ETV Bharat / state

കൊടുവള്ളിയിൽ വൻ തീപിടിത്തം; മന്തിക്കട പൂർണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്‌ടം

കടയില്‍ തീപിടിത്തമുണ്ടായത് രാവിലെ 10.30ഓടെ.

FIRE ACCIDENT KOZHIKODE  KODUVALLY FIRE ACCIDENT  MANDI RESTAURANT FIRE ACCIDENT  KOZHIKODE HOTEL FIRE
Photo From The Spot. (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 3:13 PM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: കൊടുവള്ളി ദേശീയപാതയ്‌ക്ക്‌ സമീപമുള്ള കടയില്‍ തീപിടിത്തം. പാലക്കുറ്റിയിലെ മന്തി കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല.

ഇന്ന് (ജനുവരി 05) രാവിലെ പത്തരയോടെയാണ് കടയിൽ അഗ്നിബാധയുണ്ടായത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും മന്തി കടയ്‌ക്കുള്ളിൽ തീ പെട്ടെന്ന് ആളിപ്പടർന്ന് കട മുഴുവനായി കത്തുകയായിരുന്നു.

കൊടുവള്ളിയില്‍ നിന്നുള്ള കാഴ്‌ച. കടയില്‍ തീപിടിത്ത (ETV Bharat)

ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് നരിക്കുനിയിൽ നിന്നും മുക്കത്ത് നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർ യൂണിറ്റിൻ്റെ പരിശോധനകൾക്ക് ശേഷം മാത്രമെ കൃത്യമായ വിവരം അറിയാൻ സാധിക്കുകയുള്ളൂ. കടയ്‌ക്ക് അകത്തുണ്ടായിരുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ്, ഉപകരണങ്ങളും സാധനസാമഗ്രികളും കത്തി നശിച്ചു.

മന്തി കട വൈകുന്നേരം മാത്രമാണ് പ്രവർത്തിച്ച് വന്നിരുന്നത്. കട തുറന്നാല്‍ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്താറുണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് സ്ഥാപനത്തിനുള്ളിൽ വളരെ കുറച്ച് ജീവനക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വലിയ ദുരന്തം ഒഴിവായി.

തീപിടിച്ച കടയ്‌ക്ക് സമീപം നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഫയർ യൂണിറ്റിൻ്റെ അവസരോചിതമായ ഇടപെടലിൽ മറ്റിടങ്ങളിലേക്കൊന്നും തീ പടർന്ന് പിടിച്ചില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം താമരശേരിയിലും വന്‍ തീപിടിത്തമുണ്ടായി. എലോകരയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കൂടാതെ സംസ്‌കരണ കേന്ദ്രത്തിനരികെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനും കത്തി നശിച്ചു. ജനുവരി 01 പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

പരിസരവാസികളാണ് കെട്ടിടത്തിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ നാട്ടുകാര്‍ താമരശേരി പൊലീസിലും മുക്കം ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. വിവരമറിഞ്ഞ ഇരു സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും തീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന ഉടന്‍ തന്നെ തീയണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും സാധിച്ചില്ല.

ഇതോടെ നരിക്കുനി, കോഴിക്കോട് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

Also Read: തൃശൂരില്‍ വൻ തീപിടിത്തം; റെയില്‍വേ പാർക്കിങ്ങില്‍ തീ പടർന്ന് 600ലധികം ബൈക്കുകള്‍ കത്തിനശിച്ചു, അന്വേഷണം