ഊർജസംരക്ഷണത്തിൽ വിപ്ലവവുമായി പെരിഞ്ഞനം; രാജ്യത്തെ ആദ്യ 'കമ്മ്യൂണിറ്റി ബാറ്ററി' പദ്ധതി ഉടൻ
സൗരോർജം സംഭരിച്ച് പീക്ക് സമയത്ത് ഉപയോഗിക്കാൻ പെരിഞ്ഞനത്ത് വികേന്ദ്രീകൃത ബാറ്ററി സംവിധാനം വരുന്നു. 2026-ൽ പൂർത്തിയാകുന്ന ഈ പദ്ധതി ഊർജസ്വയംപര്യാപ്തതയ്ക്ക് ദേശീയ മാതൃകയാകും.

Published : February 26, 2026 at 11:04 PM IST
തൃശൂർ: ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി സംവിധാനങ്ങൾ വികേന്ദ്രീകരിക്കുന്നതിനും പൊതുസമൂഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ശേഖരണ സംവിധാനം അനിവാര്യമാണെന്ന് പുതിയ പഠനം. ഈ ആശയം പ്രായോഗികമാക്കുന്ന രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ പദ്ധതി തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് ഉടൻ പ്രവർത്തനം തുടങ്ങും. കേരളത്തിലെ പുനരുപയോഗ ഊർജ പരിവർത്തനം പുനർനിർവചിക്കുന്ന പഠന റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരിഞ്ഞനം പഞ്ചായത്തിലെ പൈലറ്റ് കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ദേശീയ മാതൃകയാകുമെന്ന് വിദഗ്ധർ സെമിനാറിൽ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റവും പരിസ്ഥിതിയും സംബന്ധിച്ച ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് തയ്യാറാക്കിയ 'ചാർജിംഗ് ചേഞ്ച്: സ്ട്രെങ്തനിങ് കേരളാസ് എനർജി സെക്യൂരിറ്റി ത്രൂ കമ്മ്യൂണിറ്റി ഓണർഷിപ്പ്' എന്ന റിപ്പോർട്ടിൻ്റെ പ്രകാശന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 2040ഓടെ 100 ശതമാനം പുനരുപയോഗ വൈദ്യുതിയിലേക്കും 2050ഓടെ കാർബൺ ന്യൂട്രാലിറ്റിയിലേക്കും കേരളം നീങ്ങേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മേൽക്കൂര സോളാറിൽ വലിയ വളർച്ച ഉണ്ടായിട്ടും ഇറക്കുമതി വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.
പെരിഞ്ഞനം മാതൃക
2026 മെയ് മാസത്തോടെ പെരിഞ്ഞനത്ത് 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (സി-ബെസ്) കമ്മീഷൻ ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ അറിയിച്ചു. പ്രാദേശിക കമ്മ്യൂണിറ്റി മാനേജ്‌മെൻ്റിന് കീഴിൽ വികേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്ന രാജ്യത്തെ ആദ്യ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ കാലഘട്ടങ്ങളിലെ നേതൃത്വങ്ങളുടെ മുൻകൈയും ചേർന്നാണ് പദ്ധതി വിജയത്തിലേക്ക് നീങ്ങുന്നത്.
ഇലക്ട്രിക് മൊബിലിറ്റി നയവുമായി സംഭരണ മാതൃകയെ ബന്ധിപ്പിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വികേന്ദ്രീകൃത ഗ്രിഡുകളിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംഭരണ ബാറ്ററികൾ ഉപയോഗിക്കാനും അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരിച്ചുനൽകാനും പുതിയ സോളാർ നയം വഴി സാധ്യമാകും. 2018ലെ വെള്ളപ്പൊക്കത്തിൽ ദീർഘകാല വൈദ്യുതി തടസങ്ങൾ അനുഭവപ്പെട്ടതോടെയാണ് വികേന്ദ്രീകൃത ഊർജ സംവിധാനങ്ങളിലേക്കുള്ള ചിന്ത ശക്തമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത ബാക്കപ്പ് സംവിധാനങ്ങളുടെ ദുർബലത പ്രളയം തുറന്നുകാട്ടിയതായി എനർജി മാനേജ്‌മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ പറഞ്ഞു. ബേസ്‌മെൻ്റുകളിൽ സൂക്ഷിച്ചിരുന്ന ഡീസൽ ജനറേറ്ററുകൾ പ്രവർത്തനരഹിതമായതോടെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടി വന്ന സാഹചര്യം അദ്ദേഹം ഓർമിപ്പിച്ചു.
ഊർജ ആവശ്യകതയും വെല്ലുവിളികളും
കേരളത്തിൻ്റെ ഊർജഭാവിക്ക് സംഭരണ സംവിധാനം നിർണായകമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2025 ഡിസംബറോടെ സംസ്ഥാനത്തിൻ്റെ പുനരുപയോഗ ഊർജ ഉത്പാദന ശേഷി 2,382.34 മെഗാവാട്ടിലെത്തി. ഇൻസ്റ്റാൾ ചെയ്ത സോളാറിൻ്റെ 83 ശതമാനവും മേൽക്കൂര സോളാറാണ്. എന്നാൽ പീക്ക് സമയ വൈദ്യുതി ആവശ്യകത 2024 മെയ് മാസത്തിൽ 5,797 മെഗാവാട്ടിലെത്തി. നിലവിലെ പ്രവണത തുടർന്നാൽ 2030കളുടെ തുടക്കത്തിൽ ഡിമാൻഡ് 10,000 മെഗാവാട്ടിനടുത്തെത്തും.
പകൽ സൗരോർജ ഉത്പാദനം ഉയരുമ്പോൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നതാണ് പ്രധാന വെല്ലുവിളി. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വർധിക്കുന്നു. 2039-40 ഓടെ ഗ്രിഡ് സ്ഥിരതയ്ക്കായി 3.8 മുതൽ 4.1 ജിഗാവാട്ട് വരെ സംഭരണ ശേഷി ആവശ്യമായി വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിതരണ ട്രാൻസ്‌ഫോർമർ അല്ലെങ്കിൽ ഫീഡർ തലത്തിൽ സ്ഥാപിക്കുന്ന ബാറ്ററി, പകൽ മിച്ചമുള്ള സോളാർ വൈദ്യുതി സംഭരിച്ച് വൈകുന്നേരം പീക്ക് സമയത്ത് ഉപയോഗിക്കുന്നതാണ് സി-ബെസ് രീതി.
പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, ഉത്പാദക കൂട്ടായ്മകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള പങ്കിട്ട പൊതു ആസ്തിയായി ഈ സംവിധാനത്തെ രൂപപ്പെടുത്താം. ഇതിലൂടെ പീക്ക് സമയ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും സിസ്റ്റം നഷ്ടങ്ങൾ ചുരുക്കാനും മേൽക്കൂര സോളാർ ഇല്ലാത്ത വീടുകൾക്കും പ്രയോജനം ലഭിക്കുമെന്നും പഠനം പറയുന്നു. വലിയ കേന്ദ്രീകൃത പദ്ധതികൾക്ക് ബദലായി കമ്മ്യൂണിറ്റി മാനേജ്ഡ് മാതൃക ഊർജസുരക്ഷയ്ക്ക് പുതിയ വഴി തുറക്കുമെന്ന് അസറിലെ സ്ട്രാറ്റജിക് അലയൻസ് മേധാവി പ്രിയ പിള്ള പറഞ്ഞു. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ പരിമിതിയും കണക്കിലെടുത്താൽ വികേന്ദ്രീകൃത സൗരോർജ വികസനമാണ് പ്രായോഗികമെന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റെയ്നബിൾ എനർജി സ്ഥാപക ഡയറക്ടർ ജനറൽ ജിഎം പിള്ള അഭിപ്രായപ്പെട്ടു. വാണിജ്യ കെട്ടിടങ്ങളിലും പുതിയ ഭവന പദ്ധതികളിലും സൗരോർജ ഉപയോഗം നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:- 'കേരള സ്റ്റോറി 2' തിയേറ്ററുകളിലെത്തുമോ? സ്റ്റേ നീക്കാതെ ഹൈക്കോടതി വിധി പറയാൻ മാറ്റി

