'തിന്മയ്‌ക്ക് മേൽ നന്മ വിജയിക്കും'; ഹോളിക ദഹൻ ചടങ്ങ് ആഘോഷമാക്കി കോഴിക്കോട്ടെ ഉത്തരേന്ത്യൻ സമൂഹം
കേരളത്തിൽ ഹോളി ആഘോഷത്തേ വരവേറ്റ് കോഴിക്കോട്ടെ ഉത്തരേന്ത്യൻ സമൂഹം

Published : March 3, 2026 at 9:37 PM IST
കോഴിക്കോട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത് എങ്കിലും കേരളത്തിലും ഹോളി ആഘോഷത്തിന് സ്വീകാര്യത ഏറെയാണ്. ഹിരണ്യകശിപുവിന്‍റെ സഹോദരിയായ ഹോളിക അഗ്നിയിൽ എരിഞ്ഞടങ്ങുന്ന ചടങ്ങോടെയാണ് കോഴിക്കോട്ടെ ഉത്തരേന്ത്യൻ സമൂഹത്തിന്‍റെ ഇത്തവണത്തെ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
വിറകുകൾ കൂട്ടിയിട്ട് പ്രത്യേകം തയ്യാറാക്കിയ അഗ്നികുണ്ഡത്തിന് ചുറ്റും അഞ്ചുതവണ വലം വച്ച് തീർഥം തെളിച്ച് തങ്ങളുടെ പാപങ്ങൾ അടങ്ങിയ മാലകളും നാളികേരവും പൂക്കളും സമർപ്പിച്ച് തൊഴുതുവണങ്ങും.

തുടർന്ന് ആടിയും പാടിയും ആഘോഷങ്ങൾക്ക് ആരംഭമാകും. വ്യാപാരത്തിനും മറ്റാവശ്യങ്ങൾക്കുമായി വർഷങ്ങൾക്കു മുമ്പ് എത്തിയതാണ് കോഴിക്കോട്ടെ ഉത്തരേന്ത്യൻ സമൂഹം. എല്ലാ വർഷവും കോഴിക്കോട് ബൈരാഗി മഠത്തിലെ ഹോളി ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാൻ ഇവർ മുടങ്ങാതെ എത്തിച്ചേരും.
ഐതിഹ്യം ഇങ്ങനെ
രാത്രിയിലാണ് ഹോളികയെ ദഹിപ്പിക്കുന്ന ചടങ്ങുകൾ ഉൾപ്പെടെ നടക്കുന്നത്. മഹാവിഷ്ണുവിനെ ആരാധിച്ച സ്വന്തം മകനായ പ്രഹ്ലാദനെ വധിക്കുന്നതിന് രാക്ഷസരാജാവായ ഹിരണ്യകശിപു സഹോദരി ഹോളികയെ ഏൽപ്പിക്കും. നേരത്തെ അഗ്നിയിൽ കത്തി നശിക്കില്ലെന്ന വരം അഗ്നിദേവനിൽ നിന്നും വാങ്ങിയ ഹോളിക പ്രഹ്ലാദനെ മടിയിലിരുത്തി അഗ്നികുണ്ഡത്തിലേക്ക് ചാടി. എന്നാൽ തിന്മയുടെ പ്രതീകമായ ഹോളിക അഗ്നിയിൽ എരിഞ്ഞടങ്ങി. പ്രഹ്ലാദനെ ഒരു പോറൽ പോലും ഏൽക്കാതെ മഹാവിഷ്ണു രക്ഷിക്കുകയും ചെയ്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ ഐതിഹ്യത്തെ ചുവടുപിടിച്ചാണ് ഹോളി ആഘോഷിക്കുന്ന ദിവസം ഹോളികയെ അഗ്നിയിൽ ദഹിപ്പിക്കുന്ന ചടങ്ങ് നടക്കുന്നതെന്ന് ദിലീപ് പറയുന്നു. പരസ്പരം ആശംസകൾ നേർന്നും പ്രാർഥനകൾ ചൊല്ലിയും ഉത്തരേന്ത്യൻ സമൂഹത്തിന്‍റെ ഹോളി ആഘോഷം പൊടിപൊടിച്ചു എന്ന് വേണം പറയാൻ. രാത്രിയിൽ കൈകളിൽ വടികൾ പിടിച്ചുളള പുരുഷന്മാരുടെ ഗീർ നൃത്തവും സ്ത്രീകളുടെ ഡോൾ നൃത്തവും കാണികൾ ഒന്നടങ്കം ഏറ്റെടുത്തു.

എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഹോളി ആഘോഷം അടിപൊളിയായിരുന്നു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക ഡാൻസുണ്ടെന്നും എല്ലാവരും ഒരുപോലെ പങ്കെടുക്കുമെന്നും പൂജ പറഞ്ഞു.
ബാക്കി ചടങ്ങുകൾ നടക്കുന്നത് അന്നേ ദിവസം രാവിലെയാണ്. വിവിധ വർണത്തിലുള്ള നിറങ്ങൾ വാരി വിതറിയും പരസ്പരം ശരീരത്തിൽ പൂശിയും ആർത്തുവിളിച്ചും സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ ഹോളി ആഘോഷങ്ങളിൽ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഹോളി ആഘോഷമാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട്. ഹോളി ദിവസം ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഒരു വിഭാഗം ഉത്തരേന്ത്യൻ സമൂഹം നാളെയാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നതെന്ന് ജയന്ത് കൂട്ടിച്ചേർത്തു.
അതുകൊണ്ടുതന്നെ ഇത്തവണ രണ്ടു ദിവസവും കോഴിക്കോട് അങ്ങാടിയും പരിസരവും ഹോളിയുടെ നിറപ്പകിട്ടിൽ മുങ്ങും. ഏതായാലും കോഴിക്കോടിനെ സ്വന്തം നാടാക്കി മാറ്റിയുള്ള ഉത്തരേന്ത്യൻ സമൂഹത്തിന്‍റെ ഹോളി ആഘോഷം ഈ നാടിന്‍റെ ഐക്യം വിളിച്ചോതുന്നതാണ്.
Also Read: ആറ്റുകാലമ്മയ്ക്ക് പുണ്യനിവേദ്യം; ഭക്തിനിർഭരമായ പൊങ്കലയ്ക്ക് സമാപനം, പ്രതീക്ഷയോടെ മടങ്ങി ഭക്തര്‍

