ETV Bharat / state

ആരോഗ്യനില തൃപ്‌തികരം; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, തുടര്‍ ചികിത്സ തലസ്ഥാനത്ത്

മന്ത്രി വീണാ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളജ് വിട്ടു. തുടര്‍ ചികിത്സ തിരുവനന്തപുരത്ത്.

മന്ത്രി വീണാ ജോര്‍ജ്  VEENA GEORGE DISCHARGE  കെഎസ്‌യു പ്രതിഷേധം കണ്ണൂര്‍  വീണാ ജോര്‍ജ് ആശുപത്രിയില്‍
Minister Veena George And Govt medical college. (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 7:29 AM IST

2 Min Read
Choose ETV Bharat

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്ന് (ഫെബ്രുവരി 27) പുലര്‍ച്ചെ 4 മണിയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജായത്. പിന്നാലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു.

മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടൂവെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ഡിസ്‌ചാര്‍ജ് ആവശ്യപ്പെട്ടത്. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് വച്ചായിരിക്കും.

അതേസമയം മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന സംഭവത്തില്‍ രാഷ്‌ട്രീയ പോരും വിമര്‍ശനങ്ങളും മുറുകുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് വിട്ടാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്.

എന്നാല്‍ മന്ത്രിക്ക് നേരെ വധശ്രമമാണ് ഉണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന് പറയുന്നതിന്‍റെ നിരവധി ദൃശ്യങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അതിലൊന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്നതാണ് മറ്റൊരു വാസ്‌തവം. അതുകൊണ്ട് തന്നെ സിപിഎമ്മിന്‍റെ വാദങ്ങള്‍ക്ക് തെളിവുമില്ല.

ഫോട്ടോയെടുത്തതിലും വിമര്‍ശനം: ആക്രമണത്തില്‍ കഴുത്തിന് ഗുരുതര പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ കഴിഞ്ഞ മന്ത്രിയ്‌ക്കൊപ്പമുള്ള നഴ്‌സുമാരുടെ ഫോട്ടോ പുറത്ത് വന്നിരുന്നു. ഇതിനെിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഐസിയുവില്‍ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്നാണ് വിവിധയിടങ്ങളില്‍ നിന്നും ഉയരുന്ന ആക്ഷേപം. കഴുത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ ചിരിച്ചുള്ള ഫോട്ടോ ഫോസിങ്ങും ഏറെ വിമര്‍ശനത്തിന് വഴിവച്ചു. മന്ത്രി വീണാ ജോര്‍ജ് ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും കെഎസ്‌യു ആരോപിച്ചു.

കണ്ണൂരിലെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം: ഫെബ്രുവരി 25നാണ് മന്ത്രിക്കെതിരെ കണ്ണൂരില്‍ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന് സമീപം വച്ച് കരിങ്കൊടി പ്രതിഷേധവുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിനും കൈയ്‌ക്കും പരിക്കേറ്റത്.

തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോൺഗ്രസിന്‍റെ ഹീന രാഷ്‌ട്രീയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പ്രകടനമല്ല; മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: മന്ത്രിക്ക് പരിക്കോ അതോ 'മോണോ ആക്ടോ'?; ചിത്രങ്ങളും ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍