ETV Bharat / state

'നോമ്പ് തടസമാകരുത്, പൊങ്കാല ഭക്തർക്കായി പള്ളികൾ തുറക്കണം'; ആഹ്വാനവുമായി പാളയം ഇമാം

റമദാൻ കാലമാണെങ്കിലും നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടിവെള്ളവും ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കി മാനവികതയുടെ മാതൃകയാകാനാണ് ഈ ആഹ്വാനം.

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല പാളയം ഇമാം സുഹൈബ് മൗലവി റമദാൻ കാലത്തെ ആറ്റുകാൽ പൊങ്കാല പാളയം പള്ളി മതസൗഹാർദ മാതൃക
പാളയം ഇമാം വി പി സുഹൈബ് മൗലവി ജുമുഅ ഖുത്വുബ നിർവഹിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 11:18 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. ഇത് കേവലം ഒരു ചടങ്ങല്ലെന്നും മറിച്ച് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉദാത്തമായ ആവിഷ്കാരത്തിനുള്ള സമയമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാളയം മസ്‌ജിദിൽ ജുമുഅ ഖുത്വുബ (വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർഥന) നടത്തവെയാണ് ഇക്കാര്യം സുഹൈബ് മൗലവി വിശദമാക്കിയത്.

മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണം

പൊങ്കാലയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ചടങ്ങുകളിലും വിശ്വാസപരമായ പങ്കാളിത്തം ഇല്ലെങ്കിലും നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സഹോദരിമാരെയും കുട്ടികളെയും സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് അദ്ദേഹം നിർദേശിച്ചു. പൊങ്കാലക്കെത്തുന്നവർക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാൻ സാധിക്കണമെന്നും അതിനായി മസ്ജിദുകളും വീടുകളും അവർക്കായി പൂർണമായും തുറന്നുകൊടുക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഇമാം വ്യക്തമാക്കി. പൊങ്കാല ദിവസം കഠിനമായ വെയിലിനെ അവഗണിച്ചാണ് ലക്ഷക്കണക്കിന് അമ്മമാർ നഗരത്തിലെത്തുന്നത് എന്നതിനാൽ അവർക്ക് അത്യാവശ്യമായ കുടിവെള്ളവും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കാൻ മുസ്‌ലിം പള്ളികളും വിശ്വാസികളുടെ വീടുകളും സജ്ജമാകണം.

റമദാൻ നോമ്പ് തടസമാകരുത്

ഇസ്‌ലാം മതവിശ്വാസികൾക്ക് ഇത് വിശുദ്ധ റമദാൻ കാലമാണ്. തിരുവനന്തപുരത്ത് എല്ലായിടത്തും പൊങ്കാലക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. തെരുവ് വീഥികൾ പൊങ്കാല കലങ്ങൾ കൊണ്ട് നിറയുകയാണ്. കഴിഞ്ഞ തവണയും റമദാൻ നോമ്പും ആറ്റുകാൽ പൊങ്കാലയും ഒരുമിച്ചാണ് വന്നത്. മറ്റൊരു വിശ്വാസത്തെ അനുകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ലെങ്കിലും മനുഷ്യത്വത്തിൻ്റെ വിഷയമാണ് മുന്നിലുള്ളതെന്ന് പാളയം ഇമാം ജുമാ പ്രസംഗത്തിൽ ഓർമിപ്പിച്ചു. പല നാട്ടിൽ നിന്ന് ലക്ഷക്കണക്കിന് ഹിന്ദു സഹോദരിമാരും കുട്ടികളും അടക്കം അനേകം ഭക്തർ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുമ്പോൾ അവർക്ക് വെള്ളവും ഭക്ഷണവും നൽകാൻ നോമ്പ് ഒരു തടസമാകരുത്. പകൽ സമയം വീടുകളിൽ ഭക്ഷണം ഉണ്ടാകാൻ വഴിയില്ലാത്തതിനാൽ പൊങ്കാല ദിവസം ആവശ്യത്തിന് വെള്ളവും ഭക്ഷണവും മുൻകൂട്ടി കരുതണമെന്നും അദ്ദേഹം നിർദേശിച്ചു.

മാതൃകയായി പാളയത്തെ ആരാധനാലയങ്ങൾ

മതസൗഹാർദത്തിനപ്പുറം മാനവികതയുടെ വലിയൊരു സന്ദേശമാണ് ഇമാം ഇതിലൂടെ പങ്കുവയ്ക്കുന്നത്. ആറ്റുകാൽ പൊങ്കാല സമയത്ത് തലസ്ഥാന നഗരിയിലേക്ക് എത്തുന്ന ഭക്തർക്ക് എന്നും വലിയ തോതിലുള്ള സഹായങ്ങൾ നൽകി വരുന്നത് പാളയം പള്ളി ഉൾപ്പെടെയുള്ള മസ്ജിദുകളും സമീപത്തെ ക്രൈസ്തവ ദേവാലയങ്ങളുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വിശ്രമ സൗകര്യങ്ങൾ, കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നതിൽ ഈ സ്ഥാപനങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു.

വർഗീയ വേർതിരിവുകൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ കേരളത്തിൻ്റെ യഥാർഥ മതസൗഹാർദ മാതൃക ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ഈ നിലപാട്. അപരമത വിദ്വേഷം പറയുന്നവർക്ക് മുൻപിൽ മതസൗഹാർദത്തിൻ്റെ വലിയൊരു മാതൃകയാണ് തിരുവനന്തപുരം കാണിച്ചുതരുന്നത്. ഒരേ മതിൽ പങ്കിടുന്ന പാളയം ജുമാ മസ്ജിദും അതിനോട് ചേർന്നുള്ള ശക്തിവിനായക ക്ഷേത്രവും തൊട്ട് റോഡിനപ്പുറത്തായി സ്ഥിതി ചെയ്യുന്ന പാളയത്തെ സെൻ്റ് ജോസഫ് ചർച്ചും ഇതിന് ഉദാഹരണമാണ്. ഇതാണ് യഥാർഥ കേരളത്തിൻ്റെ കഥയെന്നും ഇത്തരം കാര്യങ്ങളിൽ കേരള സമൂഹത്തിന് യാതൊരു പുതുമയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:- മുൻകൂർ അനുമതിയില്ല; ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പ്രവേശനം നിഷേധിച്ച് എൻഎസ്എസ്