വിശ്വാസത്തിൻ്റെ കനലുകളിൽ വിരിയുന്ന അക്ഷയപുണ്യം; പ്രായവും ദൂരവും മറന്ന് ലക്ഷങ്ങൾ ആറ്റുകാലിലേക്ക്
ആറ്റുകാലമ്മയ്ക്ക് ലക്ഷങ്ങൾ പൊങ്കാല സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം. കർശനമായ ഹരിത പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായ നഗരത്തിൽ നാളെ രാവിലെ 9.45-ന് അടുപ്പുകളിൽ തീ പകരും

Published : March 2, 2026 at 8:43 PM IST
തിരുവനന്തപുരം: ആറ്റുകാലമ്മയോടുള്ള അചഞ്ചലമായ വിശ്വാസം പുകച്ചുരുളുകളായി ആകാശത്തോളം ഉയരുമ്പോൾ, അനന്തപുരിയുടെ വീഥികളിൽ ഇത്തവണയും കാണാനാവുന്നത് ഭക്തിയുടെയും കരുതലിൻ്റെയും ഹൃദയസ്പർശിയായ കാഴ്ചകളാണ്. പ്രായത്തിൻ്റെ അവശതകളോ രോഗപീഡകളോ ദൂരത്തിൻ്റെ ആധിപോലുമോ തടയാത്ത ഒരു വലിയ ജനസഞ്ചയത്തിൻ്റെ പ്രാർഥനാ നിർഭരമായ കാത്തിരിപ്പാണ് ഈ പൊങ്കാല.
പൊന്മുടിക്കടുത്ത് ആനപ്പാറയിൽ നിന്ന് എത്തുന്ന പൊന്നമ്മയ്ക്ക് ഇത് അൻപതാം വർഷമാണ്. അരനൂറ്റാണ്ടിലേറെയായി മുടങ്ങാതെ തുടരുന്ന ഈ തീർത്ഥാടനം മുടങ്ങിയാൽ ആ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്. നാട്ടുകാരിയായ വല്‍സലയുമുണ്ട് കൂട്ടിന്. അടുത്ത വര്‍ഷവും വരാനുള്ള സാഹചര്യം ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചാണ് ഓരോ വര്‍ഷവും മടങ്ങുന്നതെന്ന് വല്‍സല പറയുന്നു.
ഹൃദ്രോഗിയായ ശ്യാമളയ്ക്കും പറയാനുള്ളത് അത്ഭുതകരമായ രക്ഷപ്പെടലുകളുടെ കഥയാണ്. രോഗമുള്ളതു കാരണം മക്കള്‍ വിട്ടില്ലെങ്കില്‍ വലിയ പ്രയാസമാണ്. മക്കള്‍ തന്നെ കൊണ്ടു വരും. ഞാന്‍ ഒരു ക്ഷേത്രത്തിലാണ് ജോലി നോക്കുന്നത്. അടുത്ത വര്‍ഷവും വരാന്‍ അവസരം ഒരുക്കണേ എന്നാണ് പ്രാര്‍ഥിക്കുക. അതു വരെ അമ്മ ആയുസ്സ് തരും ഉറപ്പാണെന്ന് ശ്യാമള ഇ ടിവി ഭാരതിനോട് പറഞ്ഞു. ആപത്തില്ലാതെ അമ്മ കാത്തു രക്ഷിക്കും. അസുഖമായി കിടന്നപ്പോഴും ആറ്റുകാല്‍ അമ്മയാണ് രക്ഷിച്ചത്.
കേരളത്തിൻ്റെ തെക്കേയറ്റം മുതൽ വടക്കേ അറ്റം വരെയുള്ള അമ്മമാരുടെ മഹാസംഗമത്തിന് മലപ്പുറം വേങ്ങരയിൽ നിന്ന് എത്തിയ സുധയും 23 അംഗ സംഘവും സാക്ഷ്യം വഹിക്കുന്നു. വഴി പരിചയമില്ലെങ്കിലും തിരുവനന്തപുരത്തുകാർ സഹായിക്കുമെന്ന ഉറപ്പിലാണ് അവർ എത്തിയത്. ആ സഹകരണം തിരുവനന്തപുരത്ത് കിട്ടുന്നുണ്ട്. വരുംനാളുകളിലും ഈ പുണ്യഭൂമി കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഭക്തലക്ഷങ്ങൾ പൊങ്കാലയ്ക്കായി തയാറെടുത്തു കഴിഞ്ഞു.
നഗരമെങ്ങും ഭക്തിനിർഭരമായ ഒരുക്കങ്ങളിലാണ്. ഒപ്പം കർശന സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവുമുണ്ട്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ (ചൊവ്വാഴ്ച) ലക്ഷക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ ദേവിക്ക് പൊങ്കാല സമർപ്പിക്കും.
രാവിലെ 9.15 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകരും.
ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഭക്തർ തയാറാക്കിയ അടുപ്പുകൾ കത്തിക്കാനുള്ള വിളംബരമായി ഈ സമയം ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപം വായ്ക്കുരകളുടെ അകമ്പടിയിൽ ഏറ്റുവാങ്ങി ഭക്തർ സ്വന്തം അടുപ്പുകളെ ജ്വലിപ്പിക്കും. ഉച്ചയ്ക്ക് 2.15 ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 10.45 ന് മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയൂടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ അഞ്ചിന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് ഒൻപതോടെ ക്ഷേത്രത്തിലെത്തും. ബുധനാഴ്ച രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
സർക്കാർ നിർദേശങ്ങൾ ഇങ്ങനെ
നഗരമെങ്ങും പൊങ്കാലക്കലങ്ങൾ അണിനിരന്നപ്പോൾ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന നിർദേശം നഗരസഭയും നല്‍കിയിട്ടുണ്ട്.
പൊങ്കാല അർപ്പിക്കുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നവർക്കുമുള്ള സർക്കാർ നിർദേശങ്ങൾ
അടുപ്പുകൾക്കായി പച്ചക്കട്ടകൾ ഉപയോഗിക്കാതിരിക്കുവാനും, പൊങ്കാല അർപ്പിക്കുന്നതിൻ്റെ സാധനങ്ങൾ തുണി സഞ്ചിയിലോ പാത്രങ്ങളിലോ കൊണ്ടു വരുന്നതിനും പ്ലാസ്റ്റിക്ക് കവറുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ കൊണ്ടു വരാതിരിക്കാനും ശ്രദ്ധിക്കണം. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുവഴികളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുംവിധവും നടപ്പാതയിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാല ഇടാൻ പാടില്ല.
ഗ്രീൻ പ്രോട്ടോക്കോളനുസരിച്ചും സർക്കാർ ഉത്തരവു പ്രകാരവും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഒഴിവാക്കാൻ അന്നദാനവും ദാഹജലവും മറ്റും നടത്തുന്ന സംഘടനകൾ ശ്രദ്ധിക്കണം. സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കണം.
ക്ഷേത്രദർശനത്തിന് വരുന്നവർ സുരക്ഷിതത്വം കരുതി സ്വർണാഭരണങ്ങളും വിലപ്പിടിപ്പുള്ള സാധനങ്ങശും ഒഴിവാക്കണം.
പൊങ്കാല സമർപ്പിച്ച സ്ഥലത്ത് ആവശ്യം കഴിഞ്ഞ നെയ്യ് കുപ്പി തുടങ്ങിയ അജൈവ മാലിന്യങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനും ഹരിത കർമസേനനയ്ക്ക് കൈമാറുകയും ചെയ്യേണ്ടതാണ്.
തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയവയുടെ വിതരണം ചെയ്യുന്ന വ്യക്തികൾ/ സംഘടനകൾ അവയുടെ അവശിഷ്ടം ശേഖരിക്കുവാൻ മതിയായ അളവിൽ ബിന്നുകൾ സ്ഥാപിക്കേണ്ടതും സംസ്‌കരിക്കേണ്ടതുമാണ്.
പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന അലങ്കാരങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായി ഒഴിവാക്കുക.
പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങൾക്ക് ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ടതാണ്. ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ അനുമതിയും വാങ്ങേണ്ടതുണ്ട്.
കാത്തുനിൽപ്പിൻ്റെയും പ്രാർഥനയുടെയും നിർവൃതിയുമായി, ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് അമ്മമാരാണ് ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി നഗരവീഥികളിൽ ഇടംപിടിച്ചിരിക്കുന്നത്.

