ETV Bharat / state

ഇനി ഓഫീസുകളിൽ പോകേണ്ട; സേവനങ്ങൾ ഓൺലൈനായി ഉപയോഗിക്കാൻ 'നമ്മുടെ കേരളം'

ഐടി മിഷൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയിട്ടുള്ള 'നമ്മുടെ കേരളം' ആപ്പിൽ 15 സർക്കാർ വകുപ്പുകളുടെ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)
author img

By ETV Bharat Kerala Team

Published : March 2, 2026 at 5:54 PM IST

3 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഡാറ്റ ചോർച്ച വിവാദങ്ങൾക്കിടെ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈനായി ഉപയോഗിക്കാൻ ആപ്പ് പുറത്തിറക്കി സർക്കാർ. ഐടി മിഷൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയിട്ടുള്ള ആപ്പിൽ 15 സർക്കാർ വകുപ്പുകളുടെ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് അവരുടെ സൗകര്യത്തിന് സമയം നിശ്ചയിച്ച് ഉദ്യോഗസ്ഥരെ നേരിട്ടോ ഓൺലൈൻ ആയോ ബന്ധപ്പെട്ട് പരാതികൾ തീർപ്പാക്കുന്നതിനും ആപ്പിൽ അവസരമുണ്ട്.

'മൊബൈൽ-ഫസ്റ്റ്', 'മലയാളം-ഫസ്റ്റ്' സമീപനം

എല്ലാ വകുപ്പുകളും മുഖേനയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത ഓൺലൈൻ അപേക്ഷാ സംവിധാനമാണ് ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങൾ പതിവായി ഉപയോഗിക്കുന്ന സേവനങ്ങൾക്ക് പ്രഥമ പരിഗണനയാണ് നൽകിയിട്ടുള്ളത്. അപേക്ഷകളുടെ തത്സമയ സ്റ്റാറ്റസ് ട്രാക്കിംഗ്
എസ്എംഎസ്, ഇ-മെയിൽ, വാട്‌സാപ്പ് മുഖേനയുള്ള അറിയിപ്പുകൾ എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പോർട്ടൽ ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാവിയിൽ ആധാർ, ഡിജിലോക്കർ എന്നിവയുമായി ആപ്പ് ബന്ധിപ്പിക്കും. ഇതിൻ്റെ മേൽനോട്ടത്തിനായി സർക്കാർ തലത്തിൽ ഡാഷ്ബോർഡുകളും രൂപീകരിച്ചിട്ടുണ്ട്.



സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ

സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ 'നമ്മുടെ കേരളം' പോർട്ടൽ മുഖേന അതത് വകുപ്പുകളുടെ പോർട്ടലിൽ എത്തുകയും, തുടർ നടപടികൾ സ്വീകരിച്ച്, സേവനം അപേക്ഷകന് 'നമ്മുടെ കേരളം' പോർട്ടൽ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അപേക്ഷയുടെ വിവരങ്ങൾ തത്സമയം അപേക്ഷകന് അറിയാൻ സാധിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റവന്യൂ വകുപ്പ് നൽകുന്ന പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ, കെ-സ്മാർട്ട് മുഖേന തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന സേവനങ്ങൾ, കൃഷി വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കേരളാ പൊലീസ് എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചെയ്ഞ്ച് എന്നിവരുടെ എല്ലാ പ്രധാന സേവനങ്ങളും ലഭ്യമാക്കും.

Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)



'മീറ്റ് ആൻ ഒഫീഷ്യൽ' സംവിധാനം

സംസ്ഥാന-ജില്ലാ തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ നേരിൽ കാണുന്നതിനും അവരുമായി വീഡിയോ കോൾ മുഖേന സംവദിക്കുന്നതിനും ജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഓരോ ഉദ്യോഗസ്ഥനും സന്ദർശന സ്ലോട്ട് ലഭ്യമാക്കുകയും ജനങ്ങൾക്ക് സൗകര്യപ്രദമായ സമയം നേരത്തെ നിശ്ചയിച്ച് ഉദ്യോഗസ്ഥരെ നേരിൽ കാണുന്നതിനോ അവരുമായി വീഡിയോ കോൾ മുഖേന സംവദിക്കുന്നതിനോ കഴിയുന്നതാണ്.

Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)
പങ്കാളിത്ത ഭരണനിർവഹണംസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, ക്യാംപയിനുകൾ, പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമ്മുടെ കേരളം ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭരണ നിർവഹണത്തിലും നയരൂപീകരണത്തിലും ജനങ്ങൾക്ക് സജീവമായി ഇടപെടാനും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും ഫോറം, നിർദ്ദേശങ്ങൾ, മത്സരങ്ങൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കേവലം അഭിപ്രായ പ്രകടനത്തിൽ മാത്രം ഒതുങ്ങാതെ, ജനങ്ങളുടെ ബൗദ്ധികമായ സംഭാവനകൾ, അടിയന്തര ഘട്ടങ്ങളിൽ സർക്കാർ പ്രവർത്തനങ്ങൾക്ക് പണമായോ വസ്തുക്കളായോ ഉള്ള സംഭാവനകൾ എന്നിവ നൽകുന്നതിനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു.
Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)
പരാതി പരിഹാരംമുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നേരിട്ട് പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പരിപാടിയിലേക്ക് നേരിട്ട് ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനും സംവിധാനവുമുണ്ട്. കൂടാതെ, ജില്ലാതലത്തിൽ ഓരോ വകുപ്പിൻ്റെയും ജില്ലാ ഓഫീസർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള സംവിധാനവും ലഭ്യമാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിൽ പരിഹരിക്കുവാൻ കഴിയാത്തവ ഉപജില്ലാ തലത്തിൽ പരിഹരിക്കുന്നതിനും സൗകര്യമുണ്ട്. ഏത് മാർഗത്തിൽ കൂടി നൽകുന്ന പരാതിയും തത്സമയം നിരീക്ഷിച്ച് പരാതിയിന്മേൽ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ വിജിലൻസ് വകുപ്പ് ഡയറക്ടർക്ക് നേരിട്ട് സമർപ്പിയ്ക്കുന്നതിന് 'ആൻ്റി-കറപ്പ്ഷൻ' മോഡ്യൂളും സജ്ജീകരിച്ചിട്ടുണ്ട്.
Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)



അടിയന്തര ഘട്ടങ്ങളിലെ സഹായങ്ങൾക്കുള്ള സൗകര്യം

അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർ & റസ്‌ക്യൂ സർവീസ്, വനിതാ ഹെല്‍പ്‌ലൈന്‍, ദുരന്ത നിവാരണം, ദിശാ ഹെൽപ്‌ലൈൻ, സൈബർ സെൽ, എന്നിവ മുഖേന സഹായം ലഭ്യമാക്കുന്നതിനായി എസ്ഒഎസ്(SOS- save our situation) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, വനിതകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ, കുട്ടികൾക്ക് എതിരെയുള്ള ആക്രമണങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനായി 112 (Emergency Response System (ERSS) സേവനവും സജ്ജീകരിച്ചിട്ടുണ്ട്.

Kerala Government Launches Nammaude Keralam App
നമ്മുടെ കേരളം ആപ്പ് (ETV Bharat)



ബില്ലടയ്ക്കാനും സൗകര്യം

വൈദ്യുതി, വാട്ടർ അതോറിറ്റി, കെ-ഫോൺ പോലെയുള്ള സേവനങ്ങളുടെ ബില്ലുകൾ ഒടുക്കു വരുത്തുന്നതിനുള്ള സൗകര്യം 'നമ്മുടെ കേരളം' ആപ്പിൽ ലഭ്യമാക്കി കഴിഞ്ഞു. ഗ്യാസ് ബുക്കിങ്, ഇൻ്റർനെറ്റ് സേവനങ്ങളുടെ ബിൽ പെയ്‌മെൻ്റ് തുടങ്ങിയവ കൂടി ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.



ശുചിമുറിയും ബസ് ട്രാക്കിങ്ങും

സംസ്ഥാനത്തെ നഗരങ്ങളിൽ യാത്രചെയ്യുന്നവർക്ക് ഏറ്റവും എളുപ്പം ശുചിമുറി കണ്ടെത്താനുള്ള സൗകര്യവും കെഎസ്ആർടിസി ബസ്ട്രാക്കിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.



രജിസ്‌ട്രേഷൻ എങ്ങനെ

ഗൂഗിൽ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകിയാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്. കേരള ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്‌നോളജിയാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ആപ്പിന് പുറമേ വെബ്‌സൈറ്റും നിലവിലുണ്ട്.

Also Read: കനക്കുന്ന വേനൽ; മാർച്ചിൽ വടക്കൻ കേരളം ചുട്ടുപൊള്ളും, തെക്ക് ചൂട് കുറയും, കടലിലും ചൂടേറുന്നു