ജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാം, ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം കൂടുതല്‍ ജനകീയമാക്കും: ആഭ്യന്തര മന്ത്രി
ഈ മാസം 20 ന് രണ്ടാംഘട്ടം തുടങ്ങാനാണ് ആലോചന. വിശദരൂപം നൽകാൻ ഇന്ന് മന്ത്രി കെ എം ഷാജി, തദ്ദേശഭരണ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, തൂഫാൻ നോഡൽ ഓഫിസർ തുടങ്ങിയവരുമായി യോഗം ചേരും.

Published : September 2, 2026 at 2:26 PM IST
ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ജനകീയ പ്രസ്ഥാനമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിനെ ശക്തമാക്കി, ജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന വിധത്തിലാകും രണ്ടാം ഘട്ടമെന്നും തദ്ദേശ സ്ഥാപനങ്ങളെയും കണ്ണിചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20 ന് രണ്ടാംഘട്ടം തുടങ്ങാനാണ് ആലോചന. വിശദരൂപം നൽകാൻ ഇന്ന് മന്ത്രി കെ എം ഷാജി, തദ്ദേശഭരണ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, തൂഫാൻ നോഡൽ ഓഫിസർ തുടങ്ങിയവരുമായി തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാംഘട്ടത്തിൻ്റെ തീയതി യോഗത്തിൽ തീരുമാനിക്കും.
കേരളത്തിലെ യുഡിഎഫ് സർക്കാർ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഓപ്പറേഷൻ തൂഫാൻ. ജൂൺ 2 ന് ഉദ്ഘാടനം ചെയ്‌ത ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ ഒൻപതിനായിരത്തോളം കേസുകളിലായി 10,600 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 170 കോടി രൂപയുടെ ലഹരി വസ്‌തുക്കളാണ് പിടികൂടിയത്. അമ്മമാരുടെയും സഹോദരമാരുടെയും പിന്തുണയോടെയാണ് തൂഫാൻ വമ്പിച്ച വിജയമായി മാറിയത്. ഹിന്ദു, ക്രിസ്‌റ്റ്യൻ, മുസ്‌ലിം മതസംഘടകളും തൂഫാനെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ ആരോപണം
രാഷ്ട്രീയം നോക്കാതെ ലഹരിക്കെതിരെ ഒറ്റക്കെട്ടായി ഇറങ്ങാൻ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്‌തു. ഇവിടെ ബിജെപി, കോൺഗ്രസ്, സിപിഎം എന്നുള്ള രാഷ്‌ട്രീയ തർക്കത്തിനില്ലെന്നും ഇത് നാടിനെ രക്ഷിക്കാനുള്ള കാര്യമാണെന്നും വ്യക്തമാക്കി. കാലിക്കടവിലെ ലഹരിമരുന്ന് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലാകും. ഓപ്പറേഷൻ തൂഫാൻ അട്ടിമറിക്കാൻ പിണറായി ശ്രമിക്കരുതെന്നും തൂഫാനെ പിന്തുണയ്‌ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഇതി എല്ലാവരും ഒരുമിച്ച് ചെയ്യേണ്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരാളോടൊപ്പം ചിത്രമെടുത്തതിൻ്റെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് പിണറായി വിജയനോട് പറഞ്ഞു. ലഹരിക്കെതിരായ അന്വേഷണവും നടപടികളും ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തും. ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ തൂഫാൻ കെയർ നടപ്പാക്കും.
ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് ജി സുധാകരൻ എംഎൽഎയുടെ ആരോപണത്തിന് മന്ത്രി മറുപടി നൽകി. ഓപ്പറേഷൻ തൂഫാനിൽ സിപിഎം നേതാക്കളെ തൊടുന്നില്ലെന്നായിരുന്നു സുധാകരൻ്റെ ആരോപണം. രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിലുണ്ടെന്ന വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് പരിശോധിച്ചെന്നും അതിൽ വസ്‌തുതയില്ലെന്നാണ് റിപ്പോർട്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: പിണറായിയുടെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎമ്മിനുള്ളിൽ അതൃപ്‌തി; നേതൃയോഗങ്ങളിൽ ചർച്ചയാക്കാൻ നീക്കം

