'ശബരിമല കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറുവ സംഘം'; സോണിയയ്ക്കും പിണറായിക്കും പങ്കെന്ന് രാജീവ് ചന്ദ്രശേഖർ
തന്ത്രിയെ വേട്ടയാടുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം. മകരവിളക്ക് ദിനത്തിൽ പ്രതിഷേധം തുടങ്ങും.

Published : January 10, 2026 at 1:41 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎമ്മും കോൺഗ്രസും ചേർന്നുള്ള കുറുവ സംഘമാണെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും. കേസിൽ ക്ഷേത്രം തന്ത്രിയെ അറസ്റ്റ് ചെയ്തത് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് മകരവിളക്ക് ദിനത്തിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് സഖ്യമാണെന്നും ഇതിനെ കുറുവ സംഘം എന്നേ വിളിക്കാൻ കഴിയൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കൊള്ളയുടെ യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടാണ് ക്ഷേത്രത്തിലെ സ്വർണം അപഹരിച്ചതിന് പിന്നിലുള്ളത്. ഇതിൻ്റെ യഥാർഥ അന്വേഷണം നടക്കേണ്ടത് രാഷ്ട്രീയ നേതാക്കളിലേക്കാണ്. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ കോടതി തീരുമാനിക്കട്ടെ. എന്നാൽ കൊള്ളയ്ക്ക് പിന്നിലെ രാഷ്ട്രീയ ബന്ധം ജനങ്ങൾ അറിയേണ്ടതുണ്ട്.
ഭക്തർ ഭഗവാന് സമർപ്പിച്ച സ്വർണം കവർന്ന കേസിൽ ക്ഷേത്രം തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ക്ഷേത്രത്തിൻ്റെ ഉത്തരവാദിത്തമുള്ള മന്ത്രിയെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ മാത്രം വേട്ടയാടുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും ഒത്തുചേർന്നാണ് ഈ കൊള്ളയ്ക്ക് നേതൃത്വം നൽകുന്നത്. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കാനാണ് ഇവരുടെ ശ്രമം. തന്ത്രിയെ വേട്ടയാടുമ്പോൾ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ശബരിമലയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ദേവസ്വം വകുപ്പും സർക്കാരും ഇത്തരം ക്രിമിനൽ നടപടികൾക്ക് കൂട്ടുനിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
സർക്കാരിനെതിരെ കെ സുരേന്ദ്രൻ
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് തന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് കേസെടുക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്ത്രിക്കെതിരെ ഐപിസി 120 (ബി) പ്രകാരം ഗൂഢാലോചന കുറ്റം ചുമത്താൻ എന്ത് തെളിവാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആചാരങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രി തൻ്റെ ധർമമാണ് നിർവഹിച്ചത്. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധിക്രിയകൾ നടത്തിയത് ക്ഷേത്രത്തിലെ കാലങ്ങളായുള്ള കീഴ്വഴക്കമാണ്. സർക്കാരും പൊലീസും ചേർന്ന് ആസൂത്രിതമായാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. യഥാർഥ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. വിശ്വാസികളെയും ആചാരങ്ങളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണ് തന്ത്രിയുടെ അറസ്റ്റ്. സ്വർണക്കൊള്ളക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിവുകളുള്ള മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്ത് തുടങ്ങിയവരെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ ലക്ഷ്യം വയ്ക്കുന്നത് ദുരൂഹമാണ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ കടകംപള്ളി സുരേന്ദ്രൻ്റെയും പ്രശാന്തിൻ്റെയും പേരുകൾ വ്യക്തമായി പരാമർശിച്ചിരുന്നു.
ഇവരെ പ്രത്യേക അന്വേഷണ സംഘം പലതവണ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയാറായില്ല. ക്ഷേത്രത്തിലെ സ്വർണത്തിൻ്റെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കസ്റ്റോഡിയൻ ദേവസ്വം ബോർഡാണ്. കേവലം ആചാരപരമായ കാര്യങ്ങളിൽ മാത്രം അധികാരമുള്ള തന്ത്രിയെ സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതിചേർത്തത് നിയമപരമായി നിലനിൽക്കില്ല. തന്ത്രി സ്വർണക്കൊള്ളയിലൂടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. പണമോ മറ്റ് ആനുകൂല്യങ്ങളോ അദ്ദേഹം കൈപ്പറ്റിയിട്ടില്ല.
ശബരിമലയിലെ ഏറ്റവും വലിയ ആചാരലംഘനം നടത്തിയത് മുഖ്യമന്ത്രിയാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പൊലീസ് സംരക്ഷണയിൽ പതിനെട്ടാം പടി ചവിട്ടിച്ച മുഖ്യമന്ത്രി താൻ നവോത്ഥാനം ഉണ്ടാക്കിയെന്ന് അഭിമാനത്തോടെ പറഞ്ഞ ആളാണ്. അന്ന് നടന്നത് പരസ്യമായ ആചാരലംഘനമായിരുന്നു. നിലവിലെ നിയമസംഹിത പ്രകാരം ആചാരലംഘനത്തിന് കേസെടുക്കാൻ വകുപ്പില്ലെന്നിരിക്കെ തന്ത്രിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കുറ്റക്കാരെ സംരക്ഷിക്കാൻ തങ്ങൾക്കില്ലെന്നും എന്നാൽ പ്രധാന പ്രതികളെ ഒഴിവാക്കി തന്ത്രിയെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധം ശക്തമാക്കും
ശബരിമല കൊള്ളയ്ക്ക് പിന്നിലെ രാഷ്ട്രീയക്കാരെ തുറന്നുകാട്ടുന്നതിനായി ജനുവരി 14 മകരവിളക്ക് ദിനത്തിൽ ബിജെപിയും എൻഡിഎയും സംയുക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി എന്ന പേരിൽ നടത്തുന്ന ഈ പ്രതിഷേധത്തിലൂടെ സർക്കാരിൻ്റെ അഴിമതിയെയും ഗൂഢാലോചനയെയും തുറന്നുകാട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Also Read:- പാലത്തുംകടവിന് താത്‌കാലികാശ്വാസം; പശുക്കളെ കൊന്ന കടുവ കെണിയില്‍, ഇനിയുള്ളത് പുലി ഭീതി

