'സംസ്ഥാന താൽപര്യത്തിനെതിരെ പ്രസ്‌താവന ഉന്നയിച്ച മന്ത്രി മാപ്പ് പറയണം', മുല്ലപ്പെരിയാർ വിഷയത്തിൽ മോൻസ് ജോസഫിനെതിരെ വിമർശനവുമായി മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി
36 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന സംസ്ഥാന നിലപാട് അട്ടിമറിച്ചുകൊണ്ട് 142 അടിയിൽ കൂടുതൽ ജലനിരപ്പുയർത്താൻ കേരളം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.

Published : August 13, 2026 at 7:10 PM IST
|Updated : August 13, 2026 at 7:17 PM IST
കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൻ കേരളത്തിന് എതിരായ നിലപാട് ജലവിഭവ വകുപ്പ് മന്ത്രിക്കെന്ന് മുലപ്പെരിയാർ ജനസംരക്ഷണ സമിതി. സംസ്ഥാന താൽപര്യത്തിനെതിരായി പ്രസ്‌താവന നടത്തിയ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് താഴ്ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളായി സംസ്ഥാനം സുപ്രീംകോടതിയിൽ നടത്തിവരുന്ന നിയമ പോരാട്ടത്തിനെ തുരങ്കം വച്ചു കൊണ്ടാണ് ജലനിരപ്പ് 142 അടിയിൽ കൂടുവാൻ കേരളം അനുവദിക്കില്ല എന്ന് മന്ത്രി നിലപാടെടുത്തത്. ഇത് കാലങ്ങളായി കേരളം സ്വീകരിച്ചു വന്ന നിലപാടിന് എതിരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരള താത്‌പര്യം ബലി കഴിച്ചുകൊണ്ട് 1970-ൽ നിയമസഭയിൽ പോലും ചർച്ച ചെയ്യാൻ തയ്യാറാകാതെ തമിഴ്‌നാടിൻ്റെ താത്‌പര്യം മാത്രം സംരക്ഷിച്ചുകൊണ്ട് വേണ്ടത്ര ഭേദഗതികൾ വരുത്താതെ 999 വർഷ പാട്ട കരാർ പുതുക്കി നൽകിയത് ദുരൂഹമാണ്. 50 വർഷം മാത്രം ആയുസ് നിർണയിച്ച അണക്കെട്ട് 131 വർഷം പിന്നിടുമ്പോഴും ഡീ കമ്മീഷൻ ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതിൽ മാറി വന്ന സംസ്ഥാന സർക്കാരുകൾ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നതെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ചെയർമാർ അഡ്വ: റോയി വാരിക്കാട്ട് ആരോപിച്ചു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അണക്കെട്ടിൻ്റെ നിലവിലെ അപകടാവസ്ഥ കേന്ദ്ര സർക്കാരിലും സുപ്രീംകോടതിയിലും ബോധ്യപ്പെടുത്തുന്നതിൽ സർക്കാരുകൾ ബോധപൂർവമായ അലംഭാവമാണ് കാട്ടുന്നത്. കേരളത്തിന് അനുകൂലമായ നിലപാടുകൾ ഇതുവരെ സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകാത്തത് മനഃപൂർവമായ വീഴ്‌ചയുടെ ഭാഗമാണ്.
സംസ്ഥാനത്തിൻ്റെ വാദമുഖങ്ങൾ സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നതിൽ ഉണ്ടായ വീഴ്‌ചക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണം. സംസ്ഥാനത്തിന് യാതൊരുവിധ പ്രയോജനവുമില്ലാത്തതും സംസ്ഥാനത്തിനൻ്റെ സർവ്വനാശത്തിന് കാരണമായതുമായ അണക്കെട്ടിൻ്റെ ബലക്ഷയ പരിശോധന 2012 ന് ശേഷം തമിഴ്‌നാട് അനുവദിച്ചിട്ടില്ല. 1970ലെ പുതുക്കിയ കരാർ പ്രകാരം 30 വർഷത്തിലൊരിക്കൽ ഡാമിൻ്റെ സുരക്ഷ പരിശോധിക്കേണ്ടതാണ്. എന്നാൽ 1970 നു ശേഷം ഫലപ്രദമായ പരിശോധനകൾ നടന്നിട്ടില്ല.
സുപ്രീംകോടതി നിർദ്ദേശപ്രകാരം മേൽനോട്ട സമിതി ഡാമിൻ്റെ സുരക്ഷാ പരിശോധനയ്ക്കായി 2025 ൽ തമിഴ്‌നാട്ടിൽ എത്തിയപ്പോൾ തമിഴ്‌നാട് സർക്കാർ നിസഹകരിച്ചതിനാൽ സമിതിക്ക് പരിശോധന നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്നു.
136 അടിയിൽ കൂടുതൽ ജലനിരപ്പ് കൂട്ടാൻ കഴിയില്ലെന്ന കേരളത്തിൻ്റെ പ്രഖ്യാപിതമായ നയത്തെ തുരങ്കം വയ്ക്കുന്നതാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെ പുതിയ നിലപാട്. 136 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന സംസ്ഥാന നിലപാട് അട്ടിമറിച്ചുകൊണ്ട് മന്ത്രി മോൻസ് ജോസഫ് 142 അടിയിൽ കൂടുതൽ ജലനിരപ്പുയർത്താൻ കേരളം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇത് തമിഴ്‌നാടിന് വേണ്ടി നടത്തിയ പ്രഖ്യാപനമാണ് എന്ന് സംശയിക്കേണ്ടിയിരുക്കുന്നു എന്നും സംഘടന പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2012 മുതൽ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും സുപ്രീംകോടതിയിൽ തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികൾ സംബന്ധിച്ചും സംസ്ഥാന നിലപാടുകൾ പരാജയപ്പെടുന്നത് സംബന്ധിച്ചും ഇതിന് പിന്നിലെ അഴിമതി സംബന്ധിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണം. ലോകത്ത് ഏറ്റവും ദൈർഘ്യം കൂടിയ ഏക കരാറായ 999 പാട്ടക്കരാർ അടിയന്തരമായി റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
131 വർഷം പിന്നിടുന്ന അണക്കെട്ടിൻ്റെ അപകടാവസ്ഥ പരിശോധന നടത്തിയ നിരവധി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതാണ്. സംസ്ഥാന താത്‌പര്യം സംരക്ഷിക്കുവാനും 50 ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്‌ടമാകുവാനും സാധ്യതയുള്ള അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമ പ്രവർത്തകരെ അണക്കെട്ട് സന്ദർശിക്കുവാൻ അനുവദിക്കണം. സംസ്ഥാനത്തിന് എതിരായ 999 വർഷ പാട്ടക്കരാർ കത്തിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ 14 മുതൽ 21 വരെ പ്രതിഷേധ സമരം നടത്തുമെന്നും 14ന് രാവിലെ 11 മണിക്ക് തൊടുപുഴയിൽ പാട്ടക്കരാർ കത്തിച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ.റോയ് വാരികാട്ട്, ജനറൽ കൺവീനർ പി ടി ശ്രീകുമാർ എന്നിവർ പറഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി മുല്ലപ്പെരിയാർ പാട്ടക്കരാർ കത്തിക്കും
സംസ്ഥാന താത്‌പര്യത്തിനെതിരെ 1970 ൽ പുതുക്കിയ മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. 1995 ൽ തിരുവിതാംകൂർ മദിരാശി സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച കരാർ 1947ൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ അസാധുവായതാണ്. എന്നാൽ 1970ൽ വിദഗ്‌ധ ഉപദേശം തേടാതെയും സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാതെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിലവിലെ കരാർ പുതുക്കുകയാണ് ചെയ്‌തത്. സംസ്ഥാന താത്‌പര്യം പൂർണമായും ബലികഴിച്ച നിലവിലെ കരാർ റദ്ദാക്കണം. അപകടാവസ്ഥയിലായ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Also Read: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് സിപിഐ; എൽഡിഎഫ് യോഗത്തിൽ ആവശ്യമുന്നയിക്കും

