'ദുരിതബാധിതർക്ക് വേണ്ടത്ര ഭക്ഷണമില്ല'; ദുരിതാശ്വാസ ക്യാമ്പിൽ പ്രതിഷേധവും വാഗ്വാദവും
ഭക്ഷണ വിതരണത്തിൽ പരാതി ഉയർന്നതോടെ, ബോധപൂർവ്വം പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി എംഎൽഎ അടക്കമുള്ള അധികൃതരും രംഗത്തെത്തി. ഇതോടെ ക്യാമ്പ് തർക്കവേദിയായി മാറി.

Published : August 6, 2026 at 2:07 PM IST
കോട്ടയം: ചങ്ങനാശേരി ടൗൺ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതർക്ക് വേണ്ടത്ര ഭക്ഷണം ലഭ്യമാക്കിയില്ലെന്ന് പരാതി. എന്നാൽ അധികൃതർ പരാതി നിസാരവത്കരിച്ചതോടെ ക്യാമ്പിൽ ഭക്ഷണവിതരണത്തെച്ചൊല്ലി പ്രതിഷേധവും വാഗ്വാദവുമുണ്ടായി.
പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് പൂവം പ്രദേശത്തുനിന്ന് ക്യാമ്പിലെത്തിയ അന്തേവാസികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ സംഭവം ബോധപൂർവ്വം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി എംഎൽഎ അടക്കമുള്ള അധികൃതരും രംഗത്തെത്തിയതോടെ ക്യാമ്പ് തർക്കവേദിയായി മാറി.
ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുണ്ടായ വീഴ്‌ചകൾക്കെതിരെ ചങ്ങനാശ്ശേരി ടൗൺ എൽപി സ്‌കൂളിൽ വലിയ പ്രതിഷേധമാണുണ്ടായത്. ഉച്ചയ്ക്ക് 2:30 കഴിഞ്ഞിട്ടും ക്യാമ്പിലുള്ളവർക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് പൊതുപ്രവർത്തകരും പ്രാദേശിക നേതാക്കളും രംഗത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരസഭയുടെ അനാസ്ഥ മൂലം ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തുന്നില്ലെന്നും പ്രതിഷേധിക്കുന്നവരെ വില്ലേജ് ഓഫീസറും മറ്റ് അധികൃതരും ചേർന്ന് രാഷ്ട്രീയപ്രേരിതമായി ചിത്രീകരിക്കുകയാണെന്നും ഇവർ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തള്ളിക്കളയുകയാണ് എംഎൽഎയും വില്ലേജ് ഓഫീസറും. പ്രതിഷേധിച്ചവർ ക്യാമ്പിലുള്ളവർ അല്ലെന്നാണ് നഗരസഭ ചെയർമാൻ്റെ വാദം. സമയബന്ധിതമായി ഭക്ഷണം എത്തിക്കാൻ തൊട്ടടുത്ത സ്‌കൂളിലെ ക്യാമ്പിൽ നിന്ന് 1:30 ഓടെ തന്നെ ഇവിടെയുള്ളവർക്കായി ഉച്ച ഭക്ഷണം എത്തിച്ചുവെന്ന് വിനു ജോബ് എംഎൽഎ യും നഗരസഭ ചെയർമാൻ ജോമി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
''ബോധപൂർവം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണ്. ഇവിടെ എത്രപേർ ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. പുറത്ത് നിന്ന് വന്നവരാണ് പ്രശ്‌നങ്ങള്‍ സൃഷ്‌ട്രിക്കുന്നത്,'' - നഗരസഭ ചെയർമാൻ പറഞ്ഞു. എന്നാൽ അധികൃതർ പറയുന്നതെല്ലാം കള്ളമാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ വരുന്നവർക്ക് സാധനങ്ങളെല്ലാം എടുത്ത് വാരാൻ കഴിയില്ല. കുട്ടികളെ പട്ടിണി ഇടാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവർക്ക് ഭക്ഷണം കൊടുത്തിട്ട് ഞങ്ങള്‍ പട്ടിണി കിടക്കുകയാണ് എന്ന് ദുരിത ബാധിതർ പറഞ്ഞു.
സ്ഥലത്തെത്തിയ എംഎൽഎയ്‌ക്ക് നേരെ ദുരിത ബാധിതർ ചോദ്യങ്ങളുന്നയിച്ചു. എന്നാൽ രാത്രി 9:30യ്‌ക്ക് വന്നവരാണ് നിങ്ങള്‍ അതിനാലാണ് ഭക്ഷണ ദൗർലഭ്യം ഉണ്ടായത് എന്ന് എംഎൽഎ പറഞ്ഞു. പിന്നാലെ ക്യാമ്പ് ഇന്നലെ രാത്രിയോടെയാണ് ആരംഭിച്ചതെന്നും തുടക്കത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ക്യാമ്പിൽ ഇല്ലാത്ത പുറത്തുനിന്നുള്ള ചിലരാണ് പ്രശ്‌നങ്ങൾ വഷളാക്കാൻ ശ്രമിക്കുന്നതെന്നും അധികൃതർ ആരോപിച്ചു. എന്നാൽ, രാവിലെയും ഉച്ചയ്ക്കും കൃത്യമായി ഭക്ഷണം കിട്ടിയില്ലെന്ന പരാതിയിൽ അന്തേവാസികൾ ഉറച്ചുനിൽക്കുകയാണ്. പിന്നീട് ഭക്ഷണം കൃത്യമായി എത്തിച്ച് നൽകാമെന്ന ഉറപ്പിനെ തുടർന്ന് പ്രശ്‌നം താൽക്കാലികമായി അവസാനിപ്പിക്കയായിരുന്നു.
Also Read: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

