ETV Bharat / state

ഊട്ടിയിലേക്ക് ആളില്ല; ഇ-പാസും നിയന്ത്രണങ്ങളും തിരിച്ചടിയായി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

ഇ-പാസ് നിയന്ത്രണം കാരണം ഊട്ടിയിൽ 3.66 ലക്ഷം സഞ്ചാരികളുടെ കുറവുണ്ടായി. അമിത വിലയും ഗതാഗതക്കുരുക്കും തിരിച്ചടിയായി.

OOTY TOURISM CRISIS REPORT NILGIRIS EPASS SYSTEM IMPACT TAMIL NADU HILL STATION NEWS OOTY BOTANICAL GARDEN VISITORS
ഊട്ടി (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 11:13 AM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: കഴിഞ്ഞ വർഷം ഊട്ടി സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 2024നെ അപേക്ഷിച്ച് 3.66 ലക്ഷം സഞ്ചാരികളാണ് പോയ വർഷം കുറഞ്ഞത്. 2024ൽ 24 ലക്ഷം പേർ ഊട്ടിയിൽ എത്തിയിരുന്നുവെങ്കിൽ 2025ൽ 20,35,284 പേർ മാത്രമാണ് എത്തിയതെന്ന് ഹോർട്ടികൾച്ചർ വിഭാഗത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഊട്ടിയിലെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണമായ ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ സഞ്ചാരികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നീലഗിരിയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഊട്ടിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിയത്. ഇ-പാസ് സംവിധാനം നടപ്പാക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കുറയാൻ തുടങ്ങിയതെന്ന് പ്രദേശവാസിയും മലയാളിയുമായ അശോക് കുമാർ പറഞ്ഞു. തുടക്കത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പല ദിവസങ്ങളിലും വളരെ കുറച്ചു സഞ്ചാരികളാണ് എത്തിയിരുന്നത്. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മുൻകാലങ്ങളിലേതുപോലുള്ള തിരക്ക് അനുഭവപ്പെട്ടില്ല. പല സഞ്ചാരികളെയും ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും അകറ്റിനിർത്താൻ ഇ-പാസ് നിബന്ധന കാരണമായിട്ടുണ്ട്.

Ooty tourism crisis report Nilgiris epass system impact Tamil Nadu hill station news Ooty botanical garden visitors
ഊട്ടി (Special Arrangement)

ഇ-പാസ് സംവിധാനത്തിന് പുറമെ അനാവശ്യ പിഴ ഈടാക്കൽ, രൂക്ഷമായ ഗതാഗതക്കുരുക്ക്, ലോഡ്ജുകാരും കോട്ടേജുകാരും മുറികൾക്ക് ഈടാക്കുന്ന അമിത വാടക, ഹോട്ടലുകളിൽ ഭക്ഷ്യ സാധനങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് എന്നിവയെല്ലാം സഞ്ചാരികൾ കുറയാൻ കാരണമായെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹോട്ടൽ വാടക, ഭക്ഷണസാധനങ്ങൾ, ടാക്സി നിരക്കുകൾ എന്നിവയിലുണ്ടായ വർധന സാധാരണക്കാരായ സഞ്ചാരികളെ കൊടൈക്കനാൽ പോലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിച്ചു. അവധി ദിവസങ്ങളിലും സീസൺ സമയങ്ങളിലും അനുഭവപ്പെടുന്ന കഠിനമായ ഗതാഗതക്കുരുക്ക് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Ooty tourism crisis report Nilgiris epass system impact Tamil Nadu hill station news Ooty botanical garden visitors
ഊട്ടി (Special Arrangement)

2020ന് മുൻപ് വർഷന്തോറും 30 ലക്ഷത്തിൽപ്പരം സഞ്ചാരികൾ ഊട്ടിയിൽ എത്തിയിരുന്നു. കോവിഡ് സമയത്തായിരുന്നു ഏറ്റവും കുറവ് സഞ്ചാരികൾ എത്തിയത്. എന്നാൽ 2025ൽ കണക്കുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി. മുൻകാലങ്ങളെ അപേക്ഷിച്ച് ഊട്ടിയിലെ തണുപ്പിലുണ്ടായ കുറവും അപ്രതീക്ഷിതമായ മഴയും സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ നിലവിൽ -1 മുതൽ 3 വരെയാണ് ശൈത്യമെന്ന് അശോക് കുമാർ ചൂണ്ടിക്കാട്ടി. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായത് വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഊട്ടിയിലെ ചെറുകിട കച്ചവടക്കാരെയും ടാക്സി ഡ്രൈവർമാരെയും ഹോം സ്റ്റേ ഉടമകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

Ooty tourism crisis report Nilgiris epass system impact Tamil Nadu hill station news Ooty botanical garden visitors
ഊട്ടി (Special Arrangement)

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ് ഊട്ടി. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതുതന്നെയാണ്. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണിത്. 'ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്' എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമമെങ്കിലും ബ്രിട്ടീഷുകാർ വിളിച്ചിരുന്ന ഊട്ടക്കമണ്ഡ് എന്നതിൻ്റെ ചുരുക്കരൂപമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിൻ്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനമായിരുന്നു ഇവിടം. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോഗേജ് തീവണ്ടി ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഊട്ടി.

Ooty tourism crisis report Nilgiris epass system impact Tamil Nadu hill station news Ooty botanical garden visitors
ഊട്ടി (Special Arrangement)

Also Read:- 'ഗുജറാത്ത് മോഡൽ' കേരളത്തിലും? സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വിഡി സതീശൻ