മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ അപകടത്തിൽ രണ്ട് കർണാടക സ്വദേശികൾ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്താനായില്ല
മൂവാറ്റുപുഴ ഭാഗത്തുനിന്നും വന്ന സ്കൂട്ടറിൽ മറ്റൊരു വാഹനം അതിശക്തമായി ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

Published : February 26, 2026 at 10:37 AM IST
എറണാകുളം: എം.സി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനം അതിശക്തമായി ഇടിച്ചാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ നടന്ന ഈ അപകടം നാടിനെ നടുക്കുന്നതായിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നും വന്ന സ്കൂട്ടറിൽ മറ്റൊരു വാഹനം അതിശക്തമായി ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. അപകടത്തിന് കാരണമായ വാഹനം നിർത്താതെ പോയതിനാൽ അത് ഏതുതരത്തിലുള്ള വാഹനമാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മരിച്ച മുത്തൂരാജുവും ശരവണനും പേഴക്കാപ്പിള്ളി പള്ളിപ്പടി ഭാഗത്ത് ജെ.സി.ബി ഓപ്പറേറ്റർമാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ജോലിക്കിടയിലുള്ള യാത്രയ്ക്കിടയിലാണ് മരണം ഇവരെ തേടിയെത്തിയത്. പുലർച്ചെ സമയമായതിനാൽ അപകടം നടന്ന ഉടനെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.
അപകടമുണ്ടാക്കിയ അജ്ഞാത വാഹനത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മറ്റ് വാഹനങ്ങളുടെ ഭാഗങ്ങൾ അവശേഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. രാത്രി സമയമായതിനാൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വാഹനം ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൂവാറ്റുപുഴ പൊലീസ് എസ്എച്ച്ഒ ബേസില്‍ തോമസ് ഇ ടിവി ഭാരതിനോട് പറഞ്ഞു.
എം.സി റോഡിലൂടെ ആ സമയത്ത് കടന്നുപോയ വലിയ വാഹനങ്ങളെയും ചരക്ക് ലോറികളെയും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സഹപ്രവർത്തകരും അധികൃതരും ചേർന്ന് നടത്തിവരികയാണ്.
എം.സി റോഡിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രദേശവാസികളെ വലിയ രീതിയിലുള്ള ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ അമിതവേഗതയിൽ പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. അടുത്തകാലങ്ങളില്‍ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും അപകടങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
Also Read: ഈ കൈകളിൽ കുരുന്നു ജീവൻ സുരക്ഷിതം; വൈറലായി ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ രക്ഷാദൗത്യം

