ETV Bharat / state

നോൺ-മാപ്പിങ് വിഭാഗത്തിലുള്ളവർ ജാഗ്രതൈ! രേഖകൾ ഹാജരാക്കിയില്ലെങ്കിൽ വോട്ടവകാശം നഷ്ടമാകുമെന്ന് മന്ത്രി പി രാജീവ്

കൃത്യമായ പരിശോധനകളില്ലാതെ വോട്ടർമാരെ ഒഴിവാക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും മന്ത്രി പി രാജീവ്

Minister P Rajeev
പി രാജീവ് (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 7:33 PM IST

3 Min Read
Choose ETV Bharat

എറണാകുളം: വോട്ടർ പട്ടികയിലെ നോൺ-മാപ്പിങ് വിഭാഗത്തിൽപ്പെട്ടവർ ഹിയറിങ് വേളയിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് നിയമമന്ത്രി പി രാജീവ്. ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്താകെ ഏകദേശം 19,32,000 പേർ സാങ്കേതിക കാരണങ്ങളാൽ നിലവിൽ നോൺ-മാപ്പിങ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 33,264 പേർ ഈ വിഭാഗത്തിൽ ഉൾപ്പെട്ടത് അസാധാരണമായ സാഹചര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനകളില്ലാതെ വോട്ടർമാരെ ഒഴിവാക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

പി രാജീവ് (ETV Bharat)

വോട്ടവകാശം ഒരു പൗരനും നഷ്ടപ്പെടരുതെന്ന ജനപക്ഷ നിലപാടോടെയാണ് കേരള സർക്കാർ എസ്ഐആറിൽ ഇടപെടുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വോട്ടർ പട്ടികയുടെ എസ്‌ഐആർ നടപടികളിൽ ഉയർന്ന ആശങ്കകൾ പരിഗണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് നൽകിയ ഏക സംസ്ഥാന സർക്കാർ കേരളമാണെന്നും മന്ത്രി പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച സമയം ലഭിച്ചത്.

എന്താണ് നോൺ മാപ്പിങ് ?

പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും, 2002-ലെ വോട്ടർ പട്ടിക, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി മാച്ച് ചെയ്യാൻ കഴിയാത്തവരാണ് നോൺ മാപ്പിങ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിങ്ങിൽ ഹാജരായാൽ മാത്രമേ ഇവരുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിലനിൽക്കൂ. ഹിയറിങ് ജനുവരി 6 മുതൽ 28 വരെയാണ് നടക്കുന്നത്. ഇതുമായി ബന്ധപെട്ട് ഭൂരിഭാഗം ആളുകൾക്കും അറിയിപ്പ് ലഭിച്ചിട്ടില്ല.

എറണാകുളം ജില്ലയിൽ മാത്രം 2,06,061 പേർ നോൺ-മാപ്പിങ് വിഭാഗത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മണ്ഡലങ്ങളിലെ കണക്ക് പ്രകാരം, തൃപ്പൂണിത്തുറയിൽ 33,264, എറണാകുളം 26,544, ഉദയംപേരൂർ 24,650, കൊച്ചി 14,778, ആലുവ 13,959, കളമശ്ശേരി 13,027, അങ്കമാലി 12,710, പറവൂർ 12,993, പിറവം 11,821, മൂവാറ്റുപുഴ 10,810, കുന്നത്തുനാട് 8,499, വൈപ്പിൻ 9,482, പെരുമ്പാവൂർ 8,642 എന്നിങ്ങനെയാണ് നോൺ-മാപ്പിങ് വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം .

ഇതിൽ 52,216 പേരുടെ രേഖകൾ ഇതിനകം ബിഎൽഒമാർ പരിശോധിച്ച് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലവിലെ നിർദ്ദേശപ്രകാരം അവരും ഹിയറിങ്ങിൽ ഹാജരാകേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.


ജനങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ വില്ലേജ് ഓഫീസിലും കുറഞ്ഞത് രണ്ട് ജീവനക്കാരെ ഹെൽപ് ഡെസ്കിൽ നിയോഗിക്കാനും ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.


എസ്‌സി, എസ്‌ടി, പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങളിൽ വോട്ടവകാശം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻ്റുമാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നോൺ-മാപ്പിങ് ഒരു പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ടല്ലെന്നും സാങ്കേതിക പിഴവുകൾ മൂലം ആരുടെയും വോട്ടവകാശം നഷ്ടപ്പെടരുതെന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും, ജനാധിപത്യത്തിൽ ഓരോരുത്തരുടെയും വോട്ടവകാശം ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് മന്ത്രി പി. രാജീവ് ഓർമിപ്പിച്ചു. ബിജെപി മാത്രമാണ് ഇത്തരം വിഷയങ്ങളിൽ കമ്മീഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

Also Read: 'നിയമസഭയിൽ 100 പ്ലസ്'; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ