ETV Bharat / state

മുനീറും ബഷീറും പുറത്തേക്ക്? ലീഗിൽ ടേം വ്യവസ്ഥ കർശനമാക്കുന്നു; ഇത്തവണ അവസരം പുതുമുഖങ്ങൾക്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് ആവശ്യപ്പെടാനും തെക്കൻ കേരളത്തിൽ മത്സരിക്കാനും ലീഗ് നീക്കം തുടങ്ങി. മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയേക്കും.

PK Kunhalikutty election role Kerala UDF seat sharing talks IUML candidate term limits Muslim League southern Kerala
ലീഗ് സംസ്ഥാന ഭാരവാഹി യോഗം (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 12:59 PM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കാൻ കൃത്യമായ തന്ത്രങ്ങൾ ഒരുക്കി യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് മുന്നോട്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ നിർണായകമായ ചർച്ചകളും വിപുലമായ തയാറെടുപ്പുകളുമാണ് കോഴിക്കോട് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും പ്രവർത്തകസമിതിയിലും പാർട്ടി നടത്തിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നടത്തിയ കഠിനമായ പ്രവർത്തനവും അതിലൂടെ കൈവരിച്ച തിളക്കമാർന്ന വിജയവും നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റ് സഖ്യകക്ഷി സ്ഥാനാർഥികളുടെ വിജയത്തിനും ലീഗിൻ്റെ പ്രവർത്തനം വലിയ രീതിയിൽ ഗുണപ്രദമായിട്ടുണ്ട് എന്നതാണ് യോഗത്തിലെ പൊതുവിലയിരുത്തൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ടേം വ്യവസ്ഥ നിയമസഭ തെരഞ്ഞെടുപ്പിലും കർശനമായി നടപ്പിലാക്കണമെന്ന ആവശ്യം ലീഗ് യോഗത്തിൽ ശക്തമായി ഉയർന്നു. മൂന്ന് ടേം മത്സരിച്ചവർ മാറിനിൽക്കണമെന്നും പകരം യുവാക്കൾക്കും വനിതകൾക്കും അവസരം നൽകി പുതുമുഖങ്ങളെ രംഗത്തിറക്കണമെന്നുമാണ് പ്രധാനമായും ഉയർന്ന ആവശ്യം.

PK Kunhalikutty election role Kerala UDF seat sharing talks IUML candidate term limits Muslim League southern Kerala
ലീഗ് സംസ്ഥാന ഭാരവാഹി യോഗം (ETV Bharat)

മുതിർന്ന നേതാക്കൾ മാറേണ്ടി വരും

ഇത്തരമൊരു നിബന്ധന കർശനമായി നടപ്പിലാക്കുകയാണെങ്കിൽ പാർട്ടിയുടെ പ്രമുഖ നേതാക്കളായ എംകെ മുനീർ, എൻ ഷംസുദ്ദീൻ, പി ഉബൈദുല്ല, പികെ ബഷീർ, മഞ്ഞളാംകുഴി അലി തുടങ്ങിയവർക്ക് മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമായി കണക്കാക്കേണ്ടതെന്നും ടേം വ്യവസ്ഥ നടപ്പിലാക്കുന്നത് വഴി പാർട്ടിയുടെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

സീറ്റ് വിഭജനവും വച്ചുമാറലും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചിരുന്നത്. എന്നാൽ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വലിയ മുന്നേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ 30 സീറ്റുകൾ വരെ വേണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചേക്കും. യുഡിഎഫിൻ്റെ വിജയസാധ്യത വർധിപ്പിക്കുന്നതിനായി കോൺഗ്രസുമായി ചില സീറ്റുകൾ വച്ചുമാറുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടി, പേരാമ്പ്ര, കോങ്ങാട്, ഗുരുവായൂർ, കളമശ്ശേരി, പുനലൂർ തുടങ്ങിയ മണ്ഡലങ്ങൾ വച്ചുമാറാനാണ് ലീഗ് പ്രധാനമായും ആഗ്രഹിക്കുന്നത്.

പകരം ചോദിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസും തയാറായാൽ മാത്രമേ ഈ നീക്കം വിജയിക്കുകയുള്ളൂ. പാർട്ടികൾക്കിടയിൽ തർക്കങ്ങളില്ലാത്ത രീതിയിൽ ഇക്കാര്യം കൈകാര്യം ചെയ്യാനാണ് ലീഗ് തീരുമാനം.

തെക്കൻ കേരളത്തിലേക്കും ശ്രദ്ധ

മലബാറിന് പുറമെ തെക്കൻ കേരളത്തിലും മത്സരിക്കാൻ ലീഗ് വിപുലമായ ഒരുക്കം കൂട്ടുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും വിജയസാധ്യതയുള്ള സീറ്റുകൾക്കായി ലീഗ് ശക്തമായ അവകാശവാദം ഉന്നയിക്കും. മലപ്പുറത്ത് മാത്രം ഒതുങ്ങിക്കൂടുന്ന പാർട്ടി എന്ന വിശേഷണം വിജയത്തിലൂടെ മാറ്റിയെടുക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറുപടി നൽകാനും ലീഗിന് അജണ്ടയുണ്ട്. കൂടാതെ, യുഡിഎഫിൽ വീണ്ടും കരുത്തരായി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ അവകാശവാദം ഉന്നയിക്കാനും സമ്മർദം ചെലുത്താനും പാർട്ടി പദ്ധതിയിടുന്നു.

നേതൃത്വവും സ്ഥാനാർഥി നിർണയവും

പതിവുപോലെ പികെ കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ നയിക്കുക. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇത്തവണ കൂടുതൽ അവസരം നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതകൾ കൈവരിച്ച മികച്ച വിജയം പരിഗണിച്ച് നിയമസഭയിലേക്ക് രണ്ടോ അതിലധികമോ വനിത സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്.

എങ്കിലും പുതുമുഖങ്ങൾ വരുമ്പോൾ ആരെയൊക്കെ ഒഴിവാക്കും എന്നതിനെക്കുറിച്ചും അതിലൂടെ ഉടലെടുക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. യുഡിഎഫ് വിപുലീകരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എമ്മിനെപ്പോലുള്ള കക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കുന്നതിനായി ലീഗ് മധ്യസ്ഥ ചർച്ചകൾ തുടർന്നും നടത്തും.

Also Read:- ചെടികളോടും പൂക്കളോടും പ്രണയം; നന്ദനം പൂങ്കാവനമാക്കി ദമ്പതികള്‍, വിശ്രമകാലം ആനന്ദകരം