിച്ചു. പ്രവർത്തകർ സംരക്ഷണ വലയമൊരുക്കിയാണ് പിണറായിയേയും സംഘത്തെയും രക്ഷപ്പെടുത്തിയത്. എല്ലാ വീടുകളും സന്ദർശിക്കാൻ പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്നും രണ്ടോ മൂന്നോ വീടുകളിൽ കയറുമ്പോഴേക്ക് തന്നെ പ്രതിഷേധം ശക്തമായെന്നും എംപി പ്രശാന്ത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നാട്ടുകാർ എന്ന വ്യാജേനയെത്തിയ ആർഎസ്എസ് വോളൻ്റിയർമാരാണ് തങ്ങളെ തടഞ്ഞതെന്ന് പിന്നീട് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഓരോ വീടും ആർഎസ്എസ് ശാഖയാക്കാനാണോ പദ്ധതിയെന്നും പിണറായി ചോദിച്ചിരുന്നു.

സന്ദർശനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ എൻഡിഎഫ് ആണെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ ഇൻ്റലിജൻസ് പരാജയമാണ് കലാപത്തിന് കാരണമായതെന്നും മുസ്‌ലിം ലീഗിന് എൻഡിഎഫുമായി ബന്ധമുള്ളതിനാലാണ് എകെ ആൻ്റണി സർക്കാർ നടപടിയെടുക്കാൻ മടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി എകെ ആൻ്റണിക്ക് മാറാട് സന്ദർശിക്കാൻ ആർഎസ്എസ് അനുമതി നൽകിയെന്നും എന്നാൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാൻ അവർ അനുവദിച്ചില്ലെന്നും പിണറായി വിജയൻ പിന്നീട് ആരോപിച്ചു. ആരുടെയും അനുമതിയും വാങ്ങാതെയാണ് താൻ അവിടെ പോയതെന്നും പിണറായി പറഞ്ഞിരുന്നു.

വാദങ്ങളെ പിന്തുണച്ച് പി കെ ശ്രീമതി

അതേസമയം പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ ശരിവയ്ക്കുന്നതായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. തങ്ങൾ കുറേ വീടുകൾ കയറിയിട്ടുണ്ടെന്നാണ് പി കെ ശ്രീമതി ഇടിവി ഭാരതിനോട് പറഞ്ഞത്. രണ്ട് വീടുകൾ കയറിയപ്പോൾ ഒരു സംഘം തടഞ്ഞു എന്നത് തെറ്റായ വാർത്തയാണ്. അങ്ങനെ ഒരു പ്രശ്നമേ അവിടെ ഉണ്ടായിട്ടില്ലെന്നും ഒരാൾ പോലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. സ്ത്രീകൾ ഇടപെട്ട് വീണ്ടും പ്രശ്നമുണ്ടാക്കാൻ വന്നതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും ഉയർന്നിട്ടില്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

മാറാട് കലാപത്തിൻ്റെ ചരിത്രം

മാറാട് കലാപങ്ങൾ 2002 ജനുവരി 3, 4 തീയതികളിൽ ഒരു പ്രാദേശിക ക്ലബ്ബിലെ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നാണ് ആരംഭിച്ചത്. തർക്കം പിന്നീട് വലിയ സംഘർഷത്തിൽ കലാശിച്ചു. ഈ സംഘർഷത്തിൽ മൂന്ന് മുസ്‌ലിം വിഭാഗക്കാരും രണ്ട് ഹിന്ദുക്കളും കൊല്ലപ്പെട്ടു. ഇതാണ് ഒന്നാം മാറാട് കലാപം എന്നറിയപ്പെടുന്നത്. തുടർന്ന് 2003 മേയ് 2ന് വൈകുന്നേരം മാറാട് കടപ്പുറത്ത് വച്ച് എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഈ ആക്രമണത്തിനിടെ അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. രണ്ടാം കലാപം ഒന്നാം കലാപത്തിൻ്റെ പ്രതികാരമായി ആസൂത്രണം ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മാറാട് ജുമാ മസ്ജിദിൽനിന്ന് പൊലീസ് വൻ ആയുധശേഖരവും ബോംബുകളും കണ്ടെടുത്തിരുന്നു. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷൻ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും വിദേശസഹായം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. കേസിൽ 63 പ്രതികൾക്ക് 2009ൽ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പിന്നീട് 2012ൽ ഹൈക്കോടതി 24 പേരുടെ ശിക്ഷ കൂടി ശരിവച്ചു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ദീർഘകാലം നിലനിന്നിരുന്നു. കോടതി നടപടികൾ പൂർത്തിയായെങ്കിലും ഇതിന് പിന്നിലെ വലിയ ഗൂഢാലോചനയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ഈ കേസിൻ്റെ വിചാരണക്കായാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് മാറാട് കോടതി സ്ഥാപിച്ചത്. പഴയ മുറിവുകൾ മറക്കാൻ നാട് ശ്രമിക്കുമ്പോഴാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾ പഴയ ഏടുകൾ വീണ്ടും തുറക്കുന്നത്.

Also Read:- 'തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യോഗ്യരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും'; ആശങ്ക വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ