ETV Bharat / state

പെരുമ്പാവൂർ കഞ്ചാവ് വേട്ട: കള്ളപ്പണ ഇടപാട് തേടി ഇ.ഡി റെയ്ഡ്

കൊച്ചിയിൽ നിന്നുള്ള പ്രത്യേക ഇ.ഡി സംഘത്തിൻ്റെ നേതൃത്വത്തിൽ അതിരാവിലെയാണ് പരിശോധന തുടങ്ങിയത്. രാവിലെ എട്ടരയോടെയാണ് നിർണായകമായ ഈ പരിശോധന സംബന്ധിച്ച് ഇ.ഡി സ്ഥിരീകരണം നൽകിയത്

Perumbavoor Hybrid Ganja Seizure Operation Toofan Kerala Police Enforcement Directorate Raid Kerala Money Laundering In Drug Case
Representational image (ANI)
author img

By ETV Bharat Kerala Team

Published : September 3, 2026 at 9:37 AM IST

3 Min Read
Choose ETV Bharat

എറണാകുളം: പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കള്ളപ്പണ ഇടപാട് അന്വേഷിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസ് സംബന്ധിച്ച് കോഴിക്കോടും പാലക്കാടുമായി നാല് കേന്ദ്രങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.

കൊച്ചിയിൽ നിന്നുള്ള പ്രത്യേക ഇ.ഡി സംഘത്തിൻ്റെ നേതൃത്വത്തിൽ അതിരാവിലെയാണ് പരിശോധന തുടങ്ങിയത്. രാവിലെ എട്ടരയോടെയാണ് നിർണായകമായ ഈ പരിശോധന സംബന്ധിച്ച് ഇ.ഡി സ്ഥിരീകരണം നൽകിയത്. കേസിലെ മുഖ്യപ്രതികളുടെ സാമ്പത്തിക സ്രോതസ്സുകൾ, ഹവാല ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ബിനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്തിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തുകയോ മറ്റ് ബിസിനസുകളിൽ നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

ഓപ്പറേഷൻ തൂഫാൻ
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് പെരുമ്പാവൂരിൽ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി ആയുഷ്, ഇയാളുടെ പെൺസുഹൃത്ത് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. തുടർന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്ലാറ്റിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.

ആഗോള ലഹരി വിപണിയിൽ 18 കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വാഹനങ്ങളിൽ കടത്താൻ ശ്രമിക്കുകയായിരുന്ന അത്യാധുനിക രീതിയിൽ സംസ്കരിച്ചെടുത്ത കഞ്ചാവ് ശേഖരം പിടിച്ചെടുക്കുകയായിരുന്നു. സാധാരണ കഞ്ചാവിനേക്കാൾ അഞ്ചിരട്ടിയിലേറെ വീര്യവും ഉയർന്ന വിപണിമൂല്യവുമുള്ള തായ്‌ലൻഡ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ലഹരിമരുന്നാണിത്. വിദേശ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന്, കേരളത്തിലെ പ്രധാന നഗരങ്ങളിലെയും പ്രൊഫഷണൽ കാമ്പസുകളിലെയും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ലക്ഷ്യം കള്ളപ്പണ ഇടപാടുകൾ
തായ്‌ലൻഡിലെ ഒരു പ്രധാന ഏജൻ്റ് വഴിയാണ് പ്രതികൾ നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്. ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും, ഇതിന് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. സമീപകാലത്ത് ഒരു എൻ.ഡി.പി.എസ് കേസിൽ ഇ.ഡി ഇടപെടുന്നത് ആദ്യമായാണ്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇവർ എവിടെയൊക്കെ ചെലവഴിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസിലെ പ്രധാന പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടും പാലക്കാട്ടും ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നത്. ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, ഒറ്റപ്പാലം സ്വദേശികളായ ഹരികൃഷ്ണൻ, അബു താഹിർ, സഞ്ജയ് തുടങ്ങിയവരെയും പൊലീസ് പിടികൂടിയിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ ലഹരിവിൽപനയിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തൽ. വിദേശത്ത് നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ ലഹരിക്കടത്ത് സംഘാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾ നടത്തിയ തുടരന്വേഷണമാണ് ഇ.ഡിയുടെ റെയ്ഡിലേക്ക് വഴിതെളിച്ചത്. പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വിവരങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിച്ചതിൽ നിന്ന് വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായ ഈ കേസിൽ, അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾക്കും വൻകിട ഏജൻ്റുമാർക്കും പങ്കുണ്ടോ എന്ന കാര്യമാണ് വിവിധ അന്വേഷണ ഏജൻസികൾ നിലവിൽ പരിശോധിക്കുന്നത്. റെയ്ഡ് പൂർത്തിയാകുന്നതോടെ കേസിലെ കൂടുതൽ വിവരങ്ങളും ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ച വൻസ്രാവുകളുടെ പങ്കും പുറത്തുവരുമെന്നാണ് സൂചന. ലഹരി വിൽപനയിലൂടെ നേടിയ പണം അനധികൃതമായി വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതായി തെളിഞ്ഞാൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Also Read:- വിവാദമായതോടെ നിലപാട് മാറ്റമോ...? കാന്തപുരത്തിനെതിരെയുള്ള പോസ്റ്റ് മുക്കി മുഖ്യമന്ത്രി