രാഷ്ട്രീയാടിസ്ഥാനത്തില്‍ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്ന കേരളം; പഞ്ചായത്ത് രാജ് വന്ന വഴി
ഒരിടവേളക്ക് ശേഷം സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് കാലത്തേക്ക് ചുവടുവെക്കുകയാണ്.അധികാരസ്ഥാനങ്ങളിലേക്ക് സാധാരണക്കാര്‍ക്ക് നേരിട്ടെത്താനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്.കേരളത്തിലെയും രാജ്യത്തേയും പ്രാദേശികഭരണ സംവിധാനങ്ങളുടെ ചരിത്രവും വികാസ പരിണാമങ്ങളും അടുത്തറിയാം.

Published : November 8, 2025 at 4:01 PM IST
|Updated : November 8, 2025 at 5:00 PM IST
വി.മായാദേവി
ജനാധിപത്യത്തിന്‍റെ ഉല്‍സവമാണ് തെരഞ്ഞെടുപ്പുകള്‍. ഒരിടവേളക്ക് ശേഷം കേരളം വീണ്ടും തെരഞ്ഞെടുപ്പ് കാലത്തേക്ക് ചുവടുവെക്കുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളുമൊക്കെ താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാപ്പകലില്ലാതെ വോട്ട് പിടിക്കാനും പ്രചാരണം നടത്താനുമുള്ള വേളകളാണ്. എന്നാല്‍ അധികാരസ്ഥാനങ്ങളിലേക്ക് സാധാരണക്കാര്‍ക്ക് നേരിട്ടെത്താനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. കേരളം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് അമര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മുന്നണികള്‍ സ്ഥാനാര്‍ത്ഥികളുമായി തയാറായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ 23409 പ്രാദേശിക ജനപ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെടുക. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയും കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ഏരിയയും ഒഴികെ കേരളത്തിലെമ്പാടും ഇനി തെരഞ്ഞെടുപ്പിന്‍റെ നാളുകളാവും.941 ഗ്രാമ പഞ്ചായത്തുകളുള്ളതില്‍ 471 പഞ്ചായത്തുകളിലും ആറ് കോര്‍പ്പറേഷനുകളില്‍ മൂന്നിടത്തും 152 ബ്ലോക്ക് ബഞ്ചായത്തുകളുള്ളതില്‍ 67 ഇടത്തും 87 മുന്‍സിപ്പാലിറ്റികളില്‍ 44 ഇടത്തും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്തും വനിതാ അധ്യക്ഷമാര്‍ വരും.
പ്രാദേശിക സര്‍ക്കാരുകളുടെ തുടക്കം
രാജ്യത്തെ ജനാധിപത്യ ഭരണത്തില്‍ ഏറെ നിര്‍ണായകമായ സംവിധാനമാണ് പഞ്ചായത്തീരാജ്. പ്രാദേശിക തലത്തില്‍ ജനങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാനാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. നമ്മുടെ രാജ്യത്ത് നിലവിലുള്ള പഞ്ചായത്ത് രാജ് സംവിധാനം 1992ലാണ് നിലവില്‍ വന്നത്. എന്നാല്‍ ബിസി1700 മുതല്‍ തന്നെ ഇത്തരം ഭരണസംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന. സഭകള്‍ എന്നറിയപ്പെട്ടിരുന്ന ഇത്തരം ഭരണസംവിധാനങ്ങള്‍ പിന്നീട് അഞ്ചംഗ സമിതികള്‍ എന്നര്‍ത്ഥത്തില്‍ പഞ്ചായത്തുകളായി പരിണമിച്ചു.

പൗരാണിക കാലത്ത് ജനപദങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ചെറു നാട്ടുരാജ്യങ്ങളായിരുന്നു നിലനിന്നിരുന്നത്. സഭകളെന്നും സമിതികളെന്നും വിളിച്ചിരുന്ന ഭരണസംവിധാനമായിരുന്നു ഈ ജനപദങ്ങളുടെ പ്രാദേശിക തലത്തില്‍ നിലനിന്നിരുന്നത്. പിന്നീട് മൗര്യ വംശ കാലത്ത്(322-185 ബിസിയില്‍) അശോക ചക്രവര്‍ത്തി പ്രാദേശിക ഭരണത്തിനായി മഹാമന്ത്രാസ് എന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു.

മധ്യകാലഘട്ടം എത്തിയപ്പോഴേക്കും നമ്മുടെ രാജ്യത്ത് ഭൂപ്രഭുക്കന്‍മാരും ജന്മിമാരും തങ്ങളുടെ പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങി. പിന്നീട് ഡല്‍ഹി സുല്‍ത്താന്‍മാരും മുഗള്‍ ചക്രവര്‍ത്തിമാരും നികുതി പിരിവിനും സൈനിക സേവനങ്ങള്‍ക്കുമായി ജാഗിറുമാരെ നിയമിച്ച് ഭരിച്ചു തുടങ്ങി. ചിലയിടങ്ങളില്‍ പ്രാദേശിക തലവന്‍മാരും നാട്ടുരാജാക്കന്‍മാരുമായിരുന്നു പ്രാദേശിക ഭരണകൂടം. കര്‍ഷകരില്‍ നിന്ന് കരം പിരിക്കുകയായിരുന്നു പ്രധാന ജോലി.

കോളനിവാഴ്‌ചക്കാലം
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷ് രാജകുടുംബവവും കേന്ദ്രീകൃത ഭരണ സംവിധാനമാണ് പിന്തുടര്‍ന്നത്. ഇത് പ്രാദേശിക ഭരണത്തെ വളരെയേറെ ബാധിച്ചു. ഇവര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിവിനായി സെമീന്ദര്‍മാര്‍ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെ നിയമിച്ചു.

പിന്നീട് ബ്രിട്ടീഷുകാരാണ് ശരിക്കും സ്വയംഭരണാധികാരമുള്ള പ്രാദേശിക ഭരണകൂടം ആവിഷ്ക്കരിച്ചത്. മൊണ്ടേഗു -ചെംസ്ഫോര്‍ഡ് പരിഷ്ക്കാരങ്ങള്‍(1919)ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്‌ട്(1935) തുടങ്ങിയവ പ്രാദേശിക ഭരണത്തിന് ശുപാര്‍ശ ചെയ്‌തിരുന്നു. പ്രാദേശിക സ്വയംഭരണം ഉറപ്പ് നല്‍കുന്ന ഭരണകൂടം ഗ്രാമതലത്തില്‍ ആവിഷ്ക്കരിച്ചിരുന്നു.

ബെല്‍വന്ത് റായ് മെഹ്‌ത്ത സമിതി
1957ല്‍ ബല്‍വന്ത് റായ് മെഹ്‌ത്ത സമിതിയാണ് ആദ്യമായി ജനാധിപത്യ വികേന്ദ്രീകരണം എന്ന ആശയം മുന്നോട്ട് വച്ചത്. ഭരണ സൗകര്യത്തിനായി ഗ്രാമതലത്തില്‍ പഞ്ചായത്തുകളും ബ്ലോക്ക് തലത്തില്‍ പഞ്ചായത്ത് സമിതികളും ജില്ലാ തലത്തില്‍ ജില്ലാ പരിഷത്തും വേണമെന്ന് സമിതി ശുപാര്‍ശ ചെയ്‌തു. ജില്ലാകളക്‌ടറായിരിക്കും ജില്ലാ പരിഷത്തിന്‍റെ അധ്യക്ഷന്‍. വിഭവങ്ങള്‍ ഈ സമിതികളിലൂടെ താഴെത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
1959ല്‍ രാജസ്ഥാനാണ് ഈ ത്രിതല പഞ്ചായത്ത് സംവിധാനം ആദ്യമായി നടപ്പാക്കുന്നത്. രാജസ്ഥാനെ പിന്തുടര്‍ന്ന് ആന്ധ്രയും ത്രിതല പഞ്ചായത്ത് സംവിധാനം കൊണ്ടു വന്നു. ചില സംസ്ഥാനങ്ങള്‍ ഒരു പടി കൂടി കടന്ന് നാല് തലങ്ങള്‍ ആവിഷ്ക്കരിച്ചു. ന്യായ പഞ്ചായത്ത് എന്ന് പേരിട്ട നീതിന്യായ സംവിധാനം കൂടിയാണ് അവര്‍ ഉള്‍പ്പെടുത്തിയത്.

അശോക് മേത്ത സമിതി(1977-1978)
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്താന്‍ ജനത സര്‍ക്കാരാണ് അശോക് മേത്ത സമിതിക്ക് രൂപം നല്‍കിയത്. 132 ശുപാര്‍ശകളാണ് സമിതി മുന്നോട്ട് വച്ചത്. അതില്‍ പ്രധാനം ഇവയാണ്
- ദ്വിതല സംവിധാനത്തിന് പകരം ത്രിതല സംവിധാനം
- തെരഞ്ഞെടുപ്പില്‍ എല്ലാ തലത്തിലും രാഷ്‌ട്രീയ കക്ഷികളുടെ പങ്കാളിത്തം
- നികുതി പിരിവിനുള്ള അധികാരം ഈ സ്ഥാപനങ്ങളില്‍ നിക്ഷിപ്‌തമാക്കുക
- സംസ്ഥാനതല ആസൂത്രണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത് ജില്ലാ പരിഷത്തുകളാണ്
- സംസ്ഥാന മന്ത്രിസഭയില്‍ പഞ്ചായത്തി രാജിന് വേണ്ടി ഒരു മന്ത്രിയെ ചുമതലപ്പെടുത്തണം
- പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കണം
എന്നാല്‍ സമിതിയുടെ ശുപാര്‍ശയില്‍ തീരുമാനം എടുക്കും മുമ്പ് ജനത സര്‍ക്കാരിന് അധികാരം നഷ്‌ടമായി.

ജിവികെ റാവു സമിതി(1985)
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അധികാരം ക്രമേണ എടുത്ത് മാറ്റുന്നത് വേരുകളില്ലാതെ പുല്ല് പറിച്ച് നീക്കും പോലെ ആകുമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ജിവികെ റാവു സമിതിയുടെ വിലയിരുത്തല്‍.
- ജില്ലാ പരിഷത്തിന് പ്രഥമ പരിഗണന നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ
- ജില്ലാ വികസന കമ്മീഷണര്‍ എന്നൊരു തസ്‌തിക സൃഷ്‌ടിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
- കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ശുപാര്‍ശ
എല്‍ എം സിഗ്‌വി സമിതി(1986)
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണിത്. സമിതിയുടെ സുപ്രധാന ശുപാര്‍ശകള്‍ ഇവ ആയിരുന്നു.
- പഞ്ചായത്തീ രാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ സാധുത
- ഗ്രാമങ്ങളുടെ കൂട്ടായ്‌മകള്‍ക്കായി ന്യായ പഞ്ചായത്തുകള്‍ സ്ഥാപിക്കണമെന്നും ശുപാര്‍ശ
ലോക്‌സഭയില്‍ 1989ല്‍ തന്നെ 64ാം ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസായില്ല. പിന്നീട് നരസിംഹ റാവുവിന്‍റെ ഭരണകാലത്താണ് 1992ല്‍ 73,74 ഭരണഘടന ഭേദഗതികളുടെ രൂപത്തില്‍ ഇത് യാഥാര്‍ത്ഥ്യമായത്.

പഞ്ചായത്തി രാജ് സംവിധാനം; 1992ലെ 73,74 ഭരണഘടനാ ഭേദഗതികള്‍
1992ലെ നിയമങ്ങള്‍ ഭരണഘടനയില്‍ രണ്ട് പുതിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 9,9എ എന്നിവയായിരുന്നു അത്. രണ്ട് പുതിയ പട്ടികകളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. 11ഉം12ഉം
എല്ലാ സംസ്ഥാനങ്ങളിലും ത്രിതല പഞ്ചായത്ത് സംവിധാനം ശുപാര്‍ശ ചെയ്‌തു.
അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ട് പഞ്ചായത്തീ രാജ് സ്ഥാപനങ്ങള്‍ക്കായി 1992ല്‍ കേന്ദ്രസര്‍ക്കാര്‍ 73,74 ഭരണഘടന ഭേദഗതികള്‍ കൊണ്ടു വന്നതിന് തൊട്ടുപിന്നാലെ കേരള സര്‍ക്കാര്‍ കേരള പഞ്ചായത്തീ രാജ് നിയമവും കേരള നഗരപാലിക നിയമവും 1994ല്‍ പാസാക്കി. ത്രിതല പഞ്ചായത്ത് സംവിധാനം വിഭാവനം ചെയ്‌ത് കൊണ്ടുള്ള നിയമം ആയിരുന്നു ഇത്. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ട ത്രിതലഗ്രാമീണ ഭരണ സംവിധാനവും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളുമുള്ള ഏകതല ഭരണ സംവിധാനം നഗര-അര്‍ദ്ധ നഗര മേഖലകള്‍ക്കുമായാണ് ഈ നിയമങ്ങള്‍ വിഭാവന ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നല്‍കുന്ന നിയമമായിരുന്നു ഇത്. അടിസ്ഥാന പൗരാവകാശങ്ങള്‍ ഉറപ്പാക്കല്‍ മുതല്‍ സാമ്പത്തിക വികസനവും സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ നല്‍കലുമടക്കമുള്ള ബൃഹത്തായ ഉത്തരവാദിത്തങ്ങളാണ് ഇതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.
വികസന ഭരണം എന്നതായിരുന്നു കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. കേന്ദ്രപദ്ധതികളും സംസ്ഥാന പദ്ധതികളും ബാഹ്യസഹായമുള്ള പദ്ധതികളും പൊതുജനങ്ങള്‍ക്കായി കാര്യക്ഷമമായി നടപ്പാക്കുക എന്നതായിരുന്നു ഇവയുടെ ഉത്തരവാദിത്തം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്ന ശേഷം ത്രിതല പഞ്ചായത്തുകളില്‍ കക്ഷി രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പശ്ചിമ ബംഗാളാണ് കക്ഷി രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനം.
"ആന്ധ്രയിലും തെലങ്കാനയിലും പഞ്ചായത്ത് രാജ് സംവിധാനം നിലവിലുണ്ട്. പക്ഷേ ഇവിടെ കക്ഷി രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ അല്ല താഴെ തട്ടില്‍ തെരഞ്ഞെടുപ്പ്. ബ്ലോക്ക് അഥവ മണ്ഡല തലത്തില്‍ രാഷ്‌ട്രീയ കക്ഷികളെ കളത്തിലിറക്കാനാകും. മിക്ക സംസ്ഥാനങ്ങളിലും നാഗരിക ഘടകങ്ങളില്‍ അതായത് നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും കക്ഷി രാഷ്‌ട്രീയ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഗ്രാമീണ ത്രിതല പഞ്ചായത്തുകളില്‍ ഇത് അനുവദനീയമല്ല." ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്ര വകുപ്പ് അധ്യാപകന്‍ പ്രൊഫ.ഡോ.ബി എല്‍ ബിജു ചൂണ്ടിക്കാട്ടുന്നു. അതേസമയം ചെന്നൈ, ഡല്‍ഹി, മുംബൈ പോലുള്ള രാജ്യത്തെ മിക്ക സുപ്രധാന മെട്രോ നഗരങ്ങളിലും കക്ഷി രാഷ്‌ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് ജനവിധി തേടാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ ചുമതല. കേരള നിയമസഭയില്‍ അംഗമായിട്ടുള്ള മന്ത്രിസഭയിലെ ഒരു മന്ത്രി വകുപ്പിന്‍റെ ചുമതല വഹിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ ചുമതല. ഭരണഘടന നിഷ്‌കര്‍ഷിക്കും വിധം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ മേല്‍നോട്ടം സംസ്ഥാന ധനകമ്മീഷനില്‍ നിക്ഷിപ്‌തമാണ്.
എന്താണ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും?
പ്രാദേശിക ഭരണത്തിനായി സജ്ജമാക്കിയിട്ടുള്ള ഏറ്റവും ചെറിയ യൂണിറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളാണിവ. രണ്ടിനും മൂന്ന് തലങ്ങളുമുണ്ട്.
പഞ്ചായത്ത് രാജിന്‍റെ ഏറ്റവും താഴെത്തട്ടിലുള്ള ഘടകം ഗ്രാമപഞ്ചായത്താണ്. പഞ്ചായത്തിലെ നിശ്ചിത ഇടത്തെ രജിസ്റ്റര്‍ ചെയ്‌ത വോട്ടര്‍മാരുടെ കൂട്ടായ്‌മയാണ് ഗ്രാമസഭകള്‍. ഈ ഗ്രാമസഭകളുടെ ചുമതലകളും അധികാരവും തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
74ാം ഭരണഘടനാ ഭേദഗതി മൂന്ന് തരം മുനിസിപ്പാലികള്‍ അഥവ നഗരസഭകള്‍ വിഭാവനം ചെയ്യുന്നു.
1. നഗര പഞ്ചായത്തുകള്‍-ഗ്രാമീണതലത്തില്‍ നിന്ന് നഗരമായി വികസന ഘട്ടത്തില്‍
2. മുനിസിപ്പല്‍ കൗണ്‍സിലുകള്‍- ചെറു നഗരമേഖല
3. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍-വലിയ നാഗരിക മേഖലയ്ക്കായി
പഞ്ചായത്തീ രാജ് -നഗരപാലിക നിയമം
1994ലാണ് കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. 1994ലെ നഗരപാലിക നിയമം മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്നു.
"കേരളത്തില്‍ തുടക്കം മുതല്‍ തന്നെ പഞ്ചായത്തീരാജ് സംവിധാനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടേത്. നേരത്തെ തന്നെ താഴെത്തട്ടില്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തിലുള്ള വേരോട്ടം തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം തന്നെയാണ് ഇതിന് കാരണം. " കേരളത്തിലെ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലറും കേരള സര്‍വകലാശാല രാഷ്‌ട്രതതന്ത്ര വകുപ്പ് മുന്‍ മേധാവിയും തെരഞ്ഞെടുപ്പ് അവലോകന വിദഗ്ദ്ധനുമായ ഡോ.ജി ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കില്‍ പിന്നെ നമുക്ക് സെക്രട്ടറിയേറ്റ് ഇനി ഇടിച്ച് നിരത്തിക്കളയാം എന്ന് അന്ന് നിയമസഭ സ്‌പീക്കറായിരുന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ പരസ്യമായി പറഞ്ഞതും അദ്ദേഹം ഓര്‍മ്മിച്ചു.
സംസ്ഥാനത്തെമ്പാടുമായി 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളുമാണ് ഉള്ളത്.

കക്ഷികളും സഖ്യവും
തൊണ്ണൂറുകളുടെ മധ്യത്തോടെ നിലവില്‍ വന്ന പുതിയ സംവിധാനത്തിലുള്ള തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ നിലവിലുള്ള മുന്നണി സംവിധാനത്തില്‍ത്തന്നെയാണ് കക്ഷികള്‍ മല്‍സരിക്കുന്നത്. കേരളത്തില്‍ പ്രധാനമായും മൂന്ന് രാഷ്‌ട്രീയ സഖ്യങ്ങളാണ് ഉള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഒന്ന്. സിപിഎം ആണ് ഈ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെയുമാണ് മറ്റ് സഖ്യങ്ങള്‍.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്ന് തലങ്ങളില്‍ വോട്ട് ചെയ്യേണ്ടി വരുമ്പോള്‍ മൂന്ന് തരത്തില്‍ തന്നെ ഒരേ വോട്ടര്‍ തന്‍റെ വോട്ടവകാശം വിനിയോഗിക്കുന്നതായി കാണാം. ഗ്രാമതലത്തില്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്ന വ്യക്തി ബ്ലോക്കില്‍ യുഡിഎഫിനും വീണ്ടും ജില്ലയില്‍ ഇടതിനും വോട്ട് ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ ത്രിതല പഞ്ചായത്ത്-മുനിസിപ്പാലിറ്റി- കോര്‍പ്പറേഷനുകള്‍ എന്നിവയെടുക്കുമ്പോള്‍ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് കൂടുതല്‍ സ്വീകാര്യത ഉള്ളതായി കാണാം. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വോട്ട് ചെയ്യുന്നവര്‍ക്ക് ഒരു തലത്തില്‍ മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ. അവര്‍ക്ക് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതില്ല.

