1227 കോടി കെട്ടിവച്ചു! പിടിച്ചുവച്ച കപ്പൽ വിട്ടയച്ചു; ഹൈക്കോടതിയിൽ നിർണായക നീക്കം
എംഎസ്‌സി എൽസ ത്രീ കപ്പലപകടത്തിൽ 1227.62 കോടി രൂപ കെട്ടിവെച്ചതിനെത്തുടർന്ന് എംഎസ്‌സി അകിറ്റേറ്റ കപ്പൽ വിട്ടയച്ചു. 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

Published : January 8, 2026 at 3:46 PM IST
എറണാകുളം: എംഎസ്‌സി എൽസ- 3 കപ്പലപകടത്തിൽ 1227.62 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ച് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി. ബാങ്ക് ഗ്യാരൻ്റിയായി തുക കെട്ടിവച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരുന്ന എംഎസ്‌സി അകിറ്റേറ്റ- 2 കപ്പൽ വിട്ടയച്ചു. എംഎസ്‌സി എൽസ- 3 കപ്പലപകടത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിന്മേലുള്ള ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.
സംസ്ഥാന സർക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ വിധി അനുകൂലമായാൽ പലിശ തുകയടക്കമാണ് സംസ്ഥാനത്തിന് ലഭിക്കുക. അപകടത്തെത്തുടർന്ന് എണ്ണച്ചോർച്ച, പരിസ്ഥിതി മലിനീകരണം, മത്സ്യത്തൊഴിലാളികൾക്ക് സംഭവിച്ച ഉപജീവനമാർഗ നഷ്ടം, കപ്പലിലെ കണ്ടെയ്നറുകളിൽനിന്ന് പുറംതള്ളിയ മാലിന്യം നീക്കംചെയ്യൽ, പരിസ്ഥിതിക്ക് വിനാശകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെയ്നറുകളും സമുദ്ര പരിസ്ഥിതിക്ക് സൃഷ്ടിച്ച പ്രത്യാഘാതം എന്നിവ ചൂണ്ടിക്കാട്ടി 9531 കോടി രൂപയായിരുന്നു സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ട തുക യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നായിരുന്നു മെഡിറ്ററേനിയൻ കപ്പൽ കമ്പനിയുടെ വാദം. 2025 മേയ് 24നാണ് എംഎസ്‌സി എൽസ- 3 ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
നിയമനടപടി ഇങ്ങനെ
അപകടം കേരളത്തിൻ്റെ സമുദ്രമേഖലയിലും തീരപ്രദേശത്തും സൃഷ്ടിച്ച ആഘാതം ചെറുതല്ലാത്തതിനാലാണ് സംസ്ഥാന സർക്കാർ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ- 3 കപ്പലിൻ്റെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പലായ എംഎസ്‌സി അകിറ്റേറ്റ- 2 കൊച്ചി തുറമുഖത്ത് എത്തിയപ്പോഴാണ് നിയമനടപടികളുടെ ഭാഗമായി അതിനെ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സമുദ്ര നിയമങ്ങളിലെ 'സിസ്റ്റർ ഷിപ്പ് അറസ്റ്റ്' (Sister Ship Arrest) വ്യവസ്ഥ പ്രകാരമായിരുന്നു ഈ നടപടി. അപകടമുണ്ടാക്കിയ കപ്പലിൻ്റെ ഉടമസ്ഥതയിലുള്ള മറ്റ് കപ്പലുകളെയും ഈടായി പിടിച്ചുവയ്ക്കാൻ സാധിക്കുമെന്ന നിയമത്തിൻ്റെ പിൻബലത്തിലാണ് സംസ്ഥാനം ഈ നീക്കം നടത്തിയത്. ഇത് കേസിന് കൂടുതൽ ബലം നൽകുകയും നഷ്ടപരിഹാരത്തുക ഉറപ്പാക്കുന്നതിൽ നിർണായകമാവുകയും ചെയ്തു.
പാരിസ്ഥിതിക ആഘാതവും തൊഴിൽനഷ്ടവും
അപകടത്തെത്തുടർന്ന് കടലിൽ വ്യാപിച്ച എണ്ണയും രാസവസ്തുക്കളും സമുദ്രജലത്തിൻ്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധസമിതി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടലിൽ കലർന്നത് മത്സ്യസമ്പത്തിന് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. മൈക്രോ പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് വഴി മനുഷ്യരിലേക്കും എത്താനുള്ള സാധ്യതകൾ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ, അപകടം നടന്ന സമയത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. വള്ളങ്ങളും വലകളും കേടുവന്നതിന് പുറമെ, മത്സ്യലഭ്യതയിലുണ്ടായ കുറവും വിപണിയിലെ വിലയിടിവും ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി. ഈ നഷ്ടങ്ങളെല്ലാം കണക്കാക്കിയാണ് 9531 കോടി രൂപയെന്ന തുകയിലേക്ക് സർക്കാർ എത്തിയത്.
നിയമപോരാട്ടം തുടരും
നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ 'പൊല്യൂട്ടർ പേയ്സ്' (Polluter Pays Principle) എന്ന തത്വമാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. പരിസ്ഥിതിക്ക് നാശം വരുത്തുന്നവർ തന്നെ അത് പൂർവസ്ഥിതിയിലാക്കാനുള്ള ചെലവും വഹിക്കണം എന്നതാണ് ഇതിൻ്റെ അടിസ്ഥാനം. എന്നാൽ, നഷ്ടപരിഹാരത്തുക കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും തുക അമിതമാണെന്നുമാണ് കപ്പൽ കമ്പനിയുടെ വാദം. നിലവിൽ കെട്ടിവച്ച 1227.62 കോടി രൂപ കേസിൻ്റെ അന്തിമതീർപ്പുവരെ കോടതിയുടെ കസ്റ്റഡിയിൽ തുടരും.
കേസ് വിചാരണവേളയിൽ ഇരുപക്ഷവും സമർപ്പിക്കുന്ന തെളിവുകളുടെയും രാജ്യാന്തര സമുദ്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമവിധി വരിക. എണ്ണ നീക്കംചെയ്യുന്നതിനും തകർന്ന കണ്ടെയ്നറുകൾ വീണ്ടെടുക്കുന്നതിനും നശിച്ച ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിവരുന്ന ഭാരിച്ച ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഈ നിയമപോരാട്ടം ഇന്ത്യൻ സമുദ്ര ചരിത്രത്തിലെതന്നെ സുപ്രധാനമായ ഒന്നായി മാറുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലും അഡീഷണൽ സോളിസിറ്റർ ജനറലും അടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് ഹൈക്കോടതിയിൽ ഹാജരായത്. വരുംദിവസങ്ങളിൽ കേസിൻ്റെ വിചാരണ കൂടുതൽ വിശദമായ വാദപ്രതിവാദങ്ങളിലേക്ക് കടക്കും.
Also Read:- സപ്‌തസ്വരങ്ങളുടെ മായാജാലവുമായി 'കോക്ടെയില്‍ മ്യൂസിക്'; വിവാഹവേദി കീഴടക്കി ആദർശും സംഘവും

