മൂന്നാം ഊഴത്തിന് സിറ്റിങ് എംഎൽഎമാർ തന്നെ; പിണറായി വിജയൻ ധർമ്മടത്ത്, എം വി ഗോവിന്ദൻ ഉണ്ടാകില്ലെന്ന് സൂചന
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് തന്നെ മത്സരിക്കുമ്പോൾ തോമസ് ഐസക് തിരിച്ചെത്താനും എം വി ഗോവിന്ദൻ മാറിനിൽക്കാനും സാധ്യതയുണ്ട്

Published : February 25, 2026 at 7:28 PM IST
സി എസ് സിദ്ധാര്‍ത്ഥന്‍
തിരുവനന്തപുരം: മൂന്നാംവട്ടവും ഭരണം ഉറപ്പാക്കാൻ ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മത്സരിക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് തന്നെയാകും മത്സരിക്കുക. 62 സിറ്റിങ് എംഎൽഎമാരിൽ 50ലധികം പേർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകി. പിണറായി വിജയനും എം വി ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സിപിഎം സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ 13 പേരും മത്സരിക്കാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്നതിനാൽ എം വി ഗോവിന്ദൻ മത്സരിക്കാൻ സാധ്യതയില്ല. ഇ പി ജയരാജൻ, പുത്തലത്ത് ദിനേശൻ, സി എൻ മോഹനൻ എന്നിവരെയും ഒഴിവാക്കാനാണ് സാധ്യത. രണ്ടുതവണ വ്യവസ്ഥയിൽ കഴിഞ്ഞ തവണ മാറ്റി നിർത്തപ്പെട്ട ടി എം തോമസ് ഐസക് ഇത്തവണ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവുമുണ്ട്. ഐസക്കിനെ പരിഗണിച്ചിട്ടും ജി സുധാകരനെ മത്സരിക്കാൻ ക്ഷണിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സിറ്റിങ് എംഎൽഎമാരിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് (തളിപ്പറമ്പ്) പുറമെ, കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാൽ (തൃക്കരിപ്പൂർ), എം എം മണി (ഉടുമ്പൻചോല), എം മുകേഷ് (കൊല്ലം ), യു പ്രതിഭ (കായംകുളം), ദലീമ (അരൂർ), എ സി മൊയ്തീൻ (കുന്നംകുളം) എന്നിവർ മാറിനിൽക്കാനാകും സാധ്യത.
കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, പി കെ ബിജു, എം സ്വരാജ്, വി എൻ വാസവൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, എം വി ജയരാജൻ എന്നിവരോട് മത്സരരംഗത്തിറക്കാൻ നിർദേശം നൽകിയതായി ഒരു സംസ്ഥാന നേതാവ് ഇ ടിവി ഭാരതിനോട് പറഞ്ഞു. തിരുവനന്തപുരം നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിടാൻ മന്ത്രി വി ശിവൻകുട്ടിയോട് മത്സരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യംചെയ്യലിന് വിധേയനായ കടകംപള്ളി സുരേന്ദ്രനും കഴക്കൂട്ടത്ത് മത്സരിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ തന്നെയാകും മത്സരിക്കുക.
സംസ്ഥാന- ജില്ലാ കമ്മിറ്റികളുടെ ചർച്ചകൾക്കു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി നിർണയമെങ്കിലും മത്സരിപ്പിക്കാൻ ധാരണയായിട്ടുള്ള സിറ്റിങ് എംഎൽഎമാരോടെല്ലാം മണ്ഡലത്തിൽ സജീവമാകാൻ സിപിഎം നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വിലയിരുത്തൽ സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതുണ്ടായിട്ടില്ലെന്ന അഭിപ്രായമാണ് സിപിഎമ്മിൻ്റേത്. ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്തതിന് പല കാരണങ്ങൾ ഉള്ളതിനാൽ ജനങ്ങളുടെ പ്രതികരണത്തിലൂടെ സൂക്ഷ്മതലത്തിൽ പരിശോധിക്കാനാണ് എൽഡിഎഫ് യോഗം തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മൂന്ന് മേഖലാ ജാഥകളിലൂടെ പോരായ്മകൾ പരിഹരിക്കാനായെന്ന വിശ്വാസത്തിലാണ് സിപിഎം.

