ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പ് കടിയേറ്റു
ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്‌സിന് അണലിയുടെ കടിയേറ്റത്.

Published : August 6, 2026 at 1:51 PM IST
പാലക്കാട്: ചാലിശ്ശേരിയിൽ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്‌സിന് പാമ്പ് കടിയേറ്റു. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് ആശുപത്രി വളപ്പിൽവെച്ച് പാമ്പിൻ്റെ കടിയേറ്റത്. അണലാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഏത് തരം വിഷപ്പാമ്പാണെന്നതിൽ സംശയമുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. യുവതി അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു. അഞ്ച് ദിവസം മുൻപാണ് നഴ്‌സിന് ഡ്യൂട്ടിക്കിടെ പാമ്പിൻ്റെ കടിയേറ്റത്.
ആശുപത്രിയുടെ പിന്നാമ്പുറത്തെ പൊന്തക്കാടിന് സമീപത്തുവെച്ചാണ് മിസിരിയയ്ക്ക് അണലിയുടെ കടിയേറ്റത്. ആശുപത്രി വളപ്പിൽ മുറിച്ചുമാറ്റിയ മരങ്ങൾ ആഴ്‌ചകളായി നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതാണ് പാമ്പുകൾ തമ്പടിക്കാൻ കാരണമായതെന്നും ഇതാണ് അപകടത്തിന് വഴിവെച്ചതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. വലിപ്പമേറിയ അണലിയാണ് കടിച്ചതെന്നും നാട്ടുകാർ പറഞ്ഞു. അതിനാൽ സമീപത്ത് അതിൻ്റെ കുഞ്ഞുങ്ങളും ഉണ്ടായിരിക്കാമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.
ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്‌സിന് അണലിയുടെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന ഇവർ അപകടനില തരണം ചെയ്‌തു. 'അൺനോൺ ബൈറ്റ്’ വിഭാഗത്തിൽപ്പെടുത്തിയാണ് ചികിത്സ നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശം കാടുപിടിച്ച് നിലയിലായിരുന്നു. പലതവണ അധികൃതരോട് വൃത്തിയാക്കാൻ പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ലെന്നും ഒരു അപകടം ഉണ്ടായപ്പോൾ പെട്ടെന്ന് തന്നെ ആരോഗ്യ കെട്ടിടത്തിൻ്റെ പരിസരം വൃത്തിയാക്കിയെന്നും നാട്ടുകാരനായ രാജൻ പറഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് വഴിവെച്ചുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാമ്പ് കടിച്ചതായി ശരീരത്തിൽ കാണാൻ കഴിഞ്ഞില്ലെന്നും മറ്റെന്തെങ്കിലും ആണോ എന്നത് പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വിഭാഗവും അറിയിച്ചു.
അതേസമയം പാമ്പ് തന്നെയാണോ കടിച്ചതെന്ന് ആശുപത്രി അധികൃതർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആൻ്റിവെനം ഉൾപ്പെടെയുള്ള ആവശ്യമായ ചികിത്സാ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ മിസിരിയ പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി വാർഡിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്ന ഇവരെ ആരോഗ്യനില തൃപ്‌തികരമായതിനാൽ ഇന്ന് ഡിസ്‌ചാർജ് ചെയ്യും.
Also Read: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

