'ശബരിമല വിഷയത്തില്‍ ശരിദൂരം, ബാക്കി കാര്യങ്ങളിലെല്ലാം സമദൂരം': ജി.സുകുമാരൻ നായർ
ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഇനിയൊന്നും പറയാനില്ലെന്ന് ജി. സുകുമാരൻ നായർ.

Published : January 2, 2026 at 7:03 PM IST
കോട്ടയം: തങ്ങൾക്ക് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള എൻഎസ്എസ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സുകുമാരൻ നായർ പറഞ്ഞു. ശരിദൂര നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് നടന്നതെന്നും അതിനെ രാഷ്‌ട്രീയമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 149-ാമത് മന്നം ജയന്തിയാഘോഷ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി.സുകുമാരൻ നായർ.
"രാഷ്ട്രീയമില്ലാത്തതിനാൽ രാഷ്ട്രീയത്തോട് വെറുപ്പില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിൻ്റെ സമദൂരം നിലപാട് തുടരും. ബാക്കി എല്ലാ വിഷയങ്ങളിലും പാര്‍ട്ടിക്ക് സമദൂര നിലപാടാണുള്ളത്. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനിയൊരു അഭിപ്രായം ചോദിക്കേണ്ട ആവശ്യമില്ല" ജി.സുകുമാരൻ നായർ പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഏര്‍പ്പെട്ട എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ട് നടത്തുന്ന ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്നാണ് എൻഎസ്എസിൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
149–ാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരുകയാണ്. പുതുവത്സര ദിനത്തിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് 149–ാമത് ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മന്നം ജയന്തി ദിനമായ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്താനും നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു.
മന്നം സമാധി നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും സമ്മേളനത്തില്‍ പങ്കുച്ചേചേര്‍ന്നു. അതേസമയം പെരുന്നയിലെ മന്നം ജയന്തി ആഘോഷ വേദിയിൽ രാഷ്ട്രീയ നേതാക്കളെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നില്ല.
രാവിലെ പുഷ്‌പാർച്ചനയ്ക്ക് ശേഷം നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ.സിറിയക് തോമസായിരുന്നു ഉദ്ഘാടകൻ. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യ അതിഥിയായി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ വിശദീകരണം നടത്തുന്നു. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ശബരിമല വിഷയം വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം മന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു. സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള,വൈസ് പ്രസിഡൻ്റ് അഡ്വ.എം.സംഗീത് കുമാർ, ഡയറക്‌ടർ ബോർഡംഗവും മന്ത്രിയുമായ കെബി.ഗണേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

