ETV Bharat / state

"പ്ലാനിൽ ഇല്ലാത്ത ബുദ്ധ ക്ഷേത്രത്തിൽ പോയത് രക്ഷയായി, ആ 30 മിനുട്ട് ജീവൻ രക്ഷിച്ചു; ഭയാനക നിമിഷങ്ങള്‍ പങ്കുവച്ച് നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍

നേപ്പാൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിൽ എത്തിയ അനിൽ നീലാംബരിയും രാജനും ഇടിവി ഭാരതിനോട് അനുഭവങ്ങൾ പങ്കുവെക്കുന്നു...

KERALITES RETURN SAFELY  NEPAL FLOOD MALAYALEES  NEPAL FLOOD KERALITES SHARE STORY  NEPAL FLOODS
നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തി (ETV Bharat)
author img

By ETV Bharat Kerala Team

Published : August 30, 2026 at 12:39 PM IST

2 Min Read
Choose ETV Bharat

സന്ദീപ് ബാലകൃഷ്‌ണൻ

കാസർകോട്: "സത്യം പറഞ്ഞാൽ ആ 30 മിനുട്ട് ആണ് ജീവൻ രക്ഷിച്ചത്. കാഠ്‌മണ്ഡുവിന് തൊട്ടടുത്ത് ഒരു ബുദ്ധ ക്ഷേത്രം ഉണ്ടായിരുന്നു. ടൂർ പ്ലാനിൽ ഇല്ലെങ്കിലും അവിടെ ഒന്ന് കേറാമെന്ന് ഡ്രൈവർ പറഞ്ഞു. അവിടെ കയറിയപ്പോൾ സമാധാനമായ അന്തരീക്ഷം. അങ്ങനെ 25-30 മിനിറ്റോളം അവിടെ ചെലവഴിച്ചു. ആ 30 മിനുട്ടിനു ജീവൻ്റെ വില ഉണ്ടായിരുന്നുവെന്നു പിന്നീടാണ് മനസിലായത്" നേപ്പാൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിൽ എത്തിയ അനിൽ നീലാംബരിയും രാജനും ഇടിവി ഭാരതിനോട് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു.

ഭയാനക നിമിഷങ്ങള്‍ പങ്കുവച്ച് നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ (ETV Bharat)

"നമുക്ക് മുന്നിൽ പോയ വാഹനങ്ങളെ കുറിച്ച് വിവരമില്ല. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയായിരുന്നു ഇത്. നദിയിൽ വെള്ളം കയറിയപ്പോൾ ഇതൊക്കെ സാധാരണമാണെന്നാണ് പ്രദേശവാസികൾ പറഞ്ഞത് പക്ഷെ നിമിഷങ്ങൾക്കുള്ളിൽ ഭീകരമായ അവസ്ഥ ആയി. മുന്നിലൂടെ വാഹനങ്ങളും കെട്ടിട അവശിഷ്‌ടങ്ങളും ഒഴുകുന്നു. എന്ത് ചെയ്യണം അറിയാതെ പകച്ചു പോയി എല്ലാരും. ഫോണിൽ പലർക്കും റേഞ്ച് ഇല്ല. പിന്നെ വീഡിയോ കണ്ടപ്പോഴാണ് പ്രളയത്തിൻ്റെ വ്യാപ്‌തി മനസിലായത്. നദിക്കരയിൽ നിന്നും തിരിച്ചു കൊടും കാട്ടിലൂടെ ആയിരുന്നു പിന്നീടുള്ള യാത്ര. കൂരിരുട്ടിൽ വണ്ടി ചൂടായി നിന്നും. ആരും വണ്ടിയിൽ നിന്നും ഇറങ്ങരുത് എന്ന് പറഞ്ഞു. കാരണം വന്യ ജീവികളുടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിക്കാനും ഭക്ഷണം ഇല്ല. ആകെ ഉള്ളത് ആപ്പിൾ മാത്രമായിരുന്നു. ഭക്ഷണത്തെക്കാളും വലുത് ജീവൻ ആയതുകൊണ്ട് ഭക്ഷണത്തെ കുറിച്ച് ആരും ചിന്തിച്ചില്ല. എങ്ങനെ എങ്കിലും നാട്ടിൽ എത്തണം എന്നായിരുന്നു ചിന്ത. അങ്ങനെ രാത്രിയിൽ കൊടും കാടുകൾ താണ്ടി നമ്മൾ സുരക്ഷിത സ്ഥലത്ത് എത്തുകയായിരുന്നു. ഇന്ത്യ ബോർഡർ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. നിരന്തരം കുടുംബം ബന്ധപ്പെടുന്നുണ്ടായിരുന്നു അതുകൊണ്ട് ആശ്വാസം ആയി. ഏതായാലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞു. ആശ്വാസം" അനിൽ പറഞ്ഞു നിർത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഘം എത്തിയത് ഇന്ന് രാവിലെ

ആശങ്കയുടെ മണിക്കൂറുകൾക്ക് ശേഷമാണ് നേപ്പാളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘത്തിലെ 5 കാസർകോട് സ്വദേശികൾ നാട്ടിൽ എത്തിയത്. ഗോരാഖ്‌പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ വൈകിട്ടാണ് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് ട്രെയിനിൽ ആയിരുന്നു യാത്ര.
36 അംഗ മലയാളി സംഘം രണ്ടു വിമാനങ്ങളിലായാണ് നാട്ടിൽ എത്തിയത്.

കാസർകോട് നിന്നുള്ള സംഘം ബംഗളുരുവിൽ വിമാനം ഇറങ്ങി അവിടെ നിന്നും ട്രെയിനിലും ബാക്കിയുള്ളവർ ഇന്ന് പുലർച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലും ഇറങ്ങി. പെരിയ പോളിടെക്‌നിക്കിലെ അധ്യാപകൻ ചെറുവത്തൂർ സ്വദേശി രാജൻ.അധ്യാപകൻ അനിൽ നീലാംബരി, റിട്ട. എസ് ഐ പ്രദീപ്‌ കുമാർ ,റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കരുണാകരൻ,മുഴക്കോയിലെ രാജീവൻ എന്നുള്ളവരാണ് കാസർകോട് നിന്നും സംഘത്തിൽ ഉണ്ടായിരുന്നത്.

എറണാകുളത്തു നിന്നും ട്രാവൽ ഏജൻസി വഴി 36 പേരാണ് 23 ന് നേപ്പാളിലേക്ക് യാത്ര പോയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 25 ന് കാഠ്മണ്ഡുവിൽ എത്തിയ സംഘം അവിടെ തുടർന്നു. കാഠ്‌മണ്ഡുവിൽ നിന്നും പൊക്കാരയിലേക്കുള്ള യാത്രയ്ക്കിടെ ആണ് മിന്നൽ പ്രളയം ഉണ്ടായത്.

44 അംഗ സംഘം നാളെ കോഴിക്കോട് തിരിച്ചെത്തും

വിനോദ യാത്രയ്ക്ക്‌ പോയ 44 അംഗ സംഘം നാളെ കോഴിക്കോട് തിരിച്ചെത്തും. എന്നാൽ ഏഴ് മലയാളികളെ കുറിച്ച് വിവരമില്ലെന്ന് നോർക്ക അറിയിച്ചു. പ്രളയത്തിൽ കാണാതായ പൊന്നാനി സ്വദേശികളായ കുടുംബത്തെ തേടി ബന്ധുക്കൾ നേപ്പാളിലെത്തിയിട്ടുണ്ട്

Also Read:യൂറോപ്പിലെ മൗണ്ട് എൽബ്രൂസ് കൊടുമുടി കീഴടക്കി മാഴ്‌സും മുരളീധരനും; പ്രായത്തെ തോൽപ്പിച്ച് മുന്നേറിയ ഹിമപാതകൾ..