'കോണ്‍ഗ്രസ് പ്രകോപനം സൃഷ്‌ടിക്കുന്നു, സംസ്‌കാര ശൂന്യമായ സമീപനം': ജെ.ചിഞ്ചു റാണി
ആരോഗ്യ മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് മന്ത്രി ചിഞ്ചു റാണി. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മന്ത്രി വീണാ ജോർജിന്‍റെ പ്രവർത്തനങ്ങള്‍ പ്രശംസാര്‍ഹമെന്നും പ്രതികരണം.

Published : February 26, 2026 at 10:21 AM IST
|Updated : February 26, 2026 at 10:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസും യുവജന സംഘടനകളും പ്രകോപനം സൃഷ്‌ടിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. തികച്ചും സംസ്‌കാര ശൂന്യവും ആക്രമണാത്മകവുമായ സമീപനമാണ് ഇവരുടേതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെ.ചിഞ്ചു റാണി.
കേരളത്തിലെ ആരോഗ്യ മേഖലയിൽ വീണാ ജോർജ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി ചിഞ്ചു റാണി പ്രശംസിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. കേരള ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. കോൺഗ്രസും അവരുടെ യുവജന സംഘടനകളും മന്ത്രിമാരെ പിന്തുടർന്ന് മനഃപൂർവ്വം പ്രകോപനങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.
കേരളം ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി മുന്നോട്ട് പോകുന്ന സംസ്ഥാനമാണ്. എന്നിട്ടും ആരോഗ്യ വകുപ്പിലെ തന്നെ മന്ത്രി ഇത്തരമൊരു അനീതിക്ക് ഇരയായി. മന്ത്രിക്ക് നേരെയുണ്ടായ ഈ സംഭവത്തിനെതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ച (ഫെബ്രുവരി 25) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു അംഗങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറാൻ മന്ത്രി എത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് സമീപമായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ആരോഗ്യമന്ത്രിയുടെ കഴുത്തിനും കൈയ്‌ക്കും പരിക്കേറ്റത്.
ഉടൻ തന്നെ അവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യ, വനിതാ, ശിശു വികസന മന്ത്രി വീണ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്‌യുവിലെ അഞ്ച് നേതാക്കൾക്കെതിരെ കൊലപാതക ശ്രമം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇതെല്ലാം സര്‍ക്കാര്‍ നാടകമെന്ന് വിമര്‍ശനങ്ങള്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചൂവെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഇതെല്ലാം സര്‍ക്കാരിന്‍റെ കളിയാണെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ് കോൺഗ്രസ് രംഗത്തെത്തി. അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ വീഡിയോയും ചിത്രങ്ങളും കോൺഗ്രസ് എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പ്രതിഷേധിക്കാനെത്തിയവർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ലെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടി.
രക്തസാക്ഷി പരിവേഷത്തിനായി സംഭവം വളച്ചൊടിക്കുകയാണെന്നും കയ്യേറ്റം ചെയ്‌തൂവെന്ന വാർത്ത അവാസ്‌തവമാണെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്‌തത്. പൊലീസിന്‍റെ സംരക്ഷണ വലയത്തിനിടയിൽ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നറിയില്ല. പരിധി വിട്ടുള്ള പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചൂവെന്ന തരത്തിൽ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു. വീണാ ജോർജ് നല്ലൊരു ആരോഗ്യ മന്ത്രി അല്ലെങ്കിലും മികച്ചൊരു അഭിനേത്രിയാണെന്നും സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യമുണ്ടോ? സിപിഎമ്മിന്‍റെ കൈരളി ചാനല്‍ പ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളിലൊന്നിലും കെഎസ്‌യു വിദ്യാർഥികൾ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ലെന്നും എംപി കൂട്ടിച്ചേർത്തു.

