ETV Bharat / state

ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു ഇഡിക്ക് മുന്നിൽ

കൊച്ചിയിലെ സോണൽ ഓഫിസിലാണ് ഇദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. മുൻപ് മൂന്നുമാസത്തോളം ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തെ ബാങ്ക് രേഖകൾ മുൻനിർത്തിയാണ് പരിശോധിക്കുന്നത്.

ശബരിമല സ്വർണ കേസ് ഇഡി എൻ വാസുവിനെ ചോദ്യം ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇഡി അന്വേഷണം കൊച്ചി സോണൽ
എൻ വാസു ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിന് മുമ്പ് സുരക്ഷ ഉദ്യോഗസ്ഥർക്ക് രേഖ കാണിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 11:01 AM IST

2 Min Read
Choose ETV Bharat

എറണാകുളം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ സോണൽ ഓഫിസിലാണ് അദ്ദേഹം എത്തിയത്. കേസിൽ അന്വേഷണ നടപടികൾ ഇഴയുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് എൻ വാസുവും ശബരിമല തന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞയാഴ്ച ഇഡി നോട്ടിസ് നൽകിയത്. മാർച്ച് ആദ്യവാരം ഹാജരാകണമെന്ന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി.

നിർണായക ചോദ്യം ചെയ്യൽ

ഈ ആഴ്ച മുതൽ കേസിൽ അതിനിർണായകമായ ചോദ്യം ചെയ്യലുകളാണ് ഇഡി നടത്തുന്നത്. സ്വർണപ്പാളികൾ ഇളക്കി മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന ഈ കേസിൽ, പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസെടുത്തത്. പ്രാഥമിക ഘട്ടത്തിൽ സാക്ഷികളെയും പ്രതികളെയും ഉൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായി ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ മുൻനിർത്തിയാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ എത്തുന്ന നാലാമത്തെ വ്യക്തിയാണ് എൻ വാസു. ഇതിന് ശേഷം ശബരിമല തന്ത്രിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഇഡി ഇതുവരെ നോട്ടിസ് അയച്ചിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇയാളിലേക്ക് അന്വേഷണം എത്തുകയുള്ളൂ. പ്രതികളുടെ സ്വത്തുവകകൾ മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികൾ ഇഡി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

എസ്ഐടി കണ്ടെത്തലുകൾ

നേരത്തെ എസ്ഐടി തയാറാക്കിയ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എൻ വാസു മൂന്നുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. കേസിൽ എസ്ഐടിയുടെ നടപടികൾക്ക് പിന്നാലെ സ്വാഭാവിക ജാമ്യം ലഭിച്ചാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് ഈ കേസിലെ സുപ്രധാനമായ പല രേഖകളിലും ഇദ്ദേഹം ഒപ്പുവച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ വിവരങ്ങളാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

എന്നാൽ താനൊരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നുവെന്നും തട്ടിപ്പിൽ യാതൊരു പങ്കില്ലെന്നുമാണ് എൻ വാസുവിൻ്റെ വാദം. നേരത്തെ എസ്ഐടിക്ക് മുന്നിൽ നൽകിയ മൊഴികൾ തന്നെയാണ് ഇദ്ദേഹം ഇഡിക്ക് മുന്നിലും ആവർത്തിക്കുന്നതെന്നാണ് സൂചനകൾ. ആകെ 28 പ്രതികളുള്ള കേസിൽ നടൻ ജയറാം ഉൾപ്പെടെ എട്ട് സാക്ഷികളാണുള്ളത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കേസിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Also Read:- അനന്തപുരിയില്‍ സ്ത്രീശക്തിയുടെ മഹാസംഗമം; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കം