തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ഓപ്പറേഷനില്‍ പിടികൂടിയത് പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്ക് മരുന്നെന്ന് ആഭ്യന്തര മന്ത്രി
തൂഫാൻ വാരിയറായി മോഹൻലാൽ ചേർന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി.കേന്ദ്ര ഏജൻസികളുടെ സമ്പൂർണ്ണ സഹകരണം ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാവും. ശാസ്ത്രീയമായി മയക്ക് മരുന്നിനെ ഇല്ലാതാക്കാൻ മൾട്ടി ഡിജിറ്റൽ ഇൻ്റഗ്രേറ്റഡ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും.

Published : June 16, 2026 at 5:33 PM IST
തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസമായി പൊലീസ് എക്‌സൈസ് വിഭാഗങ്ങൾ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വഴി പത്ത് കോടിയിലധികം വരുന്ന നിരോധിത മയക്ക് മരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പഷേൻ തൂഫാൻ്റെ പ്രവർത്തനം സംബന്ധിച്ച് വിവിധ കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഐബി, ആർപിഎഫ്, സെൻട്രൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ,ഡിആർഐ,കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, മൈറൻ എൻഫോഴ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ തെക്കേ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. തൂഫാൻ വാരിയറായി മോഹൻലാൽ ചേർന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ തൊടുപുഴയിൽ വച്ചാണ് അദ്ദേഹം തൂഫാൻ വാരിയറായത്. ഓപ്പറേഷന്‍ തൂഫാന് എല്ലാവിധ പിന്തുണയും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തുന്നതിൻ്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളിൽ പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. കേരളത്തിൻ്റെ അതിർത്തി വിട്ടാണ് ഇത് എത്തുന്നത്. കേന്ദ്ര ഏജൻസികളുടെ സമ്പൂർണ്ണ സഹകരണം ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാവും. ശാസ്ത്രീയമായി മയക്ക് മരുന്നിനെ ഇല്ലാതാക്കാൻ മൾട്ടി ഡിജിറ്റൽ ഇൻ്റഗ്രേറ്റഡ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. തൂഫാൻ സംബന്ധിച്ചുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. പൊലീസ് നായകൾക്ക് മയക്കുമരുന്ന് കണ്ടെത്താനുള്ള പരിശീലനം നൽകും. മയക്ക് മരുന്ന് എവിടെ നിന്ന് വരുന്നു, ആര് കൊണ്ട് വരുന്നു, ഏതെല്ലാം രീതിയിലാണ് വരുന്നു തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷത്തോടെയായിരുന്നു യോഗം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ ഓപ്പറേഷൻ തൂഫാനിൽ പരിശോധന വ്യാപകമായതോടെ നിലവിൽ വിൽപ്പന മരവിപ്പിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് വരുന്ന അമ്മമാരുടെ കത്തുകൾ വായിച്ചാൽ കണ്ണ് നിറയുമെന്നും അദ്ധേഹം പറഞ്ഞു. തൂഫാൻ കെയറിനായി ഡീ അഡിക്ക്ഷൻ സെൻ്ററുകൾ വിട്ട് നൽകാമെന്ന് ക്രൈസ്‌തവ, മുസ്ലീം മതനേതാക്കളും സംഘടനകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ലഹരിക്കേസുകളിൽ കുറ്റപത്രം വേഗത്തിൽ കൊടുക്കാൻ തീരുമാനമായി. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്ന കാര്യത്തിൽ കേരളം മുന്നിലാണെന്ന് യോഗം വിലയിരുത്തി. മയക്ക്‌മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് തടയാൻ ഇതരസംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ഡിജിപി സംസാരിക്കും. അടുത്ത മാസം ഉദ്യോഗസ്ഥതലത്തിലുള്ള യോഗമുണ്ടാകും.
ലഹരിക്കേസുമായി ബന്ധമുള്ള ആരും തൻ്റെ സ്റ്റാഫിൽ ഇല്ല. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാവ് നഹാസിനെ സ്റ്റാഫായി നിയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനെ ദുർബലമാക്കാനുള്ള ഉദ്ധേശത്തിൽ ഇതുപോലെയുള്ള കഥകൾ ഇറക്കുന്നതാണെന്നും അദ്ധേഹം പറഞ്ഞു. എസ്‌ഐടിയുടെ അന്വേഷണത്തിനുള്ള സ്വാതന്ത്ര്യത്തിൽ കടന്നുകയറാനില്ലെന്നും ചെന്നിത്തല അറിയിച്ചു.
തൂഫാൻ മൂന്ന് ഘട്ടങ്ങളിലായി
ഓപ്പറേഷന്‍ തൂഫാന്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടത്താന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരിശോധന, തൂഫാൻ വോളൻ്റിയർ, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തൂഫാൻ പദ്ധതി നടപ്പിലാക്കുന്നത്. പരിശോധന സംസ്ഥാനത്താകെ നടക്കുകയാണ്. ഇതിന് പുറമേ എല്ലായിടത്തും പ്രമുഖ വ്യക്തികൾ വാരിയറായി ചേരുന്നുണ്ട്. ലഹരി ഉപയോഗിച്ച് മാനസിക പ്രയാസം നേരിടുന്നവരെ ചികിത്സിക്കാനുള്ള സംവിധാനമായ തൂഫാൻ കെയറാണ് മൂന്നാം ഘട്ടം. എംഎൽഎമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന് പുറമേ എക്‌സൈസ് വകുപ്പ് തണ്ടർ എന്ന പേരിൽ ലഹരിക്കെതിരായ പരിശോധനകൾ നടത്തുന്നുണ്ട്. വിവിധ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും ചെന്നിത്തല വ്യക്തമാക്കി.
നൈജീരിയൻ യുവതികൾ അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കാരവനിൽ നടത്തിയ ലഹരി പരിശോധനയിൽ രണ്ട് നൈജീരിയൻ യുവതികളെ അറസ്റ്റ് ചെയ്‌തു. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്‌ത പന്തളം പൊലീസിനെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. മറ്റൊരു നൈജീരിയൻ യുവതി ബാംഗ്ലൂരിൽ പിടിയിലായി.
ആകെ 2575 കേസുകൾ
ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2778 പേർ അറസ്റ്റിലായി. 838 കേസുകളിൽ ചെറിയ അളവിൽ മയക്ക് മരുന്ന് കൈവശം വെച്ചതിനും 78 കേസുകൾ ഇടത്തരം അളവിൽ ലഹരി പദാർത്ഥങ്ങൾ കൈവശം വെച്ചതിനും 24 കേസുകൾ വിൽപ്പനയ്ക്കുള്ള അളവിൽ മയക്ക് മരുന്ന് ശകെവശം വെച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്. 1204 കേസുകൾ കോപ്റ്റ ( സിഗററ്റ് ആന്‍ഡ് അതർ ടൊബാക്കോ പ്രാഡക്‌ട്‌സ് ആക്‌ട്) (COTPA)ആക്‌ട് അനുസരിച്ച് ചാർജ് ചെയ്‌തിട്ടുണ്ട്.
പിടിച്ചെടുത്ത ലഹരിവസ്‌തുക്കൾ
സംസ്ഥാന വ്യാപകമായി നടത്തിയ ലഹരി വേട്ടയിൽ 1.589 കിലോഗ്രാം എംഡിഎംഎ, 146.459 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയിൽ, 354.439 ഗ്രാം ബ്രൗൺഷുഗർ,11 എൽസ്ഡി സ്റ്റാംപ്, 141 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.

