മുക്കത്ത് മധ്യവയസ്‌കനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതി പിടിയിൽ
വിനോദ് കുമാറും കുടുംബവും ഏറെക്കാലമായി ഇവിടെ വാടകവീട്ടിലാണ് താമസിക്കുന്നത്. പ്രതിയുമായി ഇതിനുമുൻപും ഇത്തരം വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം

Published : July 8, 2026 at 1:10 PM IST
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മധ്യവയസ്‌കനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. കയ്യേരിക്കൽ ഭാഗത്ത് വച്ചാണ് ഇയാൾ പൊലീസിൻ്റെ വലയിലായത്.
ഇന്നലെ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അയൽവാസിയായ ജയകുമാർ കഴുത്തിന് വെട്ടുകയായിരുന്നു. വെസ്റ്റ് മണാശ്ശേരി മുതുകുറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയും കുടുംബവും ഒളിവിൽ പോയി. മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷാണ് ഒളിവിൽ പോയ ജയകുമാറിനെ കണ്ടത്. പ്രതിയെ തടഞ്ഞ് നിർത്തുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം കേട്ട് മറ്റ് പ്രദേശവാസികളും ഓടിയെത്തി. പിന്നാലെ മുക്കം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.
മദ്യലഹരിയും വാക്കുതർക്കവും
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്. പ്രതി ജയകുമാർ രാവിലെ മുതൽ മദ്യപിച്ചെത്തി പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ വിനോദ് കുമാറുമായും മറ്റ് പരിസരവാസികളുമായും ഏറെനേരം തർക്കത്തിലേർപ്പെട്ടു. ഇതിനുപുറമെ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും ഇയാൾ നടത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ഇത് പരിസരവാസികൾ ഒന്നടങ്കം ചേർന്ന് ചോദ്യം ചെയ്തതിൻ്റെ തുടർച്ചയായാണ് വിനോദ് കുമാറിനുനേരെ ആക്രമണമുണ്ടായത്. പ്രകോപിതനായ ജയകുമാർ വിനോദ് കുമാറിൻ്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും അമിതമായി രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു.
മുൻവൈരാഗ്യവും ഭീഷണിയും
വിനോദ് കുമാറും കുടുംബവും ഏറെക്കാലമായി ഇവിടെ വാടകവീട്ടിലാണ് താമസിക്കുന്നത്. പ്രതിയുമായി ഇതിനുമുൻപും ഇത്തരം വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ജയകുമാർ വിനോദ് കുമാറിനെയും കുടുംബത്തെയും കിണറിൽ വിഷം കലർത്തി കൊല്ലുമെന്ന് വാടകവീടിൻ്റെ ഉടമസ്ഥയോട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ മുക്കം പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തിയില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്. പൊലീസ് നേരത്തെ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് മേലുദ്യോഗസ്ഥർ പരിശോധിച്ചേക്കും.
പൊലീസ് അന്വേഷണം ഊർജിതം
കൊലപാതകത്തിന് ശേഷം പ്രതിയായ ജയകുമാറും ഭാര്യയും കുട്ടികളും ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി മുക്കം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ ഒരു ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ പ്രതി പിടിയിലായതായാണ് ഏറ്റവും പുതിയ വിവരം. മുൻവൈരാഗ്യം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്നും അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ സാക്ഷികളുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
വിനോദ് കുമാറിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. സുമയാണ് കൊല്ലപ്പെട്ട വിനോദ് കുമാറിൻ്റെ ഭാര്യ. ബിബിൻ, നീതു, നിമിഷ എന്നിവർ മക്കളും സാലു, റെന്നി എന്നിവർ മരുമക്കളുമാണ്.
Also Read: ഗാർഹിക പീഡനം തടയാൻ കർശന നടപടി; പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

