ETV Bharat / state

പരിസ്ഥിതിലോല മേഖല; കേരളത്തിൽ 131 വില്ലേജുകൾ പരിധിയിൽ, ആശങ്കയോടെ മലയോര ജനത

കേരളത്തിൽ പരിസ്ഥിതി ലോല മേഖല നിയമം നടപ്പാക്കുന്നതിൽ ആശങ്കയറിച്ച് ജനം. സർക്കാരിൻ്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.

ESA KERALA NEWS  KERALA ENVIRONMENTAL ISSUE  PEOPLE CONCERN ESA DRAFT  KASTHOORIRANGAN REPORT
Environmentally Sensitive Zone Kerala (canva)
author img

By ETV Bharat Kerala Team

Published : August 31, 2026 at 7:53 PM IST

4 Min Read
Choose ETV Bharat

കെ ശശീന്ദ്രൻ

കോഴിക്കോട്: കേരളത്തിലെ പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കണമെന്ന ശക്തമായ ആവശ്യവുമായി മലയോര ജനത രംഗത്ത്. കരട് വിജ്ഞാപനത്തെ എതിർത്ത് പ്രമേയം കൊണ്ടുവരാൻ കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിരിക്കുയാണ്. സമാനരീതിയിൽ സർക്കാരിൻ്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം. പുതിയ മന്ത്രിസഭ നിലവിൽ വന്നു നൂറു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും ഇതേക്കുറിച്ച് മിണ്ടാട്ടമില്ലെന്നും സ്വതന്ത്ര കർഷക കൂട്ടായ്‌മയായ 'കിഫ' ആരോപിച്ചു.

"കേരളം പരിസ്ഥിതി ലോല മേഖല നിയമം നടപ്പാക്കാൻ യോജിച്ച ഇടമല്ല. ഒരു വില്ലേജിലെ ജനസംഖ്യ 100ൽ താഴെ ആണെങ്കിൽ മാത്രമേ ഇത് പരിഗണന വിഷയമാകുകയുള്ളൂ. ആ ഗണത്തിലുള്ള ഒരു വില്ലേജ് പോലും കേരളത്തിൽ ഇല്ല. അതുകൊണ്ടു തന്നെ ഇത് പാടെ പിൻവലിക്കണം. ആ രീതിയിലുള്ള ഒരു പ്രമേയം നിയമസഭ ചേർന്ന് പാസാക്കണം" കിഫ ചെയർമാൻ അലക്‌സ് ഒഴുകയിൽ ഇ ടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ഇഎസ്എ) ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം 131 ആണ്. മുൻപ് കസ്‌തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 123 വില്ലേജുകളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്.

ESA KERALA NEWS  KERALA ENVIRONMENTAL ISSUE  PEOPLE CONCERN ESA DRAFT  KASTHOORIRANGAN REPORT
കരട് വിജ്ഞാപനം (special arrangement)

പിന്നീട് ഈ വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജുകൾ രൂപീകരിച്ചതോടെയാണ് എണ്ണം ഉയർന്നത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, മൂന്നാർ, കാഞ്ചിയാർ, ഇരട്ടയാർ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മലപ്പുറത്തെ പോത്തുകല്ല് പത്തനംതിട്ടയിലെ ചിറ്റാർ തൃശൂർ ജില്ലയിലെ അതിരപ്പള്ളി എന്നിവയാണ് പുതിയയായി ഇടംപിടിച്ച എട്ട് വില്ലേജുകൾ.

12 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശങ്ങളുടെ ആകെ വിസ്‌തൃതി 9,993.7 ചതുരശ്ര കിലോമീറ്റർ ആണ്. ജനവാസ മേഖലകളും കൃഷിഭൂമികളും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് പരിസ്ഥിതി ലോല മേഖലകളുടെ എണ്ണം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നാണ് കേരള സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനത്തിൽ 131 വില്ലേജുകൾ തന്നെയാണ് നിലവിലുള്ളത്. ഇടുക്കി ജില്ലയിലാണ് ഇതിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നത്; 51.

ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി ഇഎസ്എ പ്രഖ്യാപിക്കണമെന്നും കൃഷി ഭൂമിയെ സംരക്ഷിക്കണമെന്നുമാണ് കോഴിക്കോട് ജില്ലയിലെ കർഷകർ പ്രധാനമായും ആവശ്യപ്പെടുന്നത്. പഞ്ചായത്തിലെ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകൾ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല മേഖലയായാണുൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് പരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇഎസ്എ പരിധിയിലായിട്ടായാണ് 2024ലെ മാപ്പിൽ നിർണയിച്ചിട്ടുള്ളത്.

സെപ്റ്റംബർ 5ന് ഈ വിഷയം പ്രത്യേക അജണ്ടയായി ഭരണ സമിതി യോഗം ചർച്ച ചെയ്യുമെന്നും 10നുള്ളിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മോളി ആയിത്തമറ്റം പറഞ്ഞു. കെഎംഎൽ ഫയൽ പ്രകാരം പുതിയ അതിർത്തി നിശ്ചയിച്ചു സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

കർഷകരും മലയോര നിവാസികളും ഉന്നയിക്കുന്ന ആശങ്കകൾ

കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ മണ്ണ് ഇളക്കാൻ മണ്ണുമാന്തി പോലും ഉപയോഗിക്കാനാകില്ല. വീടിനു മേലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പ് വെട്ടാൻപോലും കഴിയാത്ത സാഹചര്യമുണ്ട്. വീടിൻ്റെ അറ്റകുറ്റപ്പണികൾക്കും നിയന്ത്രണം വന്നേക്കും. നിർമാണപ്രവൃത്തി നടത്താൻ വനം
വകുപ്പിൻ്റെ അനുമതി വേണ്ടി വരും. ഇടവിളക്കൃഷി മാത്രമേ സാധിക്കൂ. രാത്രി ദീർഘനേരം ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിനു നിയന്ത്രണമുണ്ടാകും.

കരട് വിജ്ഞാപനപ്രകാരം നിരോധനമുള്ളവ

കരിങ്കൽ ക്വാറികൾ, മണലെടുപ്പ്, ഖനനം എന്നിവ പൂർണമായി നിരോധിക്കും. നിലവിൽ പ്രവർത്തിക്കുന്നവ വിജ്ഞാപനം വന്ന് അഞ്ച് വർഷത്തിനുള്ളിലോ പാട്ടക്കരാർ തീരുമ്പോഴോ നിർത്തലാക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വൻകിട മലിനീകരണ വ്യവസായങ്ങൾക്ക് അനുമതി ഉണ്ടാകില്ല. 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്‌തീർണമുള്ള വലിയ കെട്ടിട നിർമാണങ്ങൾ, 50 ഹെക്ടറോ അതിൽ കൂടുതലോ വരുന്ന ടൗൺഷിപ്പുകൾ ഏരിയ വികസന പദ്ധതികൾ എന്നിവ അനുവദിക്കില്ല. പുതിയ താപവൈദ്യുത പ്രോജക്‌ട് പാടില്ല.

പരിസ്ഥിതി ലോല മേഖലയാക്കിമാറ്റി കഴിഞ്ഞാൽ പിന്നെ ഈ മേഖലയിൽ പ്രവേശിക്കാൻ അനുമതി വേണ്ടി വരും. നിലവിൽ ടൂറിസം മേഖലയാണു കർഷകർക്കും മലയോരവാസികൾക്കും എന്തെങ്കിലും വരുമാനത്തിനുള്ള സാധ്യത. നിയന്ത്രണം വരുന്നതോടെ അതില്ലാതാകും. ഭൂമി വിൽപന, കൈമാറ്റം, ബാങ്ക് വായ്‌പ അടക്കമുള്ള കാര്യങ്ങളെ ബാധിക്കും. ജനവാസ കേന്ദ്രം എന്നതിൻ്റെ എല്ലാ ആനുകുല്യങ്ങളും നഷ്ടപ്പെടും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിവിധ ഫാം ടൂറിസം മേഖലകൾ എന്നിവയെല്ലാം നിയന്ത്രണം വരുന്നതോടെ അപ്രസക്തമാകും.

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിൻ്റെ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഏഴാം കരട് വിജ്ഞാപന പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളാണ് നിലവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലായി ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല പരിധിയിൽ കൊണ്ടുവരാൻ നിർദ്ദേശിച്ചിട്ടുള്ളത്.

സംസ്ഥാനം തിരിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

കർണാടക: നിർദ്ദിഷ്‌ട വിജ്ഞാപന പ്രകാരം ഏറ്റവും കൂടുതൽ പരിസ്ഥിതി ലോല പ്രദേശം ഉൾപ്പെട്ടിരിക്കുന്നത് കർണാടകയിലാണ് (ആകെ വിസ്‌തൃതിയുടെ 36.3 ശതമാനം).
മഹാരാഷ്ട്ര: വിസ്‌തൃതിയിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര.
കേരളം: വിസ്‌തൃതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്. പുതിയ വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇതിൽ ഉൾപ്പെടുന്നു.

തമിഴ്‌നാട്: തമിഴ്‌നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഗോവ & ഗുജറാത്ത്: ഈ പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങളാണിവ. ഇതിൽ കേന്ദ്രത്തൻ്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായി ആദ്യം അനുകൂല നിലപാട് അറിയിച്ചത് ഗുജറാത്താണ് (64 ഗ്രാമങ്ങളിലായി 470 ചതുരശ്ര കിലോമീറ്റർ).

(ശ്രദ്ധിക്കുക: ഇതുകൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള 10 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങൾ അതത് സംസ്ഥാനങ്ങളിൽ 'ഇക്കോ സെൻസിറ്റീവ് സോണുകളായി' (ESZ) പ്രത്യേകമായി വിജ്ഞാപനം ചെയ്യാറുണ്ട്.)

സംസ്ഥാനം തിരിച്ചുള്ള പരിസ്ഥിതി ലോല വിസ്‌തൃതി
1. കർണ്ണാടക - 20,668 ച.കി.മീ.
2. മഹാരാഷ്ട്ര - 17,340 ച.കി.മീ.
3. കേരളം -9,993.7 ച.കി.മീ.
4. തമിഴ്‌നാട് - 6,914 ച.കി.മീ.
5. ഗോവ -1,461 ച.കി.മീ.
6. ഗുജറാത്ത് - 449 ച.കി.മീ.

ALSO READ: കൊച്ചി മെട്രോ എംഡിയായി ജി. പ്രിയങ്ക ചുതലയേറ്റു; അഞ്ച് വർഷത്തെ നേട്ടങ്ങള്‍ പങ്കുവെച്ച് ലോക്‌നാഥ് ബെഹ്‌റ