വലിയ എൽഇഡി ടിവിയും ഫ്രിഡ്‌ജും ഉള്‍പ്പെടെ സൗകര്യങ്ങള്‍; മോൻസൻ മാവുങ്കലിൻ്റെ ആഡംബര കാരവാൻ ലേലത്തിന് വിറ്റു
അഞ്ച് വർഷത്തോളമായി ചേർത്തല പൊലീസ്സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലനടപടികളും രേഖാപരമായ നടപടികളും പൂർത്തിയായതിനെ തുടർന്ന് നീക്കം ചെയ്‌തത്.

Published : July 9, 2026 at 3:16 PM IST
ആലപ്പുഴ: കോടികളുടെ പുരാവസ്‌തു തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാരവാനും പൊലീസ് ലേലത്തിന് വിറ്റു. ലക്ഷങ്ങൾ വിലമതിയ്ക്കുന്ന ആറ് ആഡംബര കാറുകൾ കഴിഞ്ഞ ദിവസങ്ങളിലായി ആലുവയിലേക്ക് കൊണ്ടുപോയിരുന്നു.
അഞ്ച് വർഷത്തോളമായി ചേർത്തല പൊലീസ്സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലനടപടികളും രേഖാപരമായ നടപടികളും പൂർത്തിയായതിനെ തുടർന്ന് നീക്കം ചെയ്‌തത്. മോൻസൻ ഏറ്റവും കൂടുതൽ സഞ്ചരിച്ചിരുന്നത് ഈ കാരവാനിലായിരുന്നു. അനേകം സാമ്പത്തിക ഇടപാടുകൾക്കും രഹസ്യ ചർച്ചകൾക്കും സാക്ഷ്യം വഹിച്ച വാഹനത്തിൻ്റെ അവസാന അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്.
വലിയ എൽഇഡി ടിവി, ഫ്രിഡ്‌ജ്, വിലപിടിപ്പുള്ള വാൾ ക്ലോക്ക്, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ എന്നിവ ഇപ്പോഴും നശിക്കാതെ വാഹനത്തിനുള്ളിൽ തന്നെയുണ്ട്. അന്തർ സംസ്ഥാന രജിസ്ട്രേഷനുള്ള ഈ വാഹനത്തിൻ്റെ സ്റ്റിയറിങ് ഇടതുവശത്താണെന്നതും പ്രത്യേകതയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ആഡംബര കാറുകൾ ചേർത്തല വല്ലയിലെ വസതിയിൽ ഇപ്പോഴും കിടന്ന് തുരുമ്പിക്കുന്നുണ്ട്. ഭാര്യയുടെ മരണശേഷം ചേർത്തലയിലെ വീട് ആൾതാമസമില്ലാതെ കിടക്കുകയാണ്.
ഇത്രെയും അധികം വാഹനങ്ങൾ ഉണ്ടെങ്കിലും ഒരു വാഹനം പോലും മോൻസൻ മാവുങ്കലിൻ്റ പേരിലില്ല.
അപൂർവ പുരാവസ്‌തുക്കളുടെ ശേഖരിച്ച് വിൽപ്പന നടത്തുന്നതാണ് തൊഴിലെന്നാണ് പലരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്നതാണ് മോൻസൻ മാവുങ്കലിനെതിരായ കേസ്.
ചരിത്രപ്രാധാന്യമുള്ള പുരാവസ്‌തുക്കളും അപൂർവ നാണയങ്ങളും മതപരമായ വിശുദ്ധ വസ്‌തുക്കളും കൈവശമുണ്ടെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിക്കുകയും വൻലാഭം വാഗ്‌ദാനം ചെയ്യുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വർഷങ്ങളായി കിടക്കുന്ന ആഡംബര വാഹനങ്ങൾ
മോൻസൻ മാവുങ്കലിൻ്റെ ചേർത്തലയിലെ വസതിയിൽ നടത്തിയ അന്വേഷണത്തിനിടെയാണ് നിരവധി ആഡംബര കാറുകളും കാരവാനും പൊലീസ് പിടിച്ചെടുത്തത്. അന്വേഷണത്തിൻ്റെ ഭാഗമായി ഇവ ചേർത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു. ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നതോടെ വാഹനങ്ങളുടെ അവസ്ഥ മോശമായിരുന്നു. കോടതിയുടെ അനുമതിയോടെയും ലേലനടപടികൾ പൂർത്തിയായിരുന്നു. ഇതിൽ പലതും നേരത്തെ ആക്രിവിലയ്‌ക്ക് വിൽക്കുകയും ചെയ്‌തിരുന്നു.
ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ താമസിക്കുന്ന മോൻസൻ മാവുങ്കൽ, അപൂർവ പുരാവസ്‌തുക്കളുടെ ശേഖരകനും വിൽപ്പനക്കാരനുമാണെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചരിത്രപ്രാധാന്യമുള്ള പുരാവസ്‌തുക്കളും അപൂർവ നാണയങ്ങളും മതപരമായ വിശുദ്ധ വസ്‌തുക്കളും കൈവശമുണ്ടെന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയും വൻലാഭം വാഗ്‌ദാനം ചെയ്യുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Also Read:മോൻസൻ കേസിൽ പുതിയ വഴിത്തിരിവ്; പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ആക്രിക്കാര്‍ക്ക് നൽകി പൊലീസ്

